ഹത്രാസ് : ഉത്തർപ്രദേശില്‍ സ്‌കൂളിന്‍റെ അഭിവൃദ്ധിക്ക് വേണ്ടി രണ്ടാം ക്ലാസ് വിദ്യാർഥിയെ ബലി നല്‍കി അധികൃതര്‍. ഹത്രാസ് ജില്ലയിലെ സഹപാവു മേഖലയിലെ റസിഡൻഷ്യൽ സ്‌കൂളായ ഡിഎൽ പബ്ലിക് സ്‌കൂളിലാണ് ദാരുണ സംഭവം. സംഭവത്തില്‍ സ്‌കൂൾ ഡയറക്‌ടറും ഇയാളുടെ പിതാവും പ്രിൻസിപ്പലും രണ്ട് അധ്യാപകരുമടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്‌തു. അൽഹെപൂർ ചുർസെൻ ഗ്രാമത്തിലെ താമസക്കാരനായ കൃതാർത്ഥ് (11) എന്ന രണ്ടാം ക്ലാസുകാരനെയാണ് സ്‌കൂള്‍ അധികൃതര്‍ കൊലപ്പെടുത്തിയത്.
സംഭവമിങ്ങനെ...
കഴിഞ്ഞ 23-ന് ആണ് കുട്ടിയെ ഹോസ്‌റ്റല്‍ റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. സ്‌കൂൾ ഡയറക്‌ടർ ദിനേശ് ബാഗേലും പിതാവ് ജശോധൻ സിങ്ങും ചില സ്റ്റാഫ് അംഗങ്ങളും ചേർന്ന് 22-ന് രാത്രി, ഉറങ്ങി കിടക്കുന്ന കുട്ടിയെ ഹോസ്റ്റലിൽ നിന്ന് എടുത്തുകൊണ്ടുപോവുകയായിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തി.
സ്‌കൂളിന് സമീപമുള്ള മുറിയിൽ ബലിയർപ്പണം നടത്താനായിരുന്നു പദ്ധതി. എന്നാൽ ഇതിനിടെ ഉണര്‍ന്ന കുട്ടി ഉറക്കെ കരയാൻ തുടങ്ങി. തുടര്‍ന്ന് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഹോസ്റ്റൽ മുറിയിലേക്ക് തിരികെ കൊണ്ടിടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
സെപ്‌തംബർ 23-ന് കൃതാർത്ഥിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നുവെന്ന് പറഞ്ഞ് ഡയറക്‌ടര്‍ ദിനേഷ് ബാഗേൽ കാറിൽ കയറ്റികൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന് പൊലീസ് പറയുന്നു. എന്നാൽ, അപ്പോഴേക്കും സ്‌കൂളിലെത്തിയ കുട്ടിയുടെ വീട്ടുകാർ കാർ വളയുകയും ബഹളം വെക്കുകയും ചെയ്‌തു. വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തി. കുട്ടിയുടെ കഴുത്തിൽ മുറിവേറ്റ പാടുകൾ കണ്ടെത്തിയ പൊലീസ്, ഹോസ്റ്റൽ നടത്തിപ്പുകാരനെ കസ്റ്റഡിയിലെടുത്തു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സ്‌കൂളിന്‍റേയും കുടുംബത്തിന്‍റേയും അഭിവൃദ്ധിക്കായി കുട്ടിയെ ബലി നൽകാൻ ദിനേശ് ബാഗേലിന്‍റെ പിതാവ് ജശോധൻ സിങ് ആഗ്രഹിച്ചിരുന്നതായി പൊലീസ് വെളിപ്പെടുത്തി. സ്‌കൂൾ ഡയറക്‌ടറും പിതാവും പദ്ധതിയിട്ട് കൃതാർത്ഥിനെ ബലിയർപ്പിക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും കുട്ടി ഉണർന്ന് കരഞ്ഞതോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് അശോക് കുമാർ സിങ് പറഞ്ഞു.
അതേസമയം, അനുമതിയില്ലാതെ സ്ഥാപനം നടത്തിയതിന് ഡിഎൽ പബ്ലിക് സ്‌കൂൾ ഡയറക്‌ടര്‍ക്കെതിരെ കേസെടുക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്വാതി ഭാരതി സഹപാവ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ പൂനം ചൗധരിക്ക് നിർദേശം നൽകിയിട്ടുണ്ട്. 1 മുതൽ 8 വരെ ക്ലാസുകൾ നടക്കുന്ന ഇവിടെ അഞ്ചാം ക്ലാസ് വരെ മാത്രമേ സ്‌കൂളിന് അംഗീകാരമുള്ളൂ. സംഭവത്തെ തുടർന്ന് സ്‌കൂൾ അടച്ചിട്ടിരിക്കുകയാണ്. 700-ഓളം കുട്ടികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്.