ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിയുടെ ജന്‍പഥ് വസതിക്ക് മുന്നില്‍ ബിജെപി സിഖ് സെല്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. അമേരിക്കയില്‍ നടത്തിയ സിഖ് പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് മാപ്പ് പറയണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
മുദ്രാവാക്യം മുഴക്കിയും പ്ലക്കാര്‍ഡുകളേന്തിയും വിജ്ഞാന്‍ ഭവനില്‍ നിന്ന് പ്രതിഷേധവുമായെത്തിയ സ്‌ത്രീകളടക്കമുള്ളവര്‍ രാഹുലിന്‍റെ വസതിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചെങ്കിലും ബാരിക്കേഡുകള്‍ വച്ച് പൊലീസ് തടഞ്ഞു. ആര്‍എസ്‌എസ് ചില മതങ്ങളെയും ഭാഷകളെയും സമൂഹങ്ങളെയും മറ്റുള്ളവയെക്കാള്‍ താഴ്‌ന്നതായി പരിഗണിക്കുന്നുവെന്നും ഇന്ത്യയില്‍ നടക്കുന്ന പോരാട്ടങ്ങള്‍ ഇതിന്‍റെ അടിസ്ഥാനത്തിലാണെന്നും രാഷ്‌ട്രീയമല്ലെന്നും രാഹുല്‍ വാഷിങ്ടണ്‍ ഡിസിയില്‍ നൂറ് കണക്കിന് ഇന്ത്യന്‍ അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്യവേ ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ സിഖുകാര്‍ തലപ്പാവ് ധരിക്കണോ കത്തി ധരിക്കണോ എന്നതിനെച്ചൊല്ലിയാണ് അവിടുത്തെ പോരാട്ടങ്ങള്‍. ഒരു സിഖുകാരന് ഗുരദ്വാരയില്‍ പോകാനാകുമോ എന്ന വിഷയത്തിലും പ്രശ്‌നങ്ങള്‍ അരങ്ങേറുന്നു. ആള്‍ക്കൂട്ടത്തില്‍ തലപ്പാവ് അണിഞ്ഞ് നിന്ന ഒരു വ്യക്തിയുടെ പേര് ചോദിച്ച ശേഷമായിരുന്നു രാഹുലിന്‍റെ ഈ പരാമര്‍ശങ്ങള്‍. താങ്കളെ സംബന്ധിച്ച് മാത്രമല്ല എല്ലാ മതങ്ങളെ സംബന്ധിച്ചും ഇതാണ് ഇന്ത്യയിലെ അവസ്ഥയെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സിഖുകാരെ അവഹേളിച്ചതിന് രാഹുല്‍ മാപ്പ് പറയണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. 1984ല്‍ രാജ്യത്ത് അരങ്ങേറിയ സിഖ് വിരുദ്ധ കലാപത്തിന് കോണ്‍ഗ്രസാണ് ഉത്തരവാദികളെന്നും അവര്‍ ആരോപിച്ചു. രാഹുല്‍ തന്‍റെ പരാമര്‍ശങ്ങളിലൂടെ സിഖ് ജനതയെ അപമാനിച്ചെന്ന് ബിജെപി ദേശീയ വക്താവ് ആര്‍പി സിങ് ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സിഖ് ജനത പുരോഗതിയിലേക്ക് കുതിക്കുകയാണ്. സിഖ് സമൂഹം സുരക്ഷിതത്വം അനുഭവിക്കുന്നുമുണ്ട്. 1984ല്‍ സിഖ് കൂട്ടക്കൊല നടന്നത് കോണ്‍ഗ്രസ് ഭരണത്തിന്‍ കീഴിലായിരുന്നുവെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.
രാഹുലിന്‍റെ ചിന്തകള്‍ എത്രമാത്രം ഇടുങ്ങിയതാണെന്ന് അദ്ദേഹത്തിന്‍റെ പരാമര്‍ശങ്ങളിലൂടെ വ്യക്തമായതായി ഡല്‍ഹി ബിജെപിയുടെ സിഖ് സെല്‍ കണ്‍വീനര്‍ ചരണ്‍ജിത് സിങ് ലവ്‌ലി പറഞ്ഞു. സിഖ് തലപ്പാവുകള്‍ ഇന്ത്യയില്‍ സുരക്ഷിതമല്ല. സിഖുകാര്‍ക്ക് മതസ്വാതന്ത്ര്യമില്ല. കോണ്‍ഗ്രസാണ് ചരിത്രപരമായി സിഖുകാരെ ഏറ്റവും അധികം ദ്രോഹിച്ചിട്ടുള്ളതെന്നും 1984ലെ കലാപം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്‍റെ കുടുംബ ചരിത്രം പഠിക്കണമെന്ന് ഡല്‍ഹി ബിജെപി സിഖ് സെല്‍ ചുമതലയുള്ള തര്‍വീന്ദര്‍ മര്‍വ നിര്‍ദേശിച്ചു. മുത്തശിയും പിതാവും സിഖ് സമുദായത്തിന് മേല്‍ അടിച്ചേല്‍പ്പിച്ച അരാജകത്വം മനസിലാക്കാനും അദ്ദേഹം ഉപദേശിച്ചു. കോണ്‍ഗ്രസിനെ പോലെ മറ്റൊരു രാഷ്‌ട്രീയ കക്ഷിയും സിഖ് ജനതയോട് ഇത്രമേല്‍ തെറ്റ് ചെയ്‌തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയില്‍ സിഖുകാരെ കുറിച്ച് രാഹുല്‍ നടത്തിയ പരാമര്‍ശങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ബിജെപി അഴിച്ച് വിട്ടിരിക്കുന്നത്. വിവാദ വിഷയങ്ങളില്‍ പരാമര്‍ശം നടത്തി അപകടങ്ങള്‍ ഉണ്ടാക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.