ന്യൂഡൽഹി: 11 ലോക്‌സഭ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെക്കൂടി പ്രഖ്യാപിച്ച് ബിജെപി. വിവിധ പാർട്ടികളിൽ നിന്നായി അടുത്തിടെ ബിജെപിയിൽ ചേർന്ന ഭർതൃഹരി മഹ്താബ്, രവ്‌നീത് സിങ് ബിട്ടു, സുശീൽ കുമാർ റിങ്കു, പ്രണീത് കൗർ എന്നിവരെയും പാര്‍ട്ടി രംഗത്തിറക്കിയിട്ടുണ്ട്.
യുഎസിലെ മുൻ ഇന്ത്യൻ അംബാസഡറായ തരൺജിത് സിങ് സന്ധു അമൃത്‌സറിൽ നിന്ന് തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കും. 2019ൽ നോർത്ത് വെസ്‌റ്റ് ഡൽഹിയിൽ നിന്ന് ബിജെപി ടിക്കറ്റിൽ വിജയിച്ച ഹൻസ് രാജ് ഹൻസ് എസ്‌സി വിഭാഗങ്ങൾക്കായി സംവരണം ചെയ്‌ത ഫരീദ്കോട്ടിൽ നിന്ന് മത്സരിക്കും.
അടുത്തിടെ ബിജെഡി വിട്ട് ബിജെപിയിലെത്തിയ മുതിർന്ന പാർലമെന്‍റേറിയൻ മഹ്താബ് കട്ടക്കിലും ബിട്ടു ലുധിയാനയിലും കൗർ പട്യാലയിലും റിങ്കു സംവരണ മണ്ഡലമായ ജലന്ധറിലുമാണ് മത്സരിക്കുന്നത്. പഞ്ചാബ് മുൻ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്‍റെ ചെറുമകനാണ് ബിട്ടു. കോണ്‍ഗ്രസ് വിട്ടാണ് ബിട്ടു ബിജെപിയിലെത്തിയത്. പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്‍റെ ഭാര്യയാണ് പ്രണീത് കൗര്‍. ആം ആദ്‌മി വിട്ടാണ് സുശീൽ കുമാർ റിങ്കു ബിജെപിയിലെത്തിയത്.
പഞ്ചാബില്‍ നിന്ന് ആറ്, പശ്ചിമ ബംഗാളിൽ നിന്ന് രണ്ട്, ഒഡീഷയിൽ നിന്ന് മൂന്ന് എന്നിങ്ങനെ 11 സ്ഥാനാർത്ഥികളെയാണ് ബിജെപി ഇന്ന് (30-03-2024) പ്രഖ്യാപിച്ചത്. 411 സീറ്റുകളിലേക്കാണ് ബിജെപി ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.