മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് ബിജെപിയ്‌ക്ക് ഒറ്റയ്‌ക്ക് വിജയിക്കാനാകില്ലെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും അദ്ദേഹം പറഞ്ഞു. എൻഡിടിവിയുടെ മറാത്തി കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ബിജെപിക്ക് ഒറ്റയ്‌ക്ക് മാത്രം നിന്നുകൊണ്ട് സംസ്ഥാനത്ത് വിജയിക്കാനാകില്ല. എന്നാൽ ഏറ്റവും കൂടുതൽ സീറ്റുകളും ഉയർന്ന വോട്ടിങ് ശതമാനവും ഞങ്ങൾക്കുണ്ടെന്നതും (ബിജെപി) സത്യമാണ്. തെരഞ്ഞെടുപ്പിന് ശേഷം ബിജെപി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയരുന്നതായിരിക്കും. മൂന്ന് പാർട്ടികളുടെയും വോട്ടുകൾ ഏകീകരിക്കുന്നതിലൂടെ മാത്രമേ ഞങ്ങൾക്ക് വിജയിക്കാനാകൂ"- അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം കിട്ടാത്തതിൽ ചില ബിജെപി നേതാക്കൾ വിമർശനം ഉന്നയിച്ചതും അവർ വിമതരായി മാറാനുള്ള സാധ്യതയെക്കുറിച്ചും ചോദിച്ചപ്പോഴുള്ള ഫട്‌നാവിസിന്‍റെ പ്രതികരണം ഇങ്ങനെ... "മറ്റ് പാർട്ടികളുടെ വോട്ടുകൾ വേണമെന്ന് ഒരു പാർട്ടിയും പറയില്ല. എന്നാൽ സീറ്റ് വിഭജനത്തിൽ വിട്ടുവീഴ്‌ച ചെയ്യാനും തയ്യാറാവില്ല. ഈ നിയമസഭ തെരഞ്ഞെടുപ്പിൽ ഞങ്ങളുടെ ചില നേതാക്കള്‍ക്ക് അവസരം ലഭിക്കാത്തതിൽ എനിക്ക് സങ്കടമുണ്ട്. നിരവധി സിനിമകൾ നിർമിക്കുന്നതുപോലെയാണ് സംസ്ഥാനത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥ. അഭിനയിക്കുന്നവർക്കെല്ലാം തന്നെ നായക വേഷം ലഭിക്കുന്നതായിരിക്കും" ഫട്‌നാവിസ് വ്യക്തമാക്കി.
സംസ്ഥാനത്തെ 288 മണ്ഡലങ്ങളിൽ 121 മണ്ഡലങ്ങളിലേക്കാണ് ബിജെപി ഇതുവരെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ശിവസേന, എൻസിപി, റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ എന്നീ പാർട്ടികളുടെ സഹകരണത്തോടെ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് ഫഡ്‌നാവിസ് പറഞ്ഞു.
അടുത്ത മാസത്തെ പൊതുതെരഞ്ഞെടുപ്പിൻ്റെ സ്വാധീനത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോൾ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര ആദ്യമായി "വോട്ട്-ജിഹാദിന്" സാക്ഷ്യം വഹിച്ചെന്നും മഹായുതിക്ക് സംസ്ഥാനത്തെ 48 സീറ്റുകളിൽ 17 എണ്ണം മാത്രമേ നേടാനായുള്ളുവെന്നും ചൂണ്ടിക്കാട്ടി. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ അതു പ്രതിഫലിക്കില്ലെന്നും ഫഡ്‌നാവിസ് അഭിപ്രായപ്പെട്ടു. അതേസമയം 288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 20 നും വോട്ടെണ്ണൽ നവംബർ 23 നും നടക്കും.