ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിനായി തന്ത്രങ്ങള്‍ മെനയാന്‍ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിനായി ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉദയ് ഭാനു, നിയമസഭ പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ എന്നിവര്‍ ഡല്‍ഹിയിലെത്തി.
സെപ്‌റ്റംബര്‍ 2ന് ഹിമാചല്‍ഭവനിലാണ് യോഗം ചേരുക. മത്സരത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി നേരത്തെ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ട വേളയില്‍ ഹരിയാനയുടെ ചുമതലയുള്ള എഐസിസി അംഗം ദീപക് ബാബറിയ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ 60 ശതമാനത്തിലേറെ ജോലികള്‍ പൂര്‍ത്തിയായി. തെരഞ്ഞെടുപ്പിന് തങ്ങള്‍ പൂര്‍ണ സജ്ജമാണെന്നും ബാബറിയ അറിയിച്ചു.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ കുറിച്ച് വിശദീകരിച്ച ബാബറിയ ബിജെപിയെ വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷനെ നിയന്ത്രിക്കുന്നത് ബിജെപിയാണെന്ന അദ്ദേഹം പറഞ്ഞു. ഇത് തെരഞ്ഞെടുപ്പ് കമ്മിഷനല്ലെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇത് ബിജെപി കമ്മിഷനാണെന്നും ബാബറിയ പറഞ്ഞു. പാര്‍ലമെന്‍റ് അംഗങ്ങളായ കോണ്‍ഗ്രസുകാരാരും തന്നെ നിയമസഭയിലേക്ക് ജനവിധി തേടുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
നേരത്തെ ഹരിയാനയില്‍ നിന്നുള്ള നിരവധി ബിജെപി നേതാക്കള്‍ കേന്ദ്രമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ ജെപി നദ്ദയുടെ വസതിയില്‍ പാര്‍ട്ടിയുടെ ഹരിയാന കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ജെപി നദ്ദയുടെയും അധ്യക്ഷതയിലായിരുന്നു ബിജെപി യോഗം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സംഘടന ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ്, ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി, മുന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടാര്‍, സംസ്ഥാന അധ്യക്ഷന്‍ മോഹന്‍ലാല്‍ ബദോളി തുടങ്ങിയവരും യോഗത്തിനെത്തിയിരുന്നു.
ഹരിയാന തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനനായക് ജനത പാര്‍ട്ടി (ജെജെപി) ചന്ദ്രശേഖര്‍ ആസാദിന്‍റെ ആസാദ് സമാജ് പാര്‍ട്ടി (കാന്‍ഷി റാം) തുടങ്ങിയവരും തങ്ങളുടെ തെരഞ്ഞെടുപ്പ് സഖ്യം പ്രഖ്യാപിച്ച് കഴിഞ്ഞു. സഖ്യം 90 നിയമസഭ മണ്ഡലങ്ങളിലും മത്സരിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. ജെജെപി 70 സീറ്റുകളിലും ആസാദ് സമാജ് പാര്‍ട്ടി (കാന്‍ഷിറാം) ബാക്കിയുള്ള 20 സീറ്റിലും ജനവിധി തേടും.
ഒക്‌ടോബര്‍ 1നാണ് ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ്. നാലിനാണ് വോട്ടെണ്ണല്‍. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക.
Also Read: തെരഞ്ഞെടുപ്പിനൊരുങ്ങി ജമ്മു കശ്‌മീര്‍; കനത്ത സുരക്ഷയൊരുക്കി പൊലീസ്