ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് ഗുരുതരമായ ഭരണഘടനാ പ്രതിസന്ധി ഉടലെടുത്തതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ബിജെപിയുടെ ഭീഷണിയും സമ്മർദവും കാരണം ജോലിയില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നതാണ് ഭരണഘടനാ പ്രതിസന്ധിയിലേക്ക് വഴിതെളിയിക്കുന്നത്.
ഡൽഹിക്ക് പൂർണ സംസ്ഥാന പദവി ലഭിക്കാത്തതാണ് പ്രശ്‌നത്തിന് കാരണമായത്, യഥാർത്ഥ അധികാരം മറ്റൊരു പാർട്ടിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനാണ്. 'തെരഞ്ഞെടുക്കപ്പെട്ട സർക്കാർ അതിന്‍റെ ജോലി ചെയ്യുന്നത് മറ്റ് പാർട്ടി ആഗ്രഹിക്കുന്നില്ല, ഡൽഹി നിയമസഭയിലെ പ്രസംഗത്തിനിടെ അദ്ദേഹം പറഞ്ഞു.
വാട്ടർ ബില്ലുകൾ ശരിയാക്കാനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ചില ഉദ്യോഗസ്ഥർ തടസപ്പെടുത്തുകയാണെന്നും കെജ്‌രിവാൾ പറഞ്ഞു. ബിജെപിയുടെ സമ്മർദത്തിന് വഴങ്ങിയാണ് വെള്ളക്കരം ശരിയാക്കാനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി തടയാൻ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
ഉദ്യോഗസ്ഥർ ജോലി ചെയ്യാൻ തയ്യാറാകാത്തത് ഡൽഹിയിൽ ഗുരുതരമായ ഭരണഘടനാ പ്രതിസന്ധിക്ക് കാരണമായെന്നും കെജ്‌രിവാൾ അവകാശപ്പെട്ടു. പദ്ധതിയുടെ അനുമതിക്കായി ഉദ്യോഗസ്ഥരെ വിളിക്കാൻ ലഫ്റ്റനന്‍റ് ഗവർണർ വി കെ സക്‌സേനയോട് അഭ്യർത്ഥിച്ച അദ്ദേഹം ഈ പദ്ധതിയുടെ പ്രയോജനം 10.5 ലക്ഷം കുടുംബങ്ങൾക്ക് ലഭിക്കുമെന്നും കൂട്ടിച്ചേർത്തു.