ഹരിയാന: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അക്കൗണ്ട് തുറക്കാനാകില്ലെന്ന് ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി. കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നില്ലെന്നും അഴിമതിയാണ് നടത്തുന്നതെന്നും നയാബ് സിങ് സൈനി പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഹിമാചൽ പ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിൽ സർക്കാരുണ്ടാക്കാൻ കോൺഗ്രസിന് കഴിഞ്ഞു.
അവര്‍ ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ പാലിച്ചിട്ടില്ല. കോൺഗ്രസിന് നയമോ നല്ല ഉദ്ദേശ്യമോ നേതൃത്വമോ ഇല്ല. ഒക്‌ടോബർ 5-ന് കോൺഗ്രസിന് പൊതുജനങ്ങളിൽ നിന്ന് ഉത്തരം ലഭിക്കും. ഹരിയാനയിൽ ബിജെപി വീണ്ടും സർക്കാർ രൂപീകരിക്കുമെന്നും സൈനി പറഞ്ഞു. കോൺഗ്രസ് ഭരണത്തിൽ ഒരു പ്രത്യേക വിഭാഗം ആളുകൾക്ക് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ എന്നും ഹരിയാന മുഖ്യമന്ത്രി ആരോപിച്ചു.
'മറ്റ് പാർട്ടികളിലെ വലിയ നേതാക്കൾ ഇന്ന് ബി.ജെ.പിയിൽ ചേർന്നു. തുടർച്ചയായി മൂന്നാം തവണയും ബി.ജെ.പി സർക്കാർ രൂപീകരിക്കാൻ പോവുകയാണ്. ഡബിൾ എഞ്ചിൻ സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസം വർധിച്ചു. കോൺഗ്രസ് ഭരണകാലത്ത് സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തിന് മാത്രമാണ് നേട്ടമുണ്ടായത്. ജനങ്ങളോട് കള്ളം പറഞ്ഞാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്.'- നയാബ് സിങ് സൈനി പറഞ്ഞു.
ജമ്മു കശ്‌മീരിലെയും ഹരിയാനയിലെയും നിയമസഭ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുനക്രമീകരിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീരുമാനത്തെയും മുഖ്യമന്ത്രി സ്വാഗതം ചെയ്‌തു. ഒക്‌ടോബർ 1-ന് നടക്കേണ്ട ഹരിയാന തെരഞ്ഞെടുപ്പ് ഒക്‌ടോബർ 5-ലേക്കാണ് നീട്ടിയത്. ജമ്മു കശ്‌മീർ, ഹരിയാന സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ഒക്‌ടോബർ 8-ലേക്കും നീട്ടി. പോളിങ് തീയതി പുനക്രമീകരിക്കണമെന്ന് ബിക്കനീരിലെ അഖിലേന്ത്യ ബിഷ്‌ണോയ് മഹാസഭ ദേശീയ പ്രസിഡന്‍റ് ആവശ്യപ്പെട്ടിരുന്നു.
Also Read : ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് നീട്ടി; ജമ്മു കശ്‌മീരിലും മാറ്റം