ന്യൂഡല്‍ഹി: സഭാ അധ്യക്ഷന് പാർട്ടിയില്ലാത്തതിനാൽ ലോക്‌സഭാ സ്‌പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ നിർബന്ധിക്കരുതെന്ന് പാർലമെന്‍ററി കാര്യ മന്ത്രി കിരൺ റിജിജു കോൺഗ്രസിനോട് അഭ്യർത്ഥിച്ചു. 48 വർഷത്തിന് ശേഷം ലോക്‌സഭാ സ്‌പീക്കർ സ്ഥാനത്തേക്ക് മല്‍സരത്തിന് കളമൊരുങ്ങുന്ന സാഹചര്യത്തിലാണ് പാര്‍ലമെന്‍ററി കാര്യ മന്ത്രിയുടെ അഭ്യര്‍ത്ഥന. എൻഡിഎ നിര്‍ദേശിച്ച ഓം ബിർളയ്‌ക്കെതിരെ കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് കൂടി സ്പീക്കര്‍ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെയാണ് റിജിജുവിന്‍റെ പ്രസ്താവന.
'സ്‌പീക്കർ പദവിയുടെ അന്തസ് സൂക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്നും, സ്‌പീക്കർ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്തരുതെന്നും അഭ്യർത്ഥിക്കുന്നു. ഈ സ്ഥാനം ഒരു പാർട്ടിയുടേതല്ല. സ്‌പീക്കർ സ്ഥാനം സംബന്ധിച്ച് സമവായത്തിനായി സർക്കാർ കഴിഞ്ഞ രണ്ട് ദിവസമായി പ്രതിപക്ഷ പാർട്ടികളുമായി ബന്ധപ്പെട്ടിരുന്നു.
'സ്‌പീക്കർ ഏകകണ്‌ഠമായും എതിരില്ലാതെയും തെരഞ്ഞെടുക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നു, അതിനാൽ അവരുമായി ബന്ധപ്പെട്ടു. ഇന്ന് കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. സ്‌പീക്കറെ പിന്തുണയ്ക്കാൻ അവരോട് അഭ്യർത്ഥിച്ചു." അവർ പിന്തുണയ്ക്കുന്നതിനു പകരം ഡെപ്യൂട്ടി സ്‌പീക്കർ സ്ഥാനം വേണമെന്ന് ആവശ്യം ഉന്നയിച്ചതായും റിജിജു പറഞ്ഞു'.
സ്‌പീക്കർ, ഡെപ്യൂട്ടി സ്‌പീക്കർ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വ്യത്യസ്‌ത പ്രക്രിയകളാണെന്നും രണ്ടും യോജിപ്പിക്കുന്നത് അനുചിതമാണെന്നാണ് എൻഡിഎ നേതാക്കളുടെ പക്ഷമെന്നും മന്ത്രി പറഞ്ഞു. അവരുടെ വ്യവസ്ഥകൾ അംഗീകരിച്ചില്ലെങ്കിൽ സ്‌പീക്കർ സ്ഥാനത്തേക്ക് എൻഡിഎ സ്ഥാനാർഥിയ്‌ക്ക് പിന്തുണ നൽകില്ലെന്നാണ് കോൺഗ്രസ് പാർട്ടിയുടെ മനോഭാവമെന്ന് റിജിജു കൂട്ടിചേര്‍ത്തു.
അതേസമയം സ്പീക്കര്‍ സ്ഥാനത്തേക്ക് മല്‍സരവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കോണ്‍ഗ്രസ് തീരുമാനം. നാളെ ലോക്‌സഭയിൽ ഹാജരാകാൻ എംപിമാർക്ക് കോൺഗ്രസ് വിപ്പ് നൽകി.സ്പീക്കര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിക്കുന്നകാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി. പെട്ടെന്ന് തീരുമാനമെടുക്കേണ്ടി വന്നതിനാലാണ് ചര്‍ച്ച ചെയ്യാന്‍ പറ്റാതെ പോയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മറുപടി നല്‍കി. സഹായം അഭ്യര്‍ത്ഥിച്ച് കൊടിക്കുന്നില്‍ സുരേഷും രാഹുല്‍ ഗാന്ധിയും തൃണമൂല്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ALSO READ: ലോക്‌സഭ സ്‌പീക്കര്‍: മത്സരം ഇത് മൂന്നാം തവണ; ഒരുങ്ങി ഓം ബിര്‍ളയും കൊടിക്കുന്നിൽ സുരേഷും