നാല്‍പ്പത് സീറ്റുകളുള്ള ബിഹാര്‍, കേന്ദ്ര ഭരണം ആര്‍ക്കെന്ന് നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ്. അപ്രതീക്ഷിതമായ ഒട്ടേറെ രാഷ്ട്രീയ നാടകങ്ങള്‍ക്കാണ് ഇക്കഴിഞ്ഞ കുറച്ച് കാലത്തിനിടയില്‍ ബിഹാര്‍ സാക്ഷ്യം വഹിച്ചത്. മുഖ്യമന്ത്രി നിതീഷ് കുമാറിന് രാജ്യത്തെ ഏറ്റവും വലിയ കാലുമാറ്റക്കാരനെന്ന കുപ്രസിദ്ധി സ്വന്തമായി ചാര്‍ത്തിക്കിട്ടിയ രാഷ്ട്രീയ നീക്കങ്ങള്‍. ആത്മ മിത്രങ്ങള്‍ ശത്രുക്കളായപ്പോള്‍ എതിരാളികള്‍ ഒരുമിച്ചു. ഇന്ത്യാസഖ്യം രൂപീകരിക്കാന്‍ രാഹുലിനൊപ്പം ഓടി നടന്ന നിതീഷ് കുമാര്‍ മറുകണ്ടം ചാടി ബിജെപിയുടെ ഇഷ്‌ട ഭാജനമായി.
2019 ല്‍ ബിഹാറിലെ 40 സീറ്റില്‍ ഫലം ഇപ്രകാരമായിരുന്നു.
എന്‍ ഡി എ - 39 - ബിജെപി 17, ജെഡിയു - 16, എല്‍ജെപി - 6
മഹാസഖ്യം - കോണ്‍ഗ്രസ് 1, ആര്‍ജെഡി - 0, ഇടത് 0
ബിജെപി മത്സരിച്ച 17 സീറ്റിലും ജയിച്ചപ്പോള്‍ എല്‍ജെപി ആറില്‍ ആറും നേടി. മത്സരിച്ച 17 ല്‍ ഒരു സീറ്റില്‍ ജെഡിയു സ്ഥാനാര്‍ഥി പരാജയപ്പെട്ടു. ആര്‍ ജെഡി സഖ്യത്തില്‍ ഒന്‍പത് സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ഒരു സീറ്റ് ജയിച്ചു. ആര്‍ജെഡി 19 സീറ്റിലും പരാജയപ്പെട്ടു. കിഷന്‍ഗഞ്ചില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മൊഹമ്മദ് ജാവേദിന്‍റെ ജയം 34466 വോട്ടുകള്‍ക്കായിരുന്നു.
2014 ല്‍ ജെഡിയു പിന്തുണയില്ലാതെ എല്‍ജെപി, ആര്‍എല്‍എസ്‌പി സഖ്യത്തില്‍ മത്സരിച്ചപ്പോള്‍ ബിജെപിക്ക് പാര്‍ട്ടിയെന്ന നിലയില്‍ വന്‍ നേട്ടമായിരുന്നു. 30 സീറ്റില്‍ മത്സരിച്ച ബിജെപി ആ വര്‍ഷം 22 സീറ്റുകള്‍ നേടി. രാംവിലാസ് പസ്വാന്‍റെ എല്‍ജെപി ഏഴില്‍ ആറും ആര്‍എല്‍എസ്‌പി മൂന്നില്‍ മൂന്ന് സീറ്റും പിടിച്ചു.
മഹാസഖ്യത്തില്‍ 27 ഇടത്ത് മത്സരിച്ച ആര്‍ജെഡിക്ക് കിട്ടിയത് നാല് സീറ്റ്. 12 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ജയിച്ചത് രണ്ടിടത്ത്. എന്‍ സി പിക്കും