റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ വലിയ വലിയ വാഗ്‌ദാനങ്ങളാണ് കഴിഞ്ഞ പത്ത് വര്‍ഷമായി നല്‍കുന്നത്. എന്നാല്‍ ഒന്ന് പോലും സാക്ഷാത്ക്കരിച്ചിട്ടില്ലെന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചമ്പായ് സോറന്‍. ഇടിവി ഭാരത് ഝാര്‍ഖണ്ഡ് ബ്യൂറോ ചീഫ് രാജേഷ്കുമാറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഈ ആരോപണം.
ഇക്കുറി രാജ്യത്ത് ഇന്ത്യ സഖ്യത്തിന് അനുകൂലമായ ഒരു തരംഗമാണ് ഉള്ളത്. ഝാര്‍ഖണ്ഡിലെ പതിനാല് സീറ്റുകളും തങ്ങള്‍ നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. അഭിമുഖത്തിലെ പ്രസക്‌ത ഭാഗങ്ങളിലേക്ക്.
- ഇക്കുറി തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ സംസ്ഥാനത്ത് എന്തൊക്കെ വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ചയായത്?
ഒരൊറ്റ വിഷയവും ഒരൊറ്റ ചിന്തയുമായാണ് ഇക്കുറി ഇന്ത്യാ സഖ്യം രാജ്യമെമ്പാടും ജനവിധി തേടുന്നത്. തൊഴിലില്ലായ്‌മ, വനിത ശാക്‌തീകരണം തുടങ്ങി രാജ്യത്തെ സാധാരണക്കാരനെ ബാധിക്കുന്ന എല്ലാ വിഷയങ്ങളും ഇക്കുറി തെരഞ്ഞെടുപ്പ് ചര്‍ച്ചയായി. കഴിഞ്ഞ പത്ത് വര്‍ഷമായി നമ്മുടെ പ്രധാനമന്ത്രി വാതോരാതെ നിരവധി വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇവയില്‍ ഒന്നു പോലും നടപ്പാക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. പ്രധാനമന്ത്രിയുടെ തന്ത്രങ്ങള്‍ നമ്മുടെ നാട്ടിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ഇന്ത്യാ സഖ്യത്തിനെക്കൊണ്ട് മാത്രമേ തങ്ങള്‍ക്ക് എന്തെങ്കിലും പ്രയോജനമുണ്ടാകൂ എന്നും ജനങ്ങള്‍ മനസിലാക്കിയിരിക്കുന്നു. ജനക്ഷേമത്തിന് വേണ്ടി ചെയ്‌ത കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജനങ്ങളെ തങ്ങള്‍ സമീപിച്ചത്. ബിജെപി ദീര്‍ഘകാലം ഝാര്‍ഖണ്ഡ് ഭരിച്ചു. എന്നാല്‍ ഗിരി വര്‍ഗ ജനതയ്‌ക്കോ പാവങ്ങള്‍ക്കോ വേണ്ടി എന്തെങ്കിലും വികസനം നടപ്പാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ഗോത്രജനതയെ സംരക്ഷിക്കാനുള്ള സര്‍ണ ധര്‍ണ നിയമം പോലും അവര്‍ക്ക് നടപ്പാക്കാനായില്ല. മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് പതിനാല് മുതല്‍ 27 ശതമാനം വരെ സംവരണം നല്‍കണമെന്ന ആവശ്യവും രാജ്ഭവനില്‍ കുടുങ്ങിക്കിടപ്പാണ്.
- ബിജെപി ആദിവാസി വിരുദ്ധരാണെങ്കില്‍ എങ്ങനെയാണ് ഗോത്രവിഭാഗത്തില്‍ നിന്നുള്ള അര്‍ജുന്‍ മുണ്ട രണ്ടാം മോദി സര്‍ക്കാരില്‍ ആദിവാസി, കാര്‍ഷിക കര്‍ഷകക്ഷേമ മന്ത്രിയായത്?
