തിരുനെൽവേലി (തമിഴ്‌നാട്): തിരുനെൽവേലിയിലെ കമ്മ്യൂണിസ്‌റ്റ് പാർട്ടി ഓഫീസ് മിശ്രവിവാഹിതയായ യുവതിയുടെ ബന്ധുക്കള്‍ അടിച്ചുതകർത്തു. തിരുനെൽവേലി പാളയംകോട്ടൈ റെയിൽവേ ഫീഡർ റോഡ് നമ്പിക്കായ് നഗർ സ്വദേശി മദനും (28) പെരുമാൾപുരം സ്വദേശി ഉദയ തത്സായിനിയും (23) ഇന്നലെ (ജൂൺ 13) റെട്ടിയാർപട്ടി റോഡിലുള്ള കമ്മ്യൂണിസ്‌റ്റ് പാർട്ടി ഓഫ് ഇന്ത്യ ഓഫീസിൽ വച്ച് വിവാഹിതരായിരുന്നു. ഇതിന് പിന്നാലെയാണ് ഓഫീസ് അടിച്ച് തകര്‍ത്തത്.
മകളെ കാണാനില്ലെന്ന് യുവതിയുടെ വീട്ടുകാർ പെരുമാൾപുരം പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് (ജൂൺ 14) വൈകുന്നേരം സിപിഐയുടെ ഓഫീസിൽ നവദമ്പതികൾ ഉണ്ടെന്ന് യുവതിയുടെ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ഇതേത്തുടർന്ന് യുവതിയുടെ അമ്മയും മുപ്പതിലധികം ബന്ധുക്കളും ഓഫീസിലെത്തി പ്രതിഷേധിച്ചു. ഇതിനിടെ ഓഫീസിലെ ഗ്ലാസുകൾ തകർന്നു. സിപിഐ ഓഫീസിലെ പത്രത്തിന്‍റെ ഓഫീസും അവർ ആക്രമിച്ചു. ചിലർക്ക് പരിക്കേറ്റിട്ടുണ്ട്.
സംഭവത്തില്‍ പാർട്ടി പെരുമാൾപുരം പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തിവരികയാണ്. സിപിഐ ഓഫീസിന് ചുറ്റും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേ സമയം നവദമ്പതികളെ പൊലീസ് സ്‌റ്റേഷനിൽ എത്തിക്കാൻ പാർട്ടി പ്രവർത്തകർക്ക് പൊലീസ് നിർദേശം നൽകിയതായാണ് വിവരം.