ന്യൂഡൽഹി : പൂക്കോട് വെറ്ററിനറി സര്‍വകലാശാല രണ്ടാം വര്‍ഷ വിദ്യാര്‍ഥി സിദ്ധാർത്ഥൻ ജെ എസിന്‍റെ മരണം അന്വേഷിക്കാനുള്ള ഒരുക്കത്തില്‍ സിബിഐ. കേന്ദ്രത്തിൽ നിന്നുള്ള റഫറൻസിനായാണ് സിബിഐ കാത്തിരിക്കുന്നത്. ഇതിനുശേഷം കേരള പൊലീസ് ഫയൽ ചെയ്‌ത എഫ്ഐആർ സ്വന്തം കേസായി സിബിഐ റീ രജിസ്‌റ്റർ ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കേസ് വീണ്ടും രജിസ്‌റ്റര്‍ ചെയ്‌ത് കഴിഞ്ഞാൽ ലോക്കൽ പൊലീസിൽ നിന്ന് രേഖകൾ ഏറ്റുവാങ്ങി ഫോറൻസിക് സംഘത്തോടൊപ്പം സിബിഐ സംഘം സംസ്ഥാനം സന്ദർശിക്കും. സംസ്ഥാനം റഫർ ചെയ്‌ത കേസുകളിൽ, ലോക്കൽ പൊലീസില്‍ നിന്നും എഫ്ഐആർ വീണ്ടും രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിക്കുന്നതാണ് നടപടി ക്രമം. അന്വേഷണം പൂർത്തിയാക്കിയ ശേഷം അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും.ഫെബ്രുവരി 18 ന് ആണ് വയനാട് ജില്ലയിലെ കോളേജ് ഹോസ്‌റ്റല്‍ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ സിദ്ധാര്‍ത്ഥനെ കണ്ടെത്തുന്നത്.
സിപിഎം വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയുടെ പ്രവർത്തകർ ഉൾപ്പെടെയുള്ള സഹപാഠികൾ സിദ്ധാർത്ഥനെ റാഗിങ്ങിന് വിധേയനാക്കിയതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത് എന്നാണ് കേസ്.
സിദ്ധാര്‍ത്ഥന്‍റെ കുടുംബമാണ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. ഏറെ കലുഷിതമായ രാഷ്‌ട്രീയ കോലാഹലങ്ങൾക്കൊടുവിൽ മാർച്ച് 9ന് സിബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകുകയായിരുന്നു.
മുഖ്യമന്ത്രി ഉറപ്പ് നൽകി ആഴ്‌ചകൾ കഴിഞ്ഞിട്ടും ആവശ്യമായ ഫയലുകൾ സർക്കാർ ഇതുവരെ സിബിഐക്ക് കൈമാറിയിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിച്ചതോടെ വിഷയം വീണ്ടും രാഷ്‌ട്രീയ വിവാദമായി. ആവശ്യമായ ഫയലുകൾ കൈമാറാതെയും തെളിവുകൾ നശിപ്പിച്ചും സിബിഐ അന്വേഷണം ബോധപൂർവം വൈകിപ്പിക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് മരിച്ച വിദ്യാർഥിയുടെ കുടുംബവും സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.
തുടര്‍ന്ന്, അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ സിബിഐക്ക് കൈമാറുന്നതിൽ അലംഭാവം കാണിച്ചു എന്നാരോപിച്ച് ആഭ്യന്തര വകുപ്പിലെ മൂന്ന് ജീവനക്കാരെ കേരള സർക്കാർ അടുത്തിടെ സസ്പെൻഡ് ചെയ്‌തു. അസിസ്‌റ്റന്‍റായിരുന്ന അഞ്ജു, സെക്ഷൻ ഓഫീസർ ബിന്ദു വി കെ, ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത് വി കെ എന്നിവരെയാണ് ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ സസ്‌പെൻഡ് ചെയ്‌തത്.
മാർച്ച് ഒമ്പതിന് തന്നെ അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചതായി സസ്പെൻഷൻ ഉത്തരവിൽ സർക്കാർ വ്യക്തമാക്കി. എന്നാൽ മാർച്ച് 26ന് മാത്രമാണ് ഇതുമായി ബന്ധപ്പെട്ട പ്രോഫോർമ റിപ്പോർട്ടും മറ്റ് രേഖകളും സഹിതം ഫയൽ സമർപ്പിച്ചത്.
അതിനിടെ, വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്‌ത 33 വിദ്യാർത്ഥികളെ തിരിച്ചെടുത്തുകൊണ്ട് കോളേജ് പുറപ്പെടുവിച്ച വിവാദ ഉത്തരവ് സർവകലാശാല ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടപെട്ടതിനെ തുടർന്ന് റദ്ദാക്കി.