മുംബൈ: ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് മുംബൈയിലെ കോളജ് എടുത്ത തീരുമാനത്തില്‍ ഇടപെടാനില്ലെന്ന് ബോംബെ ഹൈക്കോടതി. കോളേജ് പരിസരത്ത് വിദ്യാർഥികൾ ഹിജാബ്, നഖാബ്, ബുർക്ക, സ്റ്റോളുകൾ, തൊപ്പികൾ, ബാഡ്‌ജുകൾ എന്നിവ ധരിക്കാൻ പാടില്ല എന്നായിരുന്നു ഉത്തരവ്. ചെമ്പൂർ ട്രോംബെ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിലുളള എൻജി ആചാര്യ ആന്‍ഡ് ഡികെ മറാഠേ കോളേജിലാണ് ഇത്തരത്തില്‍ ഒരു ഉത്തരവ് പുറത്തിറക്കിയത്.
ഇതിനെതിരെ കോളജിലെ ഒമ്പത് പെൺകുട്ടികൾ ചേര്‍ന്ന് ഹർജി നല്‍കിയിരുന്നു. ഇത്തരമൊരു ഉത്തരവ് മതം ആചരിക്കാനുള്ള തങ്ങളുടെ മൗലികാവകാശത്തിനും സ്വകാര്യതയ്ക്കും തെരഞ്ഞെടുപ്പിനുള്ള അവകാശത്തിനും എതിരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഈ ഹര്‍ജിയാണ് ജസ്റ്റിസുമാരായ എ എസ് ചന്ദൂർക്കറും രാജേഷ് പാട്ടീലും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് തളളിയത്.
കോളജ് നടപടിയെ സ്വേച്ഛാധിപത്യപരവും യുക്തിരഹിതവും വികൃതവുമാണെന്നും ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഹര്‍ജിക്കാരുടെ അഭിഭാഷകൻ അൽതാഫ് ഖാൻ ഖുറാനിൽ നിന്നുള്ള ചില വാക്യങ്ങൾ പരാമര്‍ശിച്ചുകൊണ്ട് ഹിജാബ് ധരിക്കുന്നത് ഇസ്ലാമിൻ്റെ അവിഭാജ്യ ഘടകമാണെന്ന് വാദിക്കുകയും ചെയ്‌തു.
എന്നാല്‍, തീരുമാനം യൂണിഫോം ഡ്രസ് കോഡിൻ്റെ ഭാഗം മാത്രമാണെന്നും മുസ്ലീം സമുദായത്തിന് എതിരല്ലെന്നും കോളജ് അധികൃതരും വാദിച്ചു. എല്ലാ മതത്തിലും ജാതിയിലും പെട്ട വിദ്യാർഥികൾക്കും ഡ്രസ് കോഡ് ബാധകമാണെന്ന് കോളജ് മാനേജ്‌മെൻ്റിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അനിൽ അൻ്റൂർക്കർ പറഞ്ഞു.
ഉത്തരവിനെതിരെ ആദ്യം വിദ്യാര്‍ഥികള്‍ മുംബൈ യൂണിവേഴ്‌സിറ്റി ചാൻസലർ, വൈസ് ചാൻസലർ, യൂണിവേഴ്‌സിറ്റി ഗ്രാൻ്റ്സ് കമ്മിഷൻ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാൽ പ്രതികരണം ലഭിച്ചില്ല. തുടര്‍ന്നാണ് വിദ്യാർഥികൾ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
Also Read: ഹിജാബ് ധരിച്ച് ക്ലാസിലെത്തരുത്, പകരം ദുപ്പട്ട ഉപയോഗിക്കാമെന്ന് കോളജ്; ജോലിയിൽ തുടരാനില്ലെന്ന് അധ്യാപിക - HIJAB ISSUE IN KOLKATA LAW COLLEGE