ബെംഗളൂരു: ഫേസ്‌ബുക്കില്‍ കണ്ട പരസ്യം വിശ്വസിച്ച് ട്രേഡിങ്ങിന് പണം നിക്ഷേപിച്ച 72 കാരനായ ബിസിനസുകാരന് നഷ്ടമായത് 6.01 കോടി രൂപ. ബംഗലൂരുവിലാണ് സംഭവം. കമ്പനികളുടെ ഷെയര്‍ കുറഞ്ഞ നിരക്കില്‍ വാഗ്‌ദാനം ചെയ്‌താണ് പ്രതി പണം തട്ടിയത്. സംഭവത്തില്‍ സൈബര്‍ ക്രൈം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.
വിവിധ കമ്പനികളുടെ ഷെയറുകള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാമെന്ന ഫേസ്ബുക്ക് പരസ്യം കണ്ടാണ് പരാതിക്കാരന്‍ ഇവരെ ബന്ധപ്പെടുന്നത്. തുടര്‍ന്ന് പ്രതിയുമായി വാട്‌സ്ആപ്പില്‍ ബന്ധപ്പെടാനാരംഭിച്ചു. ഡിസംബര്‍ മുതല്‍ ഫെബ്രുവരി 8 വരെ, വിവിധ ഘട്ടങ്ങളിലായി 6.01 കോടി രൂപയാണ് പരാതിക്കാരന്‍ ഇവര്‍ക്ക് കൈമാറിയത്.
കേരളത്തില്‍ നിന്ന് പ്രസ്‌തുത കമ്പനിക്കെതിരെ പരാതി ഉയര്‍ന്നത് ശ്രദ്ധയില്‍പെട്ട പരാതിക്കാരന്‍ തന്‍റെ പണം മടക്കി നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പണം തിരികെ കിട്ടിയില്ല. പരാതി ലഭിച്ച പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ട്രേഡിങ്ങിന്‍റെ പേരില്‍ തട്ടിപ്പുനടത്തുന്ന കേസുകള്‍ ദിവസവും മൂന്നുനാലെണ്ണം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് അഡീഷണല്‍ കമ്മീഷണര്‍ ചന്ദ്രഗുപ്‌ത പറയുന്നു. ഇത്തരം കേസുകളിൽ, വലയില്‍ വീഴുന്നവരെ പ്രതികള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്ക് ക്ഷണിക്കും.
ഗ്രൂപ്പിലുള്ള മറ്റ് അംഗങ്ങൾ, ട്രേഡിങ്ങില്‍ തങ്ങൾക്ക് പ്രയോജനം ലഭിച്ചെന്ന തരത്തിലുള്ള സന്ദേശങ്ങൾ പങ്കുവെച്ച് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കും. ചിലപ്പോള്‍ തട്ടിപ്പുകാർ തന്നെയായിരിക്കും മറ്റ് അംഗങ്ങള്‍.
വിവിധ അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കുകയും ലാഭം കിട്ടിയെന്ന് പറഞ്ഞു പറ്റിച്ചുമാണ് ഇവർ ഇരകളെ കബളിപ്പിക്കുന്നത്. ഇത്തരം തട്ടിപ്പ് നടത്തുന്ന ആപ്പുകൾ, വെബ്‌സൈറ്റുകൾ എന്നിവ പ്ലേ സ്റ്റോറിൽ ഉണ്ടോയെന്നും ഇവയ്ക്ക് ആർബിഐയുടെയോ സെബിയുടെയോ അംഗീകാരം ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിച്ചുവരികയാണെന്നും ചന്ദ്രഗുപ്‌ത പറഞ്ഞു.