കൊൽക്കത്ത: കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി. ഇന്നാണ് സംഭവം. 100 യാത്രക്കാരുമയി പൂനെയിലേക്ക് സർവീസ് നടത്താനിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് വ്യാജ ബോംബ് ഭീഷണിയുണ്ടായത്.
വിമാനം റൺവേയിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്നതിനിടിയിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കിയ ശേഷം ബോംബ് സ്‌ക്വാഡും സെൻട്രൽ ഇന്ത്യൻ സെക്യൂരിറ്റി ഫോഴ്‌സും പരിശോധന നടത്തി. അതിനിടെ യാത്രക്കാരുടെ ബാഗേജ് പരിശോധനയ്ക്കിടെ യോഗേഷ് ബോൺസ്ലെ എന്ന യാത്രക്കാരൻ തൻ്റെ ബാഗിൽ ബോംബുണ്ടെന്ന് അവകാശപ്പെട്ട് രംഗത്തെത്തുകയും എയർപ്പോർട്ട് ടെർമിനലിൽ പരിഭ്രാന്തി പരത്തുകയും ചെയ്‌തു.
തുടർന്ന് വിമാനത്താവളത്തിലെ സുരക്ഷ ചുമതലയുള്ള സിഐഎസ്എഫ് ഉദ്യോഗസ്ഥർ ബോൺസ്ലെയെ കസ്‌റ്റഡിയിൽ എടുത്തു. ഇയാളെ ചോദ്യം ചെയ്‌തു വരികയാണ്. വിമാനത്താവളത്തിലുടനീളം തെരച്ചിൽ നടത്തിയെന്നും ഒന്നും കണ്ടെത്താനായിട്ടില്ലെന്നും എയർപോർട്ട് അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
നേരത്തെ ഏപ്രിൽ 25, 29 എന്നീ തീയതികളിലും കൊൽക്കത്ത വിമാനത്താവളം ബോംബ് ഭീഷണി നേരിട്ടിരുന്നു. എയർപോർട്ട് അതോറിറ്റിക്ക് ലഭിച്ച ഭീഷണി സന്ദേശമടങ്ങിയ മെയിലുകൾ വ്യാജമാണെന്ന് തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
Also Read: എയർ ഇന്ത്യ വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി ; മലപ്പുറം സ്വദേശി പിടിയിൽ