ന്യൂഡൽഹി: ക്രിമിനൽ മാനനഷ്‌ട കേസിൽ ഡൽഹി ഹൈക്കോടതിയുടെ വിധിക്കെതിരെ കെജ്‌രിവാൾ നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി ആറാഴ്‌ചത്തേക്ക് മാറ്റി. കെജ്‌രിവാളിന് വേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക് സിങ്‌വി ഒത്തുതീർപ്പിന് കുറച്ച് സമയം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് നീട്ടിവച്ചത്. ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്‍റേതാണ് ഉത്തരവ്.
'സംഭവത്തില്‍ ഞങ്ങൾ ഖേദം പ്രകടിപ്പിക്കുന്നു. എന്നാൽ പ്രശ്‌നം ഒത്തുതീർപ്പാക്കുന്നതിന് കുറച്ച് സമയം കൂടി നൽകണം' എന്ന് സിങ്‌വി കോടതിയോട് ആവശ്യപ്പെട്ടു. കെജ്‌രിവാളിന് സമയം നൽകുന്നതില്‍ വിരോധമില്ലെന്നും എന്നാൽ കൃത്യമായ സമയപരിധി തീരുമാനിക്കണമെന്ന് വാദി ഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ രാഘവ് അവസ്‌തി പറഞ്ഞു. ട്വീറ്റിൽ കെജ്‌രിവാൾ ഖേദം പ്രകടിപ്പിച്ചെന്നും സിങ്‌വി കോടതിയില്‍ പറഞ്ഞു.
2018ൽ യൂട്യൂബർ ധ്രുവ് രതി പ്രചരിപ്പിച്ച അപകീർത്തികരമായ വീഡിയോ റീട്വീറ്റ് ചെയ്‌തതിനാണ് കെജ്‌രിവാളിനെതിരെ വികാസ് സാംകൃത്യായന്‍ മാനനഷ്‌ടക്കേസ് ഫയൽ ചെയ്‌തത്. ബിജെപിയുടെ ഐടി സെല്ലുമായി ബന്ധപ്പെട്ടതായിരുന്നു വീഡിയോ. വിഷയത്തിൽ പരാതിക്കാരനോട് മാപ്പ് പറയണോയെന്ന് സുപ്രീംകോടതി കെജ്‌രിവാളിനോട് ചോദിച്ചിരുന്നു. തനിക്ക് തെറ്റ് പറ്റിയെന്ന് ഫെബ്രുവരി 26ന് കെജ്‌രിവാൾ കോടതിയെ അറിയിക്കുകയും ചെയ്‌തിരുന്നു.