ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപുതന്നെ മുൻ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്കുദേശം പാർട്ടി തിരികെ എൻഡിഎയിലെത്തുമെന്ന് റിപ്പോർട്ട്. മടങ്ങിവരവിന് മുന്നോടിയായി നായിഡു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തും. കൂടിക്കാഴ്‌ചയ്ക്കായി ചന്ദ്രബാബു നായിഡു പ്രത്യേക വിമാനത്തിൽ ഡൽഹിക്ക് തിരിച്ചു.
ഇന്ന് (ബുധൻ) ഉച്ചയ്ക്ക് രണ്ട് മണിയോടെ ഉണ്ടവള്ളിയിലെ വസതിയിൽ നിന്ന് ഹെലിക്കോപ്റ്ററിൽ ചന്ദ്രബാബു ഗണ്ണവാരത്തെത്തി. ഇതിനുശേഷം പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് പുറപ്പെട്ടു. ഡൽഹിയില്‍ പാര്‍ട്ടി എംപി ഗല്ലാ ജയദേവിൻ്റെ വസതിയിലാകും ചന്ദ്രബാബു തങ്ങുക. ഇന്ന് രാത്രിയോ നാളെയോ ചന്ദ്രബാബു അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തുമെന്നാണ് വിവരം.
ടിഡിപിയും പവന്‍ കല്യാണിന്‍റെ ജനസേനയും സഖ്യം രൂപീകരിച്ചതായാണ് വിവരം. പവൻ കല്യാൺ അടുത്തിടെ ചന്ദ്രബാബു നായിഡുവിനെ കണ്ടിരുന്നു. ചന്ദ്രബാബുവിന്‍റെ അമരാവതിയിലെ വസതിയില്‍ മണിക്കൂറുകളോളം നീണ്ട കൂടിക്കാഴ്‌ചയില്‍ സീറ്റ് വിഭജനം മുഖ്യ ചര്‍ച്ച വിഷയമായി. കൂടിക്കാഴ്‌ചയ്‌ക്കൊടുവിൽ ഇരുപാർട്ടികളും തമ്മിൽ ഏകദേശ സീറ്റുധാരണയിൽ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read: ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്‌ച നടത്തി പവന്‍ കല്ല്യാണ്‍ ; സീറ്റ് വിഭജനം ചര്‍ച്ച വിഷയം
ജനസേന നിലവില്‍ എന്‍ഡിഎയുടെ ഭാഗമാണ്. ടിഡിപിയെക്കൂടി സഖ്യത്തിലെത്തിക്കാന്‍ ജനസേന നടത്തിയ ശ്രമം വിജയം കണ്ടതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. നേരത്തെ എന്‍ഡിഎ സഖ്യകക്ഷിയായിരുന്ന ടിഡിപി, 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപാണ് സഖ്യത്തിൽനിന്ന് പുറത്തുവന്നത്.