ബെംഗളൂരു: പോക്‌സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പയ്‌ക്കെതിരെ ക്രൈം ഇൻവെസ്‌റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റ് കുറ്റപത്രം സമർപ്പിച്ചു. ഈ വർഷം മാർച്ചിൽ രജിസ്‌റ്റർ ചെയ്‌ത പോക്സോ കേസിലാണ് കർണാടക പൊലീസിന്‍റെ ക്രിമിനൽ ഇൻവെസ്‌റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റ് (സിഐഡി) കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സദാശിവനഗർ പൊലീസ് ബിജെപി പ്രവർത്തകനെതിരെ പീഡനത്തിന് കേസ് രജിസ്‌റ്റർ ചെയ്‌തതിനെ തുടർന്ന് കർണാടക പൊലീസ് ഡയറക്‌ടർ ജനറൽ അലോക് മോഹൻ ഇതിനെ കുറിച്ചുള്ള കൂടുതൽ അന്വേഷണത്തിനായി കേസ് സിഐഡിക്ക് കൈമാറിയിരുന്നു.
ഈ വർഷം ഫെബ്രുവരി രണ്ടിന് ഡോളേഴ്‌സ് കോളനിയിലെ വസതിയിൽ വെച്ച് നടന്ന കൂടിക്കാഴ്‌ചയ്ക്കിടെ മകളെ പീഡിപ്പിച്ചെന്ന പതിനേഴുകാരിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഐപിസി സെക്ഷൻ 354 എ (ലൈംഗിക പീഡനം) പോക്‌സോ നിയമപ്രകാരമാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. കുറഞ്ഞത് 3 വർഷം വരെ തടവും, അത് 5 വർഷം വരെ തടവ് നീട്ടാനും നിയമം വ്യവസ്ഥ ചെയ്യുന്നു.
എന്നാൽ താൻ തെറ്റൊന്നും ചെയ്‌തിട്ടില്ല എന്ന് പറഞ്ഞ് ബി എസ് യെദ്യൂരപ്പ കുറ്റം നിഷേധിച്ചു. തനിക്കെതിരായ ഗൂഢാലോചനയിൽ ഏർപ്പെടുന്നവരെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യെദ്യൂരപ്പയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച 54 കാരിയായ യുവതി ശ്വാസകോശ അർബുദം ബാധിച്ച് കഴിഞ്ഞ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ജൂൺ 17ന് യെദ്യൂരപ്പയെ മൂന്ന് മണിക്കൂറോളം സിഐഡി ചോദ്യം ചെയ്‌തിരുന്നു. കേസിൽ യെദ്യൂരപ്പയെ അറസ്‌റ്റ് ചെയ്യുന്നതിൽ നിന്ന് സിഐഡിയെ തടഞ്ഞുകൊണ്ട് കർണാടക ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
ALSO READ : പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കവർച്ച നടത്തിയ കേസ്; കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം