മാന്ദ്സൗര്‍: മുഖത്ത് കറുത്ത ചായം തേച്ച് ചെരുപ്പ് മാലയണിച്ച് അര്‍ദ്ധനഗ്നനായി ദളിത് യുവാവിനെ തെരുവിലൂടെ നടത്തിച്ചതായി ആരോപണം. ഒരു സ്‌ത്രീയെ ശല്യം ചെയ്തെന്ന് ആരോപിച്ചായിരുന്നു നടപടി. മധ്യപ്രദേശിലെ മാന്ദ്സൗറിലാണ് സംഭവം.
സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകള്‍ ചുമത്തിയും കേസെടുത്തു. രണ്ട് പേരെ പിടികൂടിയിട്ടുമുണ്ട്.
കഴിഞ്ഞാഴ്‌ച ഭാന്‍പുര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഭൈസോദമണ്ഡി ഗ്രാമത്തിലായിരുന്നു സംഭവമെന്ന് പൊലീസ് സൂപ്രണ്ട് അഭിഷേക് ആനന്ദ് പറഞ്ഞു.
അര്‍ദ്ധ നഗ്നനായ യുവാവിനെ ചെരുപ്പ് മാലയണിച്ച് ട്രൗസര്‍ മാത്രം ധരിച്ച് കൊണ്ട് ഗ്രാമവീഥികളിലൂടെ ഒരു കൂട്ടം ആളുകള്‍ നടത്തുന്നതിന്‍റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ മാസം 29ന് ഒരു സ്‌ത്രീ ഇയാള്‍ക്കെതിരെ പരാതി നല്‍കിയ സാഹചര്യത്തിലാണ് ഇത്തരമൊരു അതിക്രമം നടന്നത്. ഇയാള്‍ക്കെതിരെ സ്‌ത്രീത്വത്തെ അപമാനിക്കല്‍ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.
ദളിത് യുവാവിന്‍റെ പരാതിയില്‍ രാമേശ്വര്‍ ഗുര്‍ജാര്‍, ബാലചന്ദ് ഗുര്‍ജ്വാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ദളിത് യുവാവിനെതിരെയുള്ള പരാതിയില്‍ ഇയാള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.