ചണ്ഡിഗഡ് : മേയർ സ്ഥാനം രാജിവച്ച് ബിജെപി നേതാവ് മനോജ് സോങ്കർ. ഛണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ക്കെതിരെ ആം ആദ്‌മി പാർട്ടി നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് മനോജ് സോങ്കർ രാജിവച്ചത് (Manoj Sonkar steps down as mayor).
ജനുവരി 30ന് നടന്ന തെരഞ്ഞെടുപ്പിൽ ‘ഇന്ത്യ’ മുന്നണിയെ പരാജയപ്പെടുത്തിയാണ് സോങ്കർ വിജയിച്ചത്. ബിജെപിക്ക് 16 വോട്ടുകളും എഎപിക്ക് 12 വോട്ടുകളുമാണ് കിട്ടിയത്. കോൺഗ്രസ്-ആം ആദ്‌മി പാർട്ടി സഖ്യത്തിന്‍റെ എട്ട് വോട്ടുകൾ അസാധുവാണെന്ന് വരണാധികാരി പ്രഖ്യാപിക്കുകയായിരുന്നു.
പ്രിസൈഡിങ് ഓഫീസർ ബാലറ്റ് പേപ്പറിൽ കൃത്രിമം കാണിക്കുന്ന വീഡിയോ ദൃശ്യങ്ങളും ഇതിനിടെ പുറത്തായി. തുടർന്നാണ് എഎപിയും കോൺഗ്രസും ഹൈക്കോടതിയെ സമീപിച്ചത്. സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളിയതോടെയാണ് എഎപി സുപ്രീംകോടതിയെ സമീപിച്ചത് (3 AAP Councillors Join BJP).
അതേസമയം ചണ്ഡിഗഡ് കോര്‍പറേഷനില്‍ നാടകീയ നീക്കങ്ങള്‍ തുടരുകയാണ്. മേയർ തെരഞ്ഞെടുപ്പിൽ അട്ടിമറി നീക്കത്തിന്‍റെ ഭാഗമായി ആം ആദ്‌മി പാര്‍ട്ടിക്ക് തിരിച്ചടി നല്‍കി മൂന്ന് കൗൺസിലർമാരെ ബിജെപി സ്വന്തം പാളയത്തിലെത്തിച്ചു. പൂനം ദേവി, നേഹ, ഗുര്‍ചരണ്‍ കാല എന്നീ കൗണ്‍സിലര്‍മാരാണ് ഞായറാഴ്ച ബിജെപിയില്‍ ചേര്‍ന്നത്.
35 അംഗ കൗണ്‍സിലില്‍ ബിജെപിക്ക് 14 അംഗങ്ങളാണുള്ളത്. മൂന്നുപേര്‍ കൂടി ചേര്‍ന്നതോടെ അംഗബലം 17 ആയി ഉയര്‍ന്നു. ഒരു അകാലിദള്‍ കൗണ്‍സിലറും ബിജെപിയെ പിന്തുണയ്ക്കുന്നുണ്ട്. 19 സീറ്റുകളാണ് മേയർ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ വേണ്ടത്. എഎപി കൗൺസിലർമാർ ബിജെപി പക്ഷത്ത് ചേർന്നതോടെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയാലും ജയിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി നേതൃത്വം. അതേസമയം എഎപി കൗണ്‍സിലര്‍മാരുടെ എണ്ണം പത്തായി ചുരുങ്ങി. കോണ്‍ഗ്രസിന് ഏഴ് കൗണ്‍സിലര്‍മാരുമുണ്ട്.