ജയ്‌പൂര്‍: ബിജെപി സര്‍ക്കാര്‍ ഭരണഘടനയെ ആദരിക്കുന്നുവെന്നും അംബേദ്ക്കറിന് പോലും ഇനി ഭരണഘടനയെ ഇല്ലാതാക്കാനാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി ഭരണഘടന ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് മോദിയുെടെ ഈ പരാമര്‍ശം.
ബാര്‍മറില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേയാണ് മോദിയുടെ ഈ പരാമര്‍ശം. കോണ്‍ഗ്രസ് ദേശവിരുദ്ധ ശക്തികള്‍ക്കൊപ്പം നിലയുറപ്പിച്ചിരിക്കുന്നു. ഇന്ത്യ സഖ്യം രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പിന്നീട് അദ്ദേഹം ദൗസ ലോക്‌സഭ മണ്ഡലത്തിലും ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തു. ബിജെപി സ്ഥാനാര്‍ത്ഥി കനയ്യ ലാല്‍ മീണയ്ക്ക് പിന്തുണ തേടി നടത്തിയ റോഡ്‌ഷോയിലും മോദി സംബന്ധിച്ചു. ബാര്‍മറില്‍ സ്ഥാനാര്‍ഥിയും കേന്ദ്ര സഹമന്ത്രിയുമായ കൈലാസ് ചൗധരിക്ക് വേണ്ടി സംഘടിപ്പിച്ച റാലിയിലും അദ്ദേഹം സംബന്ധിച്ചു.
ദശാബ്‌ദങ്ങളായി കോണ്‍ഗ്രസ് പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളോട് വിവേചനം കാട്ടുന്നു. ഇതിലൂടെ ബാബാസാഹേബിനെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തി. അദ്ദേഹത്തിന് ഭാരത രത്ന നല്‍കിയില്ല. രാജ്യത്ത് അടിയന്തരാവസ്ഥ കൊണ്ടുവന്ന് ഭരണഘടനയെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ മോദിയെ അപമാനിക്കാന്‍ ഭരണഘടനയെ മറയാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ പേരില്‍ ഇന്ത്യ മുന്നണി നുണ പറയുന്നു. തന്‍റെ സര്‍ക്കാരാണ് ഭരണഘടന ദിനാഘോഷം എന്ന ആശയം തന്നെ കൊണ്ടുവന്നതെന്നും മോദി അവകാശപ്പെട്ടു. ഇതിനെ കോണ്‍ഗ്രസ് എതിര്‍ത്തു. അംബേദ്ക്കറുമായി ബന്ധപ്പെട്ട് പഞ്ചതീര്‍ത്ഥങ്ങള്‍ വികസിപ്പിച്ചു. ബിജെപി നാനൂറ് സീറ്റുകള്‍ നേടുന്നതിനെക്കുറിച്ചാണ് ജനങ്ങള്‍ സംസാരിക്കുന്നത്. കോണ്‍ഗ്രസ് തങ്ങളെ പലതും ചെയ്യാന്‍ അനുവദിച്ചില്ലെങ്കിലും കഴിഞ്ഞ പത്ത് വര്‍ഷമായി നല്ല കാര്യങ്ങള്‍ പലതും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജനങ്ങള്‍ കോണ്‍ഗ്രസിനെ ശിക്ഷിക്കും. ആദ്യം നിങ്ങള്‍ മനസ് ശുദ്ധമാക്കൂ എന്നും അദ്ദേഹം കോണ്‍ഗ്രസിനെ ഉപദേശിച്ചു. സര്‍ക്കാരിന് ഭരണഘടനയെന്നാല്‍ ഗീതയും രാമായണവും മഹാഭാരതവും ബൈബിളും ഖുറാനും ഒക്കെയാണ്. ഭരണഘടന തങ്ങള്‍ക്ക് എല്ലാമാണ്. രാജ്യത്തെ കരുത്തുറ്റതാക്കി മാറ്റാനാണ് മോദി സര്‍ക്കാരിന്‍റെ ശ്രമം.
ഗുജറാത്തിലെ കച്ചാണ് രാജ്യത്ത് ഏറ്റവും വേഗത്തില്‍ വികസിച്ച് കൊണ്ടിരിക്കുന്ന സ്ഥലം. ഇവിടെ ഭൂമി വില മുംബൈയുടേതിന് സമമായിരിക്കുന്നു. കച്ച് പോലെ ബാര്‍മറിനെയും മാറ്റിയെടുക്കുമെന്നും മോദി പറഞ്ഞു.