ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ കൺവെൻഷൻ വിളിച്ച് ബിജെപി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാര്‍ മുതല്‍ പഞ്ചായത്ത് തലത്തിലുള്ള പ്രതിനിധികളെ വരെ ക്ഷണിച്ചാണ് വന്‍ സമ്മേളനം ബിജെപി ഒരുക്കുന്നത്. ഫെബ്രുവരി 17-18 തീയതികളിലായി ദേശീയ തലസ്ഥാനത്തെ ഭാരത് മണ്ഡപത്തിലായിരിക്കും ദ്വിദിന കണ്‍വെന്‍ഷന്‍ ചേരുക.
തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നതിനും, അത് താഴെത്തട്ടില്‍ നടപ്പിലാക്കുന്നതിനുള്ള ആലോചനകള്‍ക്കുമായി ഫെബ്രുവരി 17ന് ആരംഭിക്കുന്ന സമ്മേളനം പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 18ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തോടെ കൺവെൻഷൻ സമാപിക്കും. ഇതിന് മുന്നോടിയായി ദേശീയ ഭാരവാഹികളുടെ യോഗവും ബിജെപി വിളിച്ചിട്ടുണ്ട് (BJP Has Convened A National Convention On February 17-18).
ദേശീയ എക്‌സിക്യൂട്ടീവ്, ദേശീയ കൗണ്‍സില്‍ ഭാരവാഹികള്‍, രാജ്യത്തുടനീളമുള്ള ജില്ലാ പ്രസിഡന്‍റുമാര്‍, ജില്ലാ ഭാരവാഹികള്‍, ലോക്‌സഭ ഭാരവാഹികള്‍, ക്ലസ്റ്റര്‍ ഭാരവാഹികള്‍, ലോക്‌സഭ കണ്‍വീനര്‍മാര്‍, അച്ചടക്ക സമിതി, ധനകാര്യ സമിതി, സംസ്ഥാനങ്ങളുടെ മുഖ്യ വക്താക്കള്‍, മീഡിയ സെല്‍ കണ്‍വീനര്‍മാര്‍, ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള വിവിധ തലങ്ങളിലുള്ള ഐടി സെല്‍ പ്രവര്‍ത്തകര്‍ എന്നിവരെയും രണ്ട് ദിവസത്തെ സുപ്രധാന സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
സംസ്ഥാന ഭാരവാഹികള്‍ക്ക് പുറമെ, നഗര പഞ്ചായത്ത്, കോര്‍പ്പറേഷന്‍ തലത്തിലുള്ള ജനറല്‍ സെക്രട്ടറിമാര്‍ക്കും സെല്‍ കണ്‍വീനര്‍മാര്‍ക്കും മോര്‍ച്ച അധ്യക്ഷന്‍മാര്‍ക്കും കണ്‍വെന്‍ഷനിലേക്ക് ക്ഷണമുണ്ട്.