ചെന്നൈ: കൊല്ലപ്പെട്ട തമിഴ്‌നാട്ടിലെ ചെന്നൈ പെരമ്പൂർ സ്വദേശിയും ബഹുജൻ സമാജ് പാർട്ടി (ബിഎസ്‌പി) തമിഴ്‌നാട് പ്രസിഡൻ്റുമായ കെ ആംസ്‌ട്രോങ്ങിന്‍റെ മൃതദേഹം സംസ്‌കരിച്ചു. തിരുവള്ളൂർ ജില്ലയിലെ പോട്ടൂരിലാണ് മൃതദേഹം സംസ്‌കരിച്ചത്. ആംസ്‌ട്രോങ്ങിൻ്റെ മൃതദേഹം പേരാമ്പൂരിലെ പാർട്ടി ഓഫിസിൽ സംസ്‌കരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ പോർക്കൊടിക്ക് വേണ്ടി ചെന്നൈ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.
എന്നാൽ പോർക്കൊടിയുടെ ആവശ്യത്തെ ചെന്നൈ കോർപ്പറേഷൻ ശക്തമായ എതിർത്തു. 16 അടി റോഡിലാണ് പാർട്ടി ഓഫിസ് സ്ഥിതി ചെയ്യുന്നതെന്നും ജനവാസ കേന്ദ്രം കൂടിയായതിനാൽ മൃതദേഹം അവിടെ സംസ്‌കരിക്കാൻ അനുവദിക്കരുതെന്നും ആയിരുന്നു കോർപ്പറേഷന്‍റെ വാദം. ചെന്നൈ ഹൈക്കോടതി ജഡ്‌ജി ഭവാനി സുബ്ബരായൻ ആണ് ഈ അടിയന്തര കേസ് ഇന്ന് പരിഗണിച്ചത്.
ഇരുപക്ഷത്തെയും വാദങ്ങൾക്ക് ശേഷം തമിഴ്‌നാട് സർക്കാരിന് വേണ്ടി ഹാജരായ അഡിഷണൽ ചീഫ് അഡ്വക്കേറ്റ് രവീന്ദ്രൻ ആംസ്‌ട്രോങ്ങിൻ്റെ മൃതദേഹം ബന്ധുവിൻ്റെ ഉടമസ്ഥതയിലുള്ള തിരുവള്ളൂർ ജില്ലയിലെ പോട്ടൂരിൽ സംസ്‌കരിക്കാൻ ആവശ്യമായ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവുകളുടെ പകർപ്പ് സമർപ്പിച്ചു. ഗ്രാമപഞ്ചായത്തിൽ പ്രമേയം പാസാക്കുകയും ചെയ്‌തു.
ഹർജിക്കാരനായ അഭിഭാഷകനും ഇത് അംഗീകരിച്ചതോടെ ആംസ്‌ട്രോങ്ങിൻ്റെ മൃതദേഹം പോട്ടൂരിൽ സംസ്‌കരിക്കാൻ ജഡ്‌ജി അനുമതി നൽകുകയും ആവശ്യമായ സുരക്ഷ ഒരുക്കാൻ പൊലീസിനോട് ഉത്തരവിടുകയും ചെയ്യുകയായിരുന്നു. സർക്കാർ അനുമതി ലഭിക്കാൻ പാർട്ടി ഓഫിസിൽ സ്‌മാരകമോ ആശുപത്രിയോ നിർമിക്കാൻ നടപടി സ്വീകരിക്കണമെന്നും ഹർജിക്കാരനോട് ജഡ്‌ജി നിർദേശിച്ചു.
ആംസ്‌ട്രോങ്ങിൻ്റെ മൃതദേഹം ആദരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടതിനാൽ ഹർജി പരിഗണിക്കാൻ ഉത്തരവിടണമെന്ന് ഈ സമയം ഹർജിക്കാരൻ്റെ അഭിഭാഷകർ ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ തനിക്ക് നിർദേശമില്ലെന്ന് വ്യക്തമാക്കിയ അഡിഷണൽ ചീഫ് പബ്ലിക് പ്രോസിക്യൂട്ടർ അപേക്ഷയിൽ സർക്കാരിന് തന്നെ തീരുമാനമെടുക്കാമെന്നും ഉത്തരവിട്ടു. അതിനുശേഷമാണ് ആംസ്‌ട്രോങ്ങിൻ്റെ ശവസംസ്‌കാരം സമാധാനപരമായി നടത്താൻ ഹർജിക്കാരുടെ അഭിഭാഷകർക്ക് നിർദേശം നൽകി ജഡ്‌ജി കേസ് അവസാനിപ്പിച്ചത്.
ജൂലൈ 5നാണ് ആംസ്‌ട്രോങ്ങിനെ അദ്ദേഹത്തിൻ്റെ വസതിക്ക് സമീപത്ത് വച്ച് എട്ടംഗ അജ്ഞാത സംഘം കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം ഗുണ്ടാസംഘം കടന്നുകളഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ ആംസ്ട്രോങ്ങിനെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആശുപത്രി അധികൃതർ ചികിത്സ നിഷേധിച്ചു. തുടർന്നാണ് മരണം സംഭവിച്ചത്. ആംസ്ട്രോങ്ങിന്‍റെ കൊലപാതക കേസ് സിബിഐക്ക് കൈമാറണമെന്ന് സംസ്ഥാന സർക്കാരിനോട് ബിഎസ്‌പി നേതാവ് മായാവതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ALSO READ: കെ ആംസ്ട്രോങ് കൊലപാതകം; കേസ് സിബിഐക്ക് വിടണമെന്ന് ബിഎസ്‌പി നേതാവ് മായാവതി