2021 നവംബര്‍ പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ നവംബര്‍ പതിനഞ്ച് ആദിവാസി സ്വാഭിമാന്‍ ദിനമായി ആചരിക്കുന്നതിന് അംഗീകാരം നല്‍കി. നവംബര്‍ പതിനഞ്ച് ഝാര്‍ഖണ്ഡ് രൂപീകരണദിനവും ബിര്‍സ മുണ്ടയുടെ ജന്മദിനവുമാണ്. ബ്രിട്ടീഷ് കോളനി സംവിധാനത്തിന്‍റെ ചൂഷണത്തിനും ബ്രീട്ടീഷ് അടിച്ചമര്‍ത്തലിനുമെതിരെ പ്രക്ഷോഭം നയിച്ച ധീര ദേശാഭിമാനിയായിരുന്നു ബിര്‍സമുണ്ട. എന്നാല്‍ ലോക ആദിവാസി ദിനത്തില്‍ പ്രധാനമന്ത്രി ഒരിക്കല്‍ പോലും ആശംസകള്‍ അറിയിച്ചിട്ടില്ലെന്നത് ഏറെ വൈരുദ്ധ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനസംഖ്യാ കണക്കെടുപ്പ് പട്ടികയില്‍ ഒരു കോളത്തില്‍ സവര്‍ണ ധര്‍ണ നിയമത്തെക്കുറിച്ച് ഒരു കുറിപ്പിടാന്‍ എന്ത് കൊണ്ട് ഇതുവരെ കഴിഞ്ഞില്ല? ബിജെപിയെ ഒരിക്കലും ആദിവാസി സൗഹൃദമാണെന്ന് അടയാളപ്പെടുത്താനാകില്ല.
- സംസ്ഥാനത്തെ പട്ടിണിക്കാര്‍ക്ക് വേണ്ടി നിങ്ങള്‍ എന്ത് ചെയ്‌തു?
സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പിഎം ആവാസ് യോജനയില്‍ നിന്നുള്ള സഹായം മോദി സര്‍ക്കാര്‍ നിര്‍ത്തലാക്കിയിട്ട് അഞ്ച് വര്‍ഷമായി. ഇതോടെ ഗ്രാമീണ മേഖലകളിലെ നാശോന്‍മുഖമായ വീടുകളില്‍ താമസിക്കുന്ന പാവങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാമുള്ള സ്ഥിരം വീടുകള്‍ 2026 ഓടെ നിര്‍മ്മിച്ച് നല്‍കാനുള്ള ഒരു പദ്ധതി ആവിഷ്ക്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമായി. പ്രധാനമന്ത്രി ആവാസ് യോജനയുടെ പ്രയോജനം ലഭിക്കാത്തവരെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. സര്‍വജന്‍ പെന്‍ഷന്‍ യോജനയും സംസ്ഥാനത്ത് നടപ്പാക്കി വരുന്നു. ഇതിലൂടെ 7,79,142 പേര്‍ക്ക് എല്ലാ മാസവും ആയിരം രൂപ നല്‍കുന്നു. സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- തൊഴിലില്ലായ്‌മയും പണപ്പെരുപ്പവും തന്നെ ആയിരുന്നോ ബിജെപിക്കെതിരെയുള്ള നിങ്ങളുടെ മുഖ്യ ആയുധങ്ങള്‍?
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ എപ്പോഴെങ്കിലും തൊഴിലില്ലായ്‌മയെയും പണപ്പെരുപ്പത്തെയും സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ എന്തെങ്കിലും ഉരിയാടിയിട്ടുണ്ടോ? രാജ്യത്തെ ഉയര്‍ന്ന പണപ്പെരുപ്പം ചൂണ്ടിക്കാട്ടി വോട്ട് പിടിച്ചാണ് 2014 ല്‍ ബിജെപി അധികാരത്തിലെത്തിയത്. പാചകവാതക സിലിണ്ടറിന്‍റെ വില നാനൂറില്‍ നിന്ന് ഇപ്പോള്‍ 1200 ആയിരിക്കുന്നു. പെട്രോള്‍ വില ലിറ്ററിന് നൂറ് കടന്നു. പാവങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാതെ എന്ത് പറഞ്ഞ് ഇവര്‍ വോട്ട് തേടി എന്നാണ് തനിക്ക് അറിയേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
- ദാരിദ്ര്യം കുറഞ്ഞെന്നും സമ്പദ്ഘടന ശാക്തീകരിക്കപ്പെട്ടുവെന്നും കരുതുന്നുണ്ടോ?
സര്‍ക്കാര്‍ ഇപ്പോഴും 80 കോടി പേര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നു. രാജ്യത്ത് നിന്ന് പൂര്‍ണമായും ദാരിദ്ര്യം തുടച്ച് നീക്കാനായിട്ടില്ലെന്ന് വേണം ഇതില്‍ നിന്ന് മനസിലാക്കാന്‍. സര്‍ക്കാര്‍ കുറച്ച് കുത്തക മുതലാളിമാരുടെ താത്പര്യം സംരക്ഷിക്കാനായി നിലകൊള്ളുന്നു. ഇവരെ വോട്ട് ചെയ്‌ത് അധികാരത്തിലേറ്റിയ ജനങ്ങളെ മറന്ന് പോകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- അലംഗിര്‍ അലാമിനെതിെര എന്ത് നടപടി കൈക്കൊള്ളും? സംസ്ഥാനത്തെ പാര്‍ലമെന്‍ററി കാര്യമന്ത്രിയായി പ്രവര്‍ത്തിക്കുന്ന അലം സംസ്ഥാന ഗ്രാമീണ വികസന വകുപ്പില്‍ നിന്ന് അനധികൃതമായി കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുകയാണ്.
ആരോപണങ്ങള്‍ തെളിയും വരെ മന്ത്രിസഭയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല. അഴിമതിയില്‍ ഉള്‍പ്പെട്ട മറ്റുള്ളവരുടെ കാര്യത്തില്‍ എന്താണ് നടപടിയെടുക്കാത്തത് എന്ന ചോദ്യം അവശേഷിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
- കല്‍പ്പന സോറന്‍ അടുത്ത മുഖ്യമന്ത്രി ആകുമോ?
ഗിരിദിഹില്‍ നിന്നുള്ള ജെഎംഎം എംഎല്‍എ സുദിവ്യകുമാര്‍ സോനുവിന്‍റെ പ്രസ്‌താവനയുെട അടിസ്ഥാനത്തിലാണ് ഈ ചോദ്യം. മുഖ്യമന്ത്രിയ്ക്ക് സമാന്തരമായ ഒരു നേതാവായി കല്‍പ്പനയെ പരിഗണിക്കുന്നുവെന്നായിരുന്നു സുദിവ്യകുമാറിന്‍റെ പരാമര്‍ശം. മറ്റുള്ളവരുടെ പരാമര്‍ശങ്ങളുടെ പേരില്‍ ഈ ചോദ്യത്തിന് മറുപടി നല്‍കാന്‍ പറ്റിയ സമയമല്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- ഇന്ത്യ സഖ്യം അധികാരത്തില്‍ വന്നാല്‍ ആരാകും പ്രധാനമന്ത്രി?
അക്കാര്യത്തില്‍ തീരുമാനം പൂര്‍ണമായും സഖ്യത്തിന്‍റേതാകും. ആ പ്രഖ്യാപനത്തില്‍ ഇത്രയധികം ആകാംക്ഷയുടെ കാര്യമില്ലെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
- ഹേമന്ത് സോറനെ ജയിലില്‍ സന്ദര്‍ശിച്ചപ്പോള്‍ എന്താണ് ചര്‍ച്ച ചെയ്‌തത്?
ഹേമന്ത് സോറന്‍ പാര്‍ട്ടിയുടെ വര്‍ക്കിങ്ങ് പ്രസിഡന്‍റാണ്. ഞങ്ങള്‍ തമ്മില്‍ കൂടിക്കാഴ്‌ച നടത്തിയപ്പോള്‍ സീറ്റ് പങ്കിടലും ആരെയൊക്കെ ഇന്ത്യ സഖ്യത്തിന്‍റെ സ്ഥാനാര്‍ത്ഥികള്‍ ആക്കണം എന്നതിനെ ചൊല്ലിയും മറ്റും സംസാരിച്ചു. സംഘടനയെ ശക്തമാക്കുന്നതിനെക്കുറിച്ചും ജനക്ഷേമത്തിനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- നാനൂറ് കടക്കുമെന്ന ബിജെപി മുദ്രാവാക്യത്തെക്കുറിച്ച് എന്ത് തോന്നുന്നു?
എന്തടിസ്ഥാനത്തിലാണ് ബിജെപി തങ്ങള്‍ നാനൂറിലേറെ സീറ്റുകള്‍ നേടുമെന്ന് പറയുന്നതെന്ന് മനസിലാകുന്നില്ലെന്ന് സോറന്‍ പറഞ്ഞു. തങ്ങളുടെ പ്രകടനത്തില്‍ അവര്‍ക്ക് അത്രയധികം ആത്മവിശ്വാസം ഉണ്ടെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തിനാണ് പാതിരായ്ക്ക് പലയിടത്തും വോട്ട് തെണ്ടാന്‍ പോകുന്നത്? 2019ലെ ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് കാലത്തും തങ്ങള്‍ 65 സീറ്റ് കടക്കുമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. എന്നാല്‍ കേവലം 25 സീറ്റ് കൊണ്ട് അവര്‍ക്ക് തൃപ്‌തിപ്പെടേണ്ടി വന്നു എന്നും കൂട്ടിച്ചേര്‍ത്തു.