ജമ്മു : ജമ്മു കശ്‌മീരിൽ വർധിച്ചുവരുന്ന തീവ്രവാദ സംഭവങ്ങൾക്കെതിരെ ജമ്മു കശ്‌മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി നേതാക്കളും പ്രവർത്തകരും വ്യാഴാഴ്‌ച (ജൂലൈ 11) പാർട്ടി ഓഫിസിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ഭീകരാക്രമണങ്ങൾ തടയുന്നതിൽ കേന്ദ്ര സർക്കാരിന്‍റെയും യൂണിയൻ ടെറിറ്ററി ഭരണകൂടത്തിന്‍റെയും പരാജയത്തെ അപലപിച്ചാണ് പ്രതിഷേധ പ്രകടനം നടത്തിയത്. പ്രദേശം, സാധാരണ നിലയിലാണെന്ന തെറ്റായ അവകാശവാദങ്ങൾക്കിടയിലും ജമ്മു മേഖലയിൽ തീവ്രവാദം വ്യാപിച്ചതിന് പ്രവർത്തകർ സർക്കാരിനെ ചോദ്യം ചെയ്‌തു.
പ്രതിഷേധത്തിന് നേതൃത്വം നൽകിയ ജെകെപിസിസി പ്രസിഡന്‍റ് വികാരർ റസൂൽ വാനി ജമ്മു മേഖലയിലെ സുരക്ഷ സ്ഥിതി മോശമായതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തുകയും, നടന്നുകൊണ്ടിരിക്കുന്ന ശ്രീ അമർനാഥ് യാത്രയും തുടർന്നുള്ള നിയമസഭ തെരഞ്ഞെടുപ്പുകളും കൃത്യസമയത്ത് സുഗമമായി നടത്തുന്നതിന് ഫൂൾ പ്രൂഫ് ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതുവരെ സമാധാനം നിലനിന്നിരുന്ന ജമ്മു മേഖലയിൽ ധീര ജവാന്മാർക്ക് ജീവൻ നഷ്‌ടപ്പെട്ടതിൽ അതീവ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വികാർ റസൂൽ വാനി ഭീകരതയേയും, ഭീകരത സ്‌പോൺസർ ചെയ്യുന്നതിൽ പാകിസ്ഥാനെയും അപലപിക്കുകയും, ജമ്മു മേഖലയിലെ തീവ്രവാദം വ്യാപിക്കുന്നത് തടയുന്നതിൽ മോദി സർക്കാരും യൂണിയൻ ടെറിറ്ററി ഭരണകൂടവും സമ്പൂർണ പരാജയമാണെന്നും വ്യക്തമാക്കി. രണ്ട് വർഷത്തിനിടെ മേഖലയിൽ 42ലധികം ജവാൻമാരാണ് രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ചത്. അതേസമയം സർക്കാർ തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ച് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന് പ്രതിഷേധത്തിനിടെ വികാർ റസൂൽ വാനി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തീവ്രവാദം നിയന്ത്രിക്കുന്നതിനും അമർനാഥ് യാത്രയും തുടർന്നുള്ള നിയമസഭ തെരഞ്ഞെടുപ്പുകളും കാലതാമസമില്ലാതെ സുഗമമായി നടത്തുന്നതിന് സുരക്ഷ വിദഗ്‌ധരുമായി കൂടിയാലോചിച്ച് സർക്കാർ ഫലപ്രദമായ തന്ത്രം ആവിഷ്‌കരിക്കണം. കത്വ ആക്രമണത്തിൽ വീരമൃത്യ വരിച്ച ധീര ജവാന്മാരെ ജെകെപിസിസി നേതാക്കൾ അഭിവാദ്യം ചെയ്‌തു.
Also Read: കശ്‌മീര്‍ വിട്ട് ഭീകരര്‍ ജമ്മുവിലേക്ക്; ഭീകരതയുടെ പ്രഭവ കേന്ദ്രം മാറുന്നു