മുംബൈ (മഹാരാഷ്‌ട്ര) : മുൻ മുംബൈ എംപിയും നേതാവുമായ സഞ്ജയ് നിരുപമിനെ കോൺഗ്രസ് ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കി. സഖ്യകക്ഷിയായ ശിവസേനയെ (യുബിടി) ലക്ഷ്യമിട്ട് നടത്തിയ പരാമർശത്തിൽ പാർട്ടിയുടെ രോഷം ഏറ്റുവാങ്ങിയ സഞ്‌ജയ് നിരുപം, പാർട്ടിയിൽ നിന്ന് രാജിവച്ചതിന് പിന്നാലെയാണ് തന്നെ പുറത്താക്കിയതെന്ന് വ്യാഴാഴ്‌ച (മാർച്ച് 4) എക്‌സിൽ കുറിച്ചു.
അച്ചടക്കമില്ലായ്‌മയുടെയും പാർട്ടി വിരുദ്ധ പ്രസ്‌താവനകളുടെയും പരാതിയെ തുടർന്ന് സഞ്ജയ് നിരുപമിനെ ആറ് വർഷത്തേക്ക് പുറത്താക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ബുധനാഴ്‌ച (മാർച്ച് 3) അംഗീകാരം നൽകിയിരുന്നതായി പാർട്ടിയുടെ ഔദ്യോഗിക വാർത്താക്കുറിപ്പിൽ പറയുന്നു. ശിവസേനയിൽ നിന്ന് രണ്ട് തവണ രാജ്യസഭ എംപിയും കോൺഗ്രസിന്‍റെ മുൻ മുംബൈ നോർത്ത് ലോക്‌സഭ എംപിയുമാണ് സഞ്ജയ് നിരുപം.
'ഇന്നലെ രാത്രി പാർട്ടിക്ക് എന്‍റെ രാജിക്കത്ത് ലഭിച്ചയുടനെ, അവർ എന്നെ പുറത്താക്കാൻ തീരുമാനിച്ചതായി തോന്നുന്നു. നടപടിയില്‍ സന്തോഷം' എന്ന് കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് സഞ്ജയ് നിരുപം അദ്ദേഹത്തിന്‍റെ എക്‌സിൽ കുറിച്ചു.
താരപ്രചാരകനെന്ന നിലയിൽ സഞ്ജയ് നിരുപമിന്‍റെ പേര് കോൺഗ്രസ് ഒഴിവാക്കിയത് പ്രതിസന്ധി രൂക്ഷമാകുന്നതിന്‍റെ സൂചനയാണ്. പാർട്ടി ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ, സ്വയം രക്ഷിക്കാൻ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് സഞ്ജയ് നിരുപം പറഞ്ഞിരുന്നു.
ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള മഹാവികാസ് അഘാഡി സഖ്യത്തിൻ്റെ സീറ്റ് വിഭജന ചർച്ചയ്ക്കിടെ മുംബൈയിലെ മണ്ഡലങ്ങൾ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള പാർട്ടിക്ക് വിട്ടുകൊടുത്തതിന് മഹാരാഷ്ട്ര കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചതോടെ സഞ്ജയ് നിരുപമിനെതിരെ നടപടി വേണമെന്ന ആവശ്യം ഉയർന്നിരുന്നു. താരപ്രചാരകരുടെ പട്ടികയിൽ നിന്ന് നിരുപമിൻ്റെ പേര് കോൺഗ്രസ് ഒഴിവാക്കിയെന്നും പാർട്ടിക്കും സംസ്ഥാന യൂണിറ്റ് നേതൃത്വത്തിനും എതിരായ പ്രസ്‌താവനകളുടെ പേരിൽ അദ്ദേഹത്തിനെതിരെ അച്ചടക്കനടപടി സ്വീകരിച്ചിട്ടുണ്ടെന്നും പാർട്ടിയുടെ പ്രചാരണ യോഗത്തിൽ പങ്കെടുത്ത ശേഷം സമിതി മുംബൈയിൽ മാധ്യമങ്ങളോട് പറഞ്ഞു.
സഞ്ജയ് നിരുപം ഉറ്റുനോക്കുന്ന മുംബൈ നോർത്ത് വെസ്‌റ്റ് സീറ്റ് ഉൾപ്പെടെ ആറ് ലോക്‌സഭ സീറ്റുകളിൽ നാലിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ സഞ്ജയ് നിരുപം കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. മുംബൈയിൽ ഏകപക്ഷീയമായി സ്ഥാനാർഥികളെ നിർത്താനുള്ള ശിവസേനയുടെ (യുബിടി) തീരുമാനം അംഗീകരിക്കുന്നത് കോൺഗ്രസിനെ നശിപ്പിക്കുന്നതിന് തുല്യമാണെന്ന് മുൻ മുംബൈ കോൺഗ്രസ് അധ്യക്ഷൻ അവകാശപ്പെട്ടു.
മുൻ ശിവസേന അംഗം കൂടിയായ സഞ്ജയ് നിരുപം 2005 ൽ ശിവസേന വിട്ടിരുന്നു. ഉത്തരേന്ത്യൻ വഴിവാണിഭക്കാരുടെ പ്രശ്‌നം ഏറ്റെടുക്കുകയും പിന്നീട് അദ്ദേഹം കോൺഗ്രസിൽ ചേരുകയും ചെയ്‌തു. 2009 ൽ മുംബൈ നോർത്ത് സീറ്റിൽ നിന്ന് അദ്ദേഹം വിജയിച്ചു. 2014 ലെ തെരഞ്ഞെടുപ്പിൽ ഇതേ മണ്ഡലത്തിൽ നിന്ന് ബിജെപിയുടെ ഗോപാൽ ഷെട്ടിക്കെതിരെ സഞ്ജയ് നിരുപം പരാജയപ്പെട്ടിരുന്നു.
ALSO READ : അരവിന്ദ് കെജ്‌രിവാളിന് ഐക്യദാർഢ്യവുമായി ഇന്ത്യ മുന്നണിയുടെ ഡൽഹി മഹാ റാലി