ന്യൂഡൽഹി : 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനും ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായി ആന്ധ്രപ്രദേശില്‍ ബിജെപിയും തെലുങ്കുദേശം പാർട്ടിയും (ടിഡിപി) ജനസേന പാർട്ടിയും സഖ്യമുണ്ടാക്കാൻ ധാരണയായതായി മുൻ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. ആന്ധ്രപ്രദേശ് പൂര്‍ണമായും നശിപ്പിക്കപ്പെട്ടെന്നും ബി.ജെ.പി.യും ടി.ഡി.പി.യും ഒന്നിക്കുന്നത് രാജ്യത്തിനും സംസ്ഥാനത്തിനും നേട്ടമാണെന്നും നായിഡു മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അധികാരത്തിലിരിക്കുന്ന വൈഎസ്ആർ കോൺഗ്രസിനെ തകര്‍ത്ത് സഖ്യം തൂത്തുവാരുമെന്ന് നായിഡു പറഞ്ഞു. ഇന്ന് (09-03-2024) മുതിർന്ന നേതാക്കളുമായി നടന്ന രണ്ടാം ഘട്ട ചർച്ചയ്ക്ക് പിന്നാലെയാണ് പാർട്ടികള്‍ സഖ്യത്തിനുള്ള ധാരണയിലെത്തിയത്.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, ടിഡിപി അധ്യക്ഷൻ നായിഡു, ജനസേനാ പാർട്ടി അധ്യക്ഷൻ പവൻ കല്യാൺ എന്നിവരുമായി നടന്ന രണ്ടാം ഘട്ട ചർച്ചയിലാണ് ധാരണ.
ബിജെപിയും ജനസേനയും ഒന്നിച്ച് ലോക്‌സഭാ െതരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകളിലും നിയമസഭയില്‍ മുപ്പത് സീറ്റുകളിലും മത്സരിച്ചേക്കുമെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ബാക്കിയുള്ള 17 ലോക്‌സഭാ സീറ്റുകളിലും 145 നിയമസഭാ സീറ്റുകളിലും ടിഡിപിയും മത്സരിക്കും. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.
ആറ് ലോക്‌സഭാ സീറ്റുകളിലും നിയമസഭാ സീറ്റുകളിലും ബിജെപി മത്സരിച്ചേക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. ആന്ധ്രാപ്രദേശിൽ ലോക്‌സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഒരേ സമയമാകും നടക്കുക.