ഹൈദരാബാദ്: തെലങ്കാന സ്വദേശിയായ കോണ്‍ട്രാക്‌റ്ററെ കര്‍ണാടകയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ജീഡിമെട്ട്ല സ്വദേശിയായ കുപ്പാള മധുവാണ് (48) കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ 25-നാണ് കര്‍ണാടകയിലെ ബിദറില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്‌ത കാറില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
കല്ല് കൊണ്ട് തലക്കടിയേറ്റതിന്‍റെയും ദേഹത്ത് കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചതിന്‍റെയും പരിക്കുകളുണ്ട്. കോണ്‍ട്രാക്‌റ്റര്‍ ജോലിക്കൊപ്പം ട്രാവല്‍സും നടത്തിയിരുന്നു മധു. ഇതുമായി ബന്ധപ്പെട്ടുള്ള ആവശ്യത്തിനായി കര്‍ണാടകയിലേക്ക് പോയി തിരികെ മടങ്ങവേയാണ് സംഭവം. മെയ് 24നാണ് മധു കര്‍ണാടകയിലെ ബിദറിലേക്ക് പോയത്.
ചിന്തൽ സ്വദേശികളായ രേണുക പ്രസാദ്, വരുൺ, ലിഖിത് സിദ്ധാർഥ റെഡ്ഡി എന്നിവര്‍ക്കൊപ്പമാണ് മധു യാത്ര തിരിച്ചത്. രാത്രി 10 മണിക്ക് ഭാര്യ മധുവിന്‍റെ ഫോണില്‍ വിളിച്ചപ്പോള്‍ ഹൈദരാബാദിലേക്ക് തിരികെ മടങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഒരു മണിക്കൂറിന് ശേഷം ഭാര്യ വീണ്ടും ബന്ധപ്പെട്ടെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ഇതിന് പിന്നാലെ തൊട്ടടുത്ത ദിവസം രാവിലെയാണ് മധുവിന്‍റെ മൃതദേഹം മണ്ണേക്കല്ലി പൊലീസ് സ്‌റ്റേഷന് സമീപത്ത് നിര്‍ത്തിയിട്ട കാറില്‍ കണ്ടെത്തിയത്. മധുവിനൊപ്പം യാത്ര ചെയ്‌തവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
കൊലപാതകത്തിന് പിന്നാലെ മധുവിന്‍റെ ദേഹത്തുണ്ടായിരുന്ന 6 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും വാഹനത്തിലുണ്ടായിരുന്ന പണവും മോഷണം പോയിട്ടുണ്ട്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. മാത്രമല്ല മധുവിനൊപ്പം യാത്ര ചെയ്‌ത മൂവര്‍ സംഘമായിരിക്കാം കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് വിലയിരുത്തല്‍. സംഘത്തിനായുള്ള തിരച്ചിലിലാണ് പൊലീസ്.