ഡൽഹി : വ്യാജ കാൻസർ മരുന്നുകൾ പിടികൂടിയതിന് പിന്നാലെ നാല് പേരെ ഡൽഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തു. കാൻസർ മരുന്നുകളും ഉപകരണങ്ങളും പൊലീസ് കഴിഞ്ഞ ദിവസങ്ങളിലായി ഡൽഹിയിലെ വിവിധ ഇടങ്ങളിൽ നിന്ന് പിടികൂടിയിരുന്നു. ഇതുവരെ പിടിയാലായ പ്രതികളെല്ലാം ഡൽഹിയിലെ വിവിധ ആശുപത്രികളിലെ ഓങ്കോളജി വിഭാഗങ്ങളിൽ ജോലി ചെയ്‌തിരുന്നവരാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ഇവർ ഇതുവരെ 25 കോടിയിലധികം രൂപയുടെ വ്യാജ മരുന്നുകൾ വിറ്റതായി കേസിന്‍റെ വിശദാംശങ്ങൾ നൽകിക്കൊണ്ട് പൊലീസ് പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയാണ് എല്ലാവരും പരിചയപ്പെട്ടതെന്നും ഇവരുടെ 14 അക്കൗണ്ടുകളിൽ 90 ലക്ഷം രൂപ ബാക്കിയുണ്ടെന്നും പൊലീസ് പറഞ്ഞു.
മൊത്തം 12 പേരെയാണ് അറസ്‌റ്റ് ചെയ്‌തിട്ടുള്ളത്. രോഹിത്, ജിതേന്ദ്ര, മജിദ്, സാജിദ് എന്നിവരെയാണ് അവസാനമായി അറസ്‌റ്റ് ചെയ്‌തത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് കാൻസർ കീമോതെറാപ്പി മരുന്ന് നിർമാണ തട്ടിപ്പുമായി ബന്ധപ്പെട്ട് വാരണാസിയിൽ നിന്നുള്ള ബിടെക് ബിരുദധാരിയെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ അറസ്‌റ്റ് ചെയ്‌തിരുന്നു. മുസാഫർപൂർ സ്വദേശി 23കാരനായ ആദിത്യ കൃഷ്‌ണയെയാണ് അറസ്‌റ്റ് ചെയ്‌തത്.
വിതരണക്കാരിൽ നിന്ന് മരുന്നുകൾ വാങ്ങി ആദിത്യ നേരിട്ട് ഡൽഹിയിലും, പൂനെയിലും വിതരണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുസഫർപൂരിൽ കെമിസ്‌റ്റ് ലാബ് നടത്തിവരികയായിരുന്നു ആദിത്യ. അതേ സമയം മാർച്ച് 13ന് തെലങ്കാനയിൽ ഡ്രഗ്‌സ് കൺട്രോൾ അഡ്‌മിനിസ്ട്രേഷൻ അമിത വില ഈടാക്കി വിൽപന നടത്തിയ മരുന്നുകൾ പിടിച്ചെടുത്തിരുന്നു. അവെക്സോമോൾ-സ് ഇൻഫ്യൂഷൻ, എട്രാസോ-200 കാപ്സ്യൂൾസ് എന്നീ മരുന്നുകളാണ് പിടിച്ചെടുത്തത്.