2019ൽ ആർട്ടിക്കിൾ 370 റദ്ദാക്കി 5 വർഷത്തിന് ശേഷമാണ് കശ്‌മീര്‍ ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. വോട്ട് ചെയ്യാനോ മത്സരിക്കാനോ ഇനി ആരെയും ഭയക്കേണ്ട എന്ന സ്ഥിതിയിലേക്ക് കശ്‌മീർ എത്തിയിരിക്കുന്നു. വോട്ട് ചെയ്യലും മത്സരിക്കലും ഒരുകാലത്ത് കശ്‌മീരില്‍ നിരോധിക്കപ്പെട്ടതും വിശ്വാസ വഞ്ചനയായി കണക്കാക്കപ്പെട്ടതുമായിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലൊഴികെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി വോട്ടിങ് ശതമാനം ഇവിടെ വളരെ കുറവായിരുന്നു. 2024ല്‍ മികച്ച പോളിങ്ങാണ് കശ്‌മീരില്‍ രേഖപ്പെടുത്തിയത്. പാർലമെന്‍റ് തെരഞ്ഞെടുപ്പിലെ വിജയം, നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രചരണം നടത്താനും വീടുതോറും കയറിയിറങ്ങി വോട്ട് തേടാനും റോഡ് ഷോകളും റാലികളും സംഘടിപ്പിക്കാനും കശ്‌മീരിന് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്.
കശ്‌മീരിലെ തെരഞ്ഞെടുപ്പ് : തങ്ങളുടെ രാഷ്‌ട്രീയ - ഉദ്യോഗസ്ഥ ബന്ധങ്ങൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടി പട്ടികയിൽ തങ്ങളുടെ പേരുകൾ ഇല്ലായെന്ന് ജീവനക്കാര്‍ ഉറപ്പുവരുത്തിയിരുന്ന ഒരു കാലം കശ്‌മീരിനുണ്ടായിരുന്നു. നിരവധി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലിരിക്കെ കൊല്ലപ്പെട്ടിട്ടുള്ളതുകൊണ്ട് അവരുടെ ഭയം അടിസ്ഥാന രഹിതമാണെന്ന് പറയാനുമാവില്ല. ജോലിയുടെ ഭാഗമായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയവര്‍ പോലും കൊല്ലപ്പെടുന്നുവെന്നത് ഭീതിദമായിരുന്നു.
മുൻകാല രാഷ്‌ട്രീയ സമവാക്യം: കശ്‌മീരില്‍ മത്സരത്തിന്‍റെ അഭാവം മൂലം പ്രാദേശിക പാർട്ടികളാണ് തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ എന്നും മേല്‍ക്കൈ നേടിയിരുന്നത്. മുൻ വിഘടനവാദി ഘടകങ്ങളുടെ പ്രതികാരം ഭയന്ന് വോട്ടർമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു പതിവ്. വിഘടനവാദ ഗ്രൂപ്പുകളും അവരുടെ സഖ്യകക്ഷികളും തെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്യുന്നതോടെ നാഷണൽ കോൺഫറൻസ് (എൻസി), ജമ്മു കശ്‌മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) തുടങ്ങിയ പാർട്ടികൾക്ക് അവസരം തുറന്നു നല്‍കും.
എന്നിരുന്നാലും ഇത്തവണ സ്ഥിതിഗതികൾ തലകീഴായി. കൂടാതെ, കൂടുതൽ ആളുകൾക്ക് പുറത്തുവരാനും വോട്ടുചെയ്യാനും ആത്മവിശ്വാസം കാണിക്കുന്നതിനാല്‍ അബ്‌ദുള്ളയെയും മുഫ്‌തിയെയും പോലുള്ള വമ്പന്‍മാര്‍ക്ക് അനുകൂലമല്ല സാഹചര്യം.
'കശ്‌മീരിൻ്റെ ആശയം' നാഷണൽ കോൺഫറൻസ്, പീപ്പിൾസ് കോൺഫറൻസ്, പിഡിപി തുടങ്ങിയ പരമ്പരാഗത പാർട്ടികൾ, മുമ്പ് ബഹിഷ്‌കരണം പ്രഖ്യാപിച്ച ക്യാമ്പിനെ പ്രതിനിധീകരിച്ച ചില സ്വതന്ത്രരുമായി വൈരുദ്ധ്യത്തിലാണ്. ഈ വർഷം ആദ്യം വടക്കൻ കശ്‌മീരിലെ ബാരാമുള്ള ലോക്‌സഭ സീറ്റിൽ ഒമർ അബ്‌ദുള്ളയെയും സജാദ് ലോണിനെയും പരാജയപ്പെടുത്തിയ എഞ്ചിനീയർ റാഷിദ് എന്നറിയപ്പെടുന്ന ഷെയ്ഖ് റാഷിദാണ് ഇത്തവണത്തെ പ്രധാന കളിക്കാരിൽ ഒരാൾ.
തിഹാർ ജയിലിൽ നിന്ന് ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങിയ റാഷിദ് നിരോധിത സംഘടനയായ ജമാഅത്തെ ഇസ്‌ലാമി പിന്തുണയ്ക്കുന്ന സ്ഥാനാർഥികളുമായി സഖ്യത്തിലാണ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. പൊതു തെരഞ്ഞെടുപ്പിലെ റാഷിദിന്‍റെ വിജയം അക്ഷരാര്‍ഥത്തില്‍ അബ്‌ദുള്ളയെയും ലോണിനെയും മുഫ്‌തിയെയും ഞെട്ടിച്ചിച്ചിരുന്നു.
വോട്ടർമാരുടെ വിശ്വസ്‌തത പാർട്ടികൾക്കൊപ്പമാണെന്നും ‘കശ്‌മീർ എന്ന ആശയ'ത്തോട് അല്ലെന്നും ധരിച്ച് അവർ വോട്ടർമാരെ നിസാരമായി കാണുകയായിരുന്നു. അതേസമയം റാഷിദ് 'കശ്‌മീർ എന്ന ആശയം' ആണ് ഉയർത്തിപ്പിടിച്ചത്. ഇതിലൂടെ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ തന്‍റെ ലക്ഷ്യത്തിലേക്കുള്ള നാഴികക്കല്ല് താണ്ടാന്‍ റാഷിദിന് കഴിഞ്ഞിട്ടുമുണ്ട്.
എഞ്ചിനീയർ റാഷിദ്: അബ്‌ദുള്ള, മുഫ്‌തി, ലോൺ എന്നിവര്‍ക്കെല്ലാം മുമ്പ് ബിജെപിയുമായി സഖ്യമുണ്ടായതിനാൽ, ജമാഅത്തിന്‍റെയോ റാഷിദിന്‍റെയോ പിന്തുണയുള്ള സ്വതന്ത്രർക്ക് ശേഷം ഒരു രണ്ടാം ഓപ്‌ഷനായി മാത്രമേ ആളുകൾ അവരെ കണ്ടിരുന്നുള്ളൂ. ജമ്മുവിൽ നിന്ന് വ്യത്യസ്‌തമായി, തെരഞ്ഞെടുപ്പുകൾ ഭൂമിയിൽ മാറ്റം കൊണ്ടുവരാനുള്ള സാധ്യതയുള്ള ഉപകരണമാണെന്ന് കശ്‌മീരികള്‍ വിശ്വസിക്കുന്നതിനാല്‍ 'കശ്‌മീരിന്‍റെ ആശയം' പ്രതിധ്വനിക്കുന്ന സ്ഥാനാർഥികളെയാണ് തിരയുക. എഴുത്തും വായനയും അറിയുന്ന, അഭ്യസ്ഥവിദ്യനായ, ജയിലിൽ കഴിഞ്ഞിട്ടുള്ള റഷീദ് അതിന് അനുയോജ്യമാണ്താനും. അതേസമയം, കശ്മീരിൽ നിറഞ്ഞുനിൽക്കുന്ന സംശയം റാഷിദിനെപ്പോലുള്ള വ്യക്തികളെ ബിജെപി ഏജന്‍റായി ടാർഗെറ്റ് ചെയ്യപ്പെടാനും മുദ്രകുത്തപ്പെടാനും പോന്നതാണ്.
പ്രാദേശിക പാർട്ടികൾ തമ്മിലുള്ള വോട്ടുകൾ ഭിന്നിക്കുമെന്നും പിന്നീട് ബിജെപിയുമായുള്ള ബന്ധം പ്രഖ്യാപിക്കാൻ കഴിയുന്ന തരത്തില്‍ പുതിയ സ്ഥാനാർഥികൾക്ക് വഴിയൊരുങ്ങുമെന്നുമുള്ള കണക്കുകൂട്ടലില്‍ ബിജെപി കശ്‌മീരിലെ പല സീറ്റുകളിലും മത്സരിക്കുന്നില്ല. പ്രോക്‌സികളിലൂടെയാണ് ബിജെപിയുടെ കളി. ഇതാണ് ഫാറൂഖ് അബ്‌ദുള്ളയെപ്പോലുള്ള രാഷ്‌ട്രീയക്കാർ ചൂണ്ടിക്കാണിക്കുന്നത്.
പൈതൃകത്തിന് വേണ്ടിയുള്ള പോരാട്ടം: രണ്ടാം തലമുറയിലെയും മൂന്നാം തലമുറയിലെയും പല രാഷ്‌ട്രീയക്കാരുടെയും രാഷ്‌ട്രീയ ജീവിതം അപകടത്തിലാണ്. ലോൺസും അബ്‌ദുള്ളയും അവരുടെ കരിയർ രക്ഷിക്കാൻ രണ്ട് സീറ്റുകളിൽ മത്സരിക്കുന്നു. പിസിയുടെയും എൻസിയുടെയും മറ്റ് രണ്ട് പാരമ്പര്യ നേതാക്കളെ മറികടക്കണമെന്ന ലക്ഷ്യത്തോടെ, മെഹബൂബ സ്വയം തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും മകൾ ഇൽതിജ മുഫ്‌തിയെ തന്‍റെ തട്ടകമായ ബിജ്ബെഹറയിൽ ഇറക്കുകയും ചെയ്‌തു.
മുഫ്‌തിയെ സംബന്ധിച്ച് ഏറ്റവും സുരക്ഷിത മണ്ഡലവും അതുതന്നെയാണ്. അവരുടെ പിതാവ് മുഫ്‌തി സയീദ് ഒരിക്കൽ മത്സരിച്ച് വിജയിച്ച മണ്ഡലമാണ് ബിജ്ബെഹറ. സയ്യിദിനെ അവിടെ അടക്കം ചെയ്‌തിരിക്കുന്നതും ഇതേ മണ്ഡലത്തിലാണ്. ശ്രീനഗർ ജമ്മു ദേശീയ പാതയ്ക്ക് അഭിമുഖമായി നിൽക്കുന്ന മുഫ്‌തിയുടെ ശവകുടീരം ജൂനിയർ മുഫ്‌തിയുടെ വോട്ടിന്‍റെ അടിത്തറ ആയേക്കാം.
അതേസമയം മുഫ്‌തിയെപ്പോലെ, താമസിക്കുന്ന മണ്ഡലം തട്ടകമാക്കാന്‍ ഒമർ അബ്‌ദുള്ളയ്ക്ക് സാധിച്ചില്ല. നിലവിലെ സാഹചര്യത്തില്‍ സോൻവാർ (ശ്രീനഗര്‍) അത്ര സുരക്ഷിതമല്ലെന്ന് അദ്ദേഹത്തിന് തോന്നി. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഒമർ അബ്‌ദുള്ള ഗന്ദർബാലിൽ മത്സരിക്കുന്നത്. 2002ൽ, അന്ന് അത്ര പ്രമുഖനല്ലാത്ത പിഡിപിയുടെ ഖാസി അഫ്‌സൽ അദ്ദേഹത്തെ പരാജയപ്പെടുത്തി.
അധികാരപത്രം തകരുമെന്നും സഖ്യം സർക്കാർ രൂപീകരിക്കുമെന്നും അറിയുന്നതുകൊണ്ട് എല്ലാ പൈതൃക പാർട്ടികളും തങ്ങളുടെ നിലനിൽപ്പിനായി പരിശ്രമിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തവണ കാര്യങ്ങൾ എങ്ങനെ മുന്നോട്ട് പോകുന്നുവെന്നും ഏത് അച്ചുതണ്ട് ഒടുവിൽ വിജയിക്കുമെന്നും അടുത്ത പ്രവർത്തന ഗതി സജ്ജീകരിക്കുമെന്നും നോക്കിക്കാണുന്നത് കൗതുകകരമാണ്. വോട്ടര്‍മാരുടെ പങ്കാളിത്തം എഞ്ചിനീയർ റാഷിദിനും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർക്കും ഇത്തവണ നിർണായകമാകും. കാരണം കുറഞ്ഞ വോട്ടിങ് പഴയ ഗാർഡുകൾക്കാകും ഗുണം ചെയ്യുക.
Also Read: ജമ്മു കശ്‌മീര്‍ തെരഞ്ഞെടുപ്പ്; ശ്രീനഗറിലെ റാലിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി