ഗോപാൽഗഞ്ച്: ബിഹാറിലെ ഒരു സ്‌കൂളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധ്യാപിക അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് സ്‌കൂള്‍ അധികൃതര്‍ക്ക് രക്ഷിതാക്കള്‍ പരാതി നല്‍കി. 'പ്രധാനമന്ത്രി നരേന്ദ്ര മോദി പത്ത് വർഷമായി ജനങ്ങളെ വിഡ്ഢികളാക്കുകയായിരുന്നു' എന്ന വാചകം വിദ്യാര്‍ഥികള്‍ക്ക് വിവര്‍ത്തനം ചെയ്യാൻ അധ്യാപിക നല്‍കിയതാണ് വിവാദമായത്. ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ ജെയ്‌ത്പൂർ രുദ്രാപൂർ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം.
വിവാദമായ വിവർത്തനം സ്‌കൂളിലെ വിദ്യാർത്ഥികൾ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കളാണ് സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയത്. ഒക്‌ടോബർ അഞ്ചിന് സ്‌കൂളിലെ അധ്യാപിക സുൽത്താന ഖാട്ടൂൺ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തില്‍ ഒരു വാചകം പരിഭാഷപ്പെടുത്താൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു.
ഇതിനുപിന്നാലെയാണ്, അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ പരാതിയുമായി സ്‌കൂള്‍ അധികൃതരെ സമീപിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അധ്യാപിക വിദ്യാർഥികൾക്ക് രാഷ്ട്രീയവും വിവാദപരവുമായ വിവർത്തനങ്ങൾ നൽകാറുണ്ടെന്ന് രക്ഷിതാക്കൾ പരാതിയിൽ വ്യക്തമാക്കി.
അധ്യാപികയോട് വിശദീകരണം തേടി സ്‌കൂള്‍ അധികൃതര്‍:
സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരെ രക്ഷിതാക്കള്‍ രേഖാമൂലം പരാതി നല്‍കിയ പശ്ചാത്തലത്തില്‍ സ്‌കൂള്‍ അധികൃതര്‍ അധ്യാപിക സുല്‍ത്താനയില്‍ നിന്നും വിശദീകരണം തേടി. അധ്യാപികയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സ്‌കൂള്‍ മാനേജ്‌മെന്‍റ് രക്ഷിതാക്കളെ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പഠിപ്പിക്കുന്നതിനിടയിൽ പ്രധാനമന്ത്രി മോദിക്കെതിരെ അപമര്യാദയായി പരാമർശം നടത്തുന്നത് ഒരു അധ്യാപികയ്‌ക്ക് ചേരുന്നതല്ല. അതിനാൽ അവരോട് വിശദീകരണം തേടിയിട്ടുണ്ട്. ഉത്തരം ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക് എഡ്യുക്കേഷൻ ഓഫിസര്‍ ലഖിന്ദര്‍ ദാസ് പറഞ്ഞു.
ഗോപാൽഗഞ്ച് ജില്ലാ മജിസ്‌ട്രേറ്റ് പ്രശാന്ത് കുമാറും വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയാല്‍ അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കുമെന്നും ഡിഎം ഉറപ്പ് നൽകി. പ്രധാനമന്ത്രി മോദിയെക്കുറിച്ചുള്ള വിവാദ പരിഭാഷയുടെ പേരിൽ അധ്യാപികയെ സ്‌കൂളിൽ നിന്ന് പുറത്താക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.