ഭുവനേശ്വർ : ഒഡിഷയിലെ ആദ്യ ബിജെപി സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങ് ജൂൺ 12ലേക്ക് മാറ്റിയതായി പാർട്ടി നേതാക്കളായ ജതിൻ കുമാർ മൊഹന്തിയും വിജയ്‌പാൽ സിങ് തോമറും. വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുന്ന നരേന്ദ്ര മോദിയുടെ തിരക്ക് കണക്കിലെടുത്താണ് സത്യപ്രതിജ്ഞ ചടങ്ങ് മാറ്റിയത്. ഒഡിഷയിലെ ആദ്യ ബിജെപി സർക്കാർ ജൂൺ 10ന് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി പറഞ്ഞിരുന്നു. തുടർന്നാണ് തീയതിയിൽ മാറ്റം വരുത്തിയതായി സംസ്ഥാന ബിജെപി നേതാക്കൾ അറിയിച്ചത്.
അതേസമയം, ഒഡിഷയിൽ പുതിയ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. കേന്ദ്രനേതൃത്വത്തിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇതുവരെ ആരെയും കണ്ടെത്താനായിട്ടില്ലെങ്കിലും വ്യക്തമായ ചിത്രം വരാൻ രണ്ട് ദിവസം കൂടി കാത്തിരിക്കണമെന്നുമാണ് ഒഡിഷ യൂണിറ്റ് പ്രസിഡൻ്റ് മൻമോഹൻ സമൽ മാധ്യമങ്ങളോട് പറഞ്ഞത്. മുതിർന്ന ബിജെപി നേതാവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎയുമായ സുരേഷ് പൂജാരി ന്യൂഡൽഹിയിലാണ്. അദ്ദേഹത്തിന് ഉന്നതസ്ഥാനം ലഭിക്കുമെന്നുള്ള അഭ്യൂഹങ്ങളും ഉയർന്നുവരുന്നുണ്ട്. കേന്ദ്ര നേതാക്കളുമായി ചർച്ച നടത്താനാണ് അദ്ദേഹത്തെ ഡൽഹിയിലേക്ക് വിളിച്ചതെന്നാണ് സൂചന.
മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെയാണ് മോദിയുടെ നേതൃത്വത്തിൽ പാർട്ടി നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 147 അംഗ നിയമസഭയിൽ 78 സീറ്റുകൾ നേടി ബിജെപി മികച്ച ഭൂരിപക്ഷം നേടിയിരുന്നു.
Also Read: 24 വര്‍ഷത്തെ ഭരണം പോകാൻ കാരണം...? ഒഡിഷയിലെ തോല്‍വി പരിശോധിക്കാൻ ബിജെഡി