ന്യൂഡൽഹി : ലോക്‌സഭ തെരഞ്ഞെടുപ്പ് എട്ട് മാസം കൂടി കഴിഞ്ഞാണ് നടന്നിരുന്നതെങ്കിൽ ബിജെപി 120 സീറ്റിൽ കൂടുതൽ നേടുമായിരുന്നില്ലെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. ഏഴ് സംസ്ഥാനങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പിൽ 13ൽ 10 സീറ്റുകളും ഇന്ത്യ സഖ്യം നേടിയ പശ്ചാത്തലത്തിലാണ് സന്ദീപ് ദീക്ഷിതിന്‍റെ പരാമര്‍ശം. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ ഗ്രാഫ് ഇടിയുകയാണെന്നും ദീക്ഷിത് കൂട്ടിച്ചേര്‍ത്തു.
'ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഉപതെരഞ്ഞെടുപ്പില്‍ 5 സംസ്ഥാനങ്ങളിലായി ഞങ്ങൾ 10 സീറ്റുകൾ നേടി. ബിജെപിയുടെ ഗ്രാഫ് ഇടിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ഇത് വ്യക്തമാക്കുന്നു. 6-8 മാസങ്ങൾക്ക് ശേഷമാണ് ലോക്‌സഭ തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചിരുന്നത് എങ്കിൽ 120 സീറ്റില്‍ കൂടുതല്‍ ബിജെപി വിജയിക്കില്ലായിരുന്നു'- സന്ദീപ് ദീക്ഷിത് പറഞ്ഞു.
'എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആദ്യമായി ബിജെപിയേക്കാൾ മികച്ച പ്രകടനം മറ്റ് എന്‍ഡിഎ പാര്‍ട്ടികള്‍ കാഴ്‌ചവെക്കുകയാണ്. ബിജെപി അവരെ പൂർണമായും ആശ്രയിക്കുന്ന കാഴ്‌ചയാണ് കാണുന്നത്. ബിജെപിയുടെ ഒന്നിലധികം അവയവങ്ങൾ തകരാറിലായിരിക്കുകയാണ്. ഒന്നിലധികം സംസ്ഥാനങ്ങളിൽ അവര്‍ പരാജയപ്പെട്ടു. ഉടൻ തന്നെ അവരെ ഐസിയുവിലേക്ക് കൊണ്ടുപോകേണ്ടി വരും.'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഹാർ, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവയുൾപ്പടെ ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ടെണ്ണം മാത്രമാണ് ബിജെപിക്ക് നേടാനായത്.