ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിർണായക ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിന് ഡല്‍ഹിയില്‍ തുടക്കം. 11,500 പ്രതിനിധികള്‍ പങ്കെടുക്കുന്ന ദ്വിദിന ദേശീയ കൗണ്‍സില്‍ ബിജെപിയുടെ സമീപകാലത്തെ ഏറ്റവും വലിയ സംഘടന യോഗമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണവും കേഡര്‍ ശാക്തീകരണവുമാണ് യോഗത്തിന്‍റെ മുഖ്യ അജണ്ട (2024 Lok sabha election).
ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ(JP Nadda) യോഗം ഉദ്ഘാടനം ചെയ്യും. പാര്‍ട്ടിയുടെ ദേശീയ നേതാക്കള്‍ ഇന്ന് ഉച്ചക്ക് യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) നാളെ (18.02.24) യോഗത്തെ അഭിസംബോധന ചെയ്യും. 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 370 സീറ്റ് എന്ന ബിജെപി ലക്ഷ്യം അംഗങ്ങളെ ഉദ്ബോധിപ്പിക്കും വിധമാകും മോദിയുടെ പ്രസംഗം.
ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന യോഗത്തിൽ രാജ്യത്തുടനീളമുള്ള മുഖ്യമന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, ബിജെപി സംസ്ഥാന യൂണിറ്റ് പ്രസിഡന്‍റുമാർ, സംഘടനാ നേതാക്കൾ എന്നിവരും പങ്കെടുക്കും. പാര്‍ട്ടിയുടെ ജില്ലാ ഭാരവാഹികളും മോര്‍ച്ച പ്രതിനിധികളും യോഗത്തിലുണ്ടാകും. 2014, 2019 ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ ദേശീയ കൗണ്‍സിലുകളില്‍ മൂവായിരത്തോളം പ്രതിനിധികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു.
പാര്‍ട്ടിയുടെ നിലവിലെ രാഷ്‌ട്രീയ സാഹചര്യവും രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയും യോഗത്തില്‍ ചര്‍ച്ചയാകുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അടുത്തിടെ പാർലമെന്‍റിൽ അവതരിപ്പിച്ച സമ്പദ്‌വ്യവസ്ഥയുടെ ധവളപത്രം, അയോധ്യയിലെ രാമക്ഷേത്ര നിർമാണം, ഇന്‍ഡ്യ സഖ്യത്തിലെ അനിശ്ചതത്വം(India Alliance), 2023ലെ ജി 20 ഉച്ചകോടിയുടെ വിജയം, ആഗോള തലത്തില്‍ രാജ്യത്തിന്‍റെ സ്ഥാനം എന്നിവയെല്ലാം ബിജെപി നേതാക്കളുടെ പ്രസംഗങ്ങളിലും പ്രമേയങ്ങളിലും എടുത്തുകാട്ടും.
മോദി സര്‍ക്കാരിന്‍റെ ക്ഷേമ പദ്ധതികളും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. ഇത്തവണ എന്‍ഡിഎ സഖ്യം 400 സീറ്റ് കടക്കുമെന്നും രവി ശങ്കര്‍ പ്രസാദ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം, ഇലക്‌ടറല്‍ ബോണ്ട് സുപ്രീംകോടതി റദ്ദാക്കിയ വിഷയം, കര്‍ഷകസമരം എന്നിവ ദേശീയ കൗണ്‍സിലില്‍ പരാമര്‍ശമുണ്ടാകുമോ എന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
Also Read: മദ്യനയക്കേസില്‍ കെജ്‌രിവാൾ ഇന്ന് കോടതിയില്‍...ശക്തി തെളിയിക്കാൻ നിയമസഭയില്‍ അവിശ്വാസ പ്രമേയം