മാൾഡ : 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടം നടക്കവേ പശ്ചിമബംഗാളിലെ മാള്‍ഡയില്‍ ബോംബേറ്. മാൾഡയിലെ റതുവയിലാണ് ഇന്ന് രാവിലെ ബോംബേറ് ഉണ്ടായത്. ബോംബാക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.
റാതുവയിലെ ബ്ലോക്ക് നമ്പർ 1-ലെ ചാന്ദ്‌മോനി നമ്പർ 2 ഗ്രാമപഞ്ചായത്തിലെ ബത്‌ന പ്രദേശത്താണ് സംഭവം. തൃണമൂൽ കോണ്‍ഗ്രസാണ് ബോംബെറിഞ്ഞതെന്ന് നാട്ടുകാർ ആരോപിച്ചു.
'15 മിനിറ്റ് മുമ്പ് രണ്ട് പേർ ബൈക്കിൽ വന്നിരുന്നു. രണ്ട് ബോംബുകൾ എറിഞ്ഞ ശേഷമാണ് അവർ പോയത്. ഇത് തൃണമൂൽ കോൺഗ്രസിൻ്റെ ഗൂഢാലോചനയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അവർ ബൂത്തുകൾ കയ്യടക്കി. ബോംബെറിഞ്ഞ് ആളുകളെ ഭയപ്പെടുത്താനാണ് അവർ ശ്രമിക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥി മുഷ്‌താഖ് ആലമിന് നേരെ തൃണമൂൽ അക്രമികൾ ബോംബെറിഞ്ഞതാണ് എന്നാണ് തോന്നുന്നത്.'- ഖോച്ച്‌ഖമർ ഗ്രാമവാസിയായ വസീം അക്രം പറഞ്ഞു,
അതേസമയം ആക്രമണം പ്രതിപക്ഷത്തിൻ്റെ ഗൂഢാലോചനയാണെന്ന് റതുവ ബ്ലോക്ക് 1-ൻ്റെ തൃണമൂൽ പ്രസിഡൻ്റ് അജയ് കുമാർ സിൻഹ പറഞ്ഞു. 'ഇത് പ്രതിപക്ഷത്തിൻ്റെ ഗൂഢാലോചനയാണ്. ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളിൽ ഞങ്ങളുടെ സ്ഥാനാർഥികളാണ് വിജയിച്ചത്. ബോംബ് എറിഞ്ഞ് ഞങ്ങളെ അപകീർത്തിപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പക്ഷേ അത് ഒരു ഗുണവും ചെയ്യില്ല. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഈ കേന്ദ്രത്തിൽ തൃണമൂൽ പതാകകൾ ഉയർത്താനാകും.'-അജയ് കുമാർ സിൻഹ പറഞ്ഞു.
അഴിമതിയും മോഷണവുമെല്ലാം കാരണം ജനങ്ങൾക്ക് തൃണമൂലിനോട് ഇപ്പോൾ വെറുപ്പാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുഷ്‌താഖ് ആലം പ്രതികരിച്ചു. 'തങ്ങൾ പരാജയപ്പെടുമെന്ന് തൃണമൂലിന് അറിയാം. തെരഞ്ഞെടുപ്പിൽ പഞ്ചായത്ത് കൊള്ളയടിച്ച് വിജയിക്കാമെന്നാണ് അവർ കണക്ക് കൂട്ടുന്നത്.
എന്നാല്‍ കേന്ദ്ര സേനയെ വിന്യസിച്ചതിനാല്‍ അത് നടക്കുന്നില്ല. അത് കൊണ്ട് അവർ ഇപ്പോൾ എല്ലാ ഗ്രാമങ്ങളിലും ബോംബെറിഞ്ഞ് ആളുകളെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണ്. എന്നാല്‍ അവരെ പരാജയപ്പെടുത്താൻ ജനങ്ങള്‍ ഒരുമിച്ചിരിക്കുന്നു എന്നതാണ് സത്യം.'- മുഷ്‌താഖ് ആലം പറഞ്ഞു.