ഹൈദരാബാദ് : രാജ്യത്തെ ലോക്‌സഭ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ചൈന നിര്‍മ്മിത ബുദ്ധി ഉള്ളടക്കങ്ങള്‍ ഉപയോഗിച്ചേക്കാമെന്ന് മൈക്രോസോഫ്റ്റിന്‍റെ മുന്നറിയിപ്പ്. അമേരിക്ക, ദക്ഷിണ കൊറിയ പോലുള്ള രാജ്യങ്ങളുടെയും തെരഞ്ഞെടുപ്പിനെ നിര്‍മ്മിത ബുദ്ധി സ്വാധീനിച്ചേക്കാമെന്ന് മുന്നറിയിപ്പുണ്ട്. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചരണം വഴിയാകും ചൈന നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിക്കുകയെന്ന് മൈക്രോസോഫ്‌റ്റ് ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ സാധ്യത കുറവാണെന്നും ചൂണ്ടിക്കാട്ടുന്നു. ഓഗ്‌മെന്‍റിങ് മീം, വീഡിയോ, ഓഡിയോ ഉള്ളടക്കങ്ങളാണ് ചൈന പ്രധാനമായും പരീക്ഷിക്കുക. എന്നാല്‍ ഭാവിയില്‍ ഇവ കൂടുതല്‍ ഫലപ്രദമായേക്കാമെന്നും മുന്നറിയിപ്പുണ്ട്.
സം ടാര്‍ജറ്റ്സ്, ന്യൂ പ്ലേബുക്‌സ്: ഈസ്റ്റ് ഏഷ്യ ത്രെട്ട് ആക്‌ടേഴ്‌സ് യൂണിക് മെതേഡ്‌സ് എന്ന് പേരിട്ടിരിക്കുന്ന റിപ്പോര്‍ട്ടിലാണ് മൈക്രോ സോഫ്റ്റിന്‍റെ മുന്നറിയിപ്പുള്ളത്. മൈക്രോസോഫ്റ്റ് ത്രെട്ട് അനാലിസിസ് സെന്‍റര്‍(എംടിഎസി) ആണ് ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളത്. തായ്‌വാനിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നിര്‍മ്മിത ബുദ്ധി ഉള്ളടക്കങ്ങള്‍ ഉപയോഗിച്ചതായി 2021 ജനുവരിയില്‍ മൈക്രോ സോഫ്റ്റ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇക്കൊല്ലം ഇത് തായ്‌വാനും അപ്പുറം കടക്കുമെന്നാണ് മൈക്രോസോഫ്റ്റിന്‍റെ മുന്നറിയിപ്പ്.
ചൈനയിലും വടക്കന്‍ കൊറിയയിലും നിന്ന് 2023 ജൂണ്‍ മുതല്‍ ഇത്തരം സ്വാധീനങ്ങള്‍ ഉണ്ടാകുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് ഇപ്പോള്‍ ഇരട്ടിപ്പിക്കുക മാത്രമല്ല അവരുടെ ലക്ഷ്യം നേടാനായി കൂടുതല്‍ അത്യാധുനിക സാങ്കേതികതകള്‍ ഉപയോഗിക്കാനും നീക്കം നടത്തുന്നുണ്ട്. മൂന്ന് പ്രധാന ലക്ഷ്യങ്ങളാണ് ചൈനീസ് സൈബര്‍ പ്രവര്‍ത്തകര്‍ക്ക് ഉള്ളതെന്നും മൈക്രോസോഫ്റ്റ് പറയുന്നു.
ദക്ഷിണ പസഫിക് ദ്വീപ് രാഷ്‌ട്രങ്ങള്‍, ദക്ഷിണ ചൈനാക്കടലിലെ ശത്രുക്കള്‍, അമേരിക്കന്‍ പ്രതിരോധ വാണിജ്യ മേഖല എന്നിവയാണവ. ചൈന തങ്ങളുടെ നിര്‍മ്മിത ബുദ്ധി ഉള്ളടക്കങ്ങള്‍ നവീകരിക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും മൈക്രോസോഫ്റ്റ് ചൂണ്ടിക്കാട്ടുന്നു.