ലഖ്‌നൗ: പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിഎസ്‌പിയുടെ അംബേദ്‌ക്കര്‍ നഗര്‍ പാര്‍ലമെന്‍റ് മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗം റിതേഷ് പാണ്ഡെ പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചു. ന്യൂഡല്‍ഹിയില്‍ എത്തി ബിജെപി അംഗത്വം സ്വീകരിക്കുകയും ചെയ്‌തു (Ritesh Pandey ). തന്‍റെ സേവനം പാര്‍ട്ടിക്ക് ആവശ്യമില്ലെന്ന് മനസിലാക്കിയതിന്‍റെ അടിസ്ഥാനത്തില്‍ രാജി വയ്ക്കുന്നു എന്നാണ് റിതേഷ് മായാവതിക്ക് നല്‍കിയ രാജിക്കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. ദീര്‍ഘകാലമായി പാര്‍ട്ടി യോഗങ്ങളിലേക്ക് തനിക്ക് ക്ഷണമില്ല. പാര്‍ട്ടി നേതൃത്വം തന്നോട് സംസാരിക്കാറുമില്ലെന്ന് റിതേഷ് രാജിക്കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജിക്കത്ത് അദ്ദേഹം എക്‌സില്‍ പങ്കുവച്ചിരുന്നു( Bahujan Samaj Party).
![Ritesh Pandey Resigns from BSP Bahujan Samaj Party BJP Ritesh Pandey Joins BJP](https://etvbharatimages.akamaized.net/etvbharat/prod-images/25-02-2024/20837641_bsp.jpg)
പലവട്ടം പാര്‍ട്ടി നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്കും ചര്‍ച്ചയ്ക്കും ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ അതൊന്നും ഫലം കണ്ടില്ലെന്നും രാജിക്കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഈ കാലമത്രയും പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളുമായി താന്‍ നിരന്തരം കൂടിക്കാഴ്ച നടത്തുകയും പല പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്‌തു. പാര്‍ട്ടിക്ക് തന്‍റെ സേവനമോ സാന്നിധ്യമോ ആവശ്യമില്ലെന്ന് മനസിലാക്കിയ സാഹചര്യത്തില്‍ പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണ്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം തന്നെ വേണ്ടെന്ന് വയ്ക്കാന്‍ താന്‍ നിര്‍ബന്ധിതനായിരിക്കുന്നു. വൈകാരികമായി ഏറെ ബുദ്ധിമുട്ടേറിയ ഒരു തീരുമാനമാണിത്. തന്‍റെ രാജി സ്വീകരിക്കണമെന്നും അദ്ദേഹം മായാവതിയോട് ആവശ്യപ്പെടുന്നു(BJP).
രാജിക്കത്ത് നല്‍കി മണിക്കൂറുകള്‍ക്കകം അദ്ദേഹം ബിജെപിയിലേക്ക് ചേക്കേറുകയും ചെയ്‌തു. മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള ബൈജയന്ത് ജയ് പാണ്ഡ, ജനറല്‍ സെക്രട്ടറി തരുണ്‍ ചൗ, ഉത്തര്‍പ്രദേശ് പാര്‍ട്ടി അധ്യക്ഷന്‍ ഭൂപേന്ദ്ര സിങ്, ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പതക് തുടങ്ങിയവരടക്കം ഇദ്ദേഹത്തെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യാന്‍ ഹാജരായിരുന്നു.
പതിനഞ്ച് വര്‍ഷമായി താന്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. മായാവതിയുടെ പ്രവൃത്തികളെക്കുറിച്ച് താന്‍ പറയാനാഗ്രഹിക്കുന്നില്ലെന്നും ബിജെപിയില്‍ ചേര്‍ന്ന ശേഷം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാക്കാര്യങ്ങളും വിശദമായി രാജിക്കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. തന്‍റെ മണ്ഡലത്തിന് വേണ്ടി കഴിഞ്ഞ അഞ്ച് വര്‍ഷമായി ചെയ്യാവുന്നതെല്ലാം ചെയ്ട്ടുതിട്ടുണ്ട്. പൂര്‍വാഞ്ചല്‍ അതിവേഗ പാത, ഗോരഖ്പൂര്‍ ലിങ്ക് അതിവേഗ പാത, വിദ്യാലയങ്ങള്‍, അംബേദ്ക്കര്‍ നഗറിനെ അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധിപ്പിക്കുന്ന നാലു വരിപ്പാത തുടങ്ങിയവ നിര്‍മ്മിച്ചു. ഇതിന് പുറമെ സംസ്ഥാനത്തെ ജനങ്ങളുടെ ജീവിത നിലവാരവും വര്‍ദ്ധിച്ചു. കര്‍ഷകരുടെയും സ്‌ത്രീകളുടെയും ദളിതുകളുടെയും ജീവിതത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടായെന്നും അദ്ദേഹം അവകാശപ്പെട്ടു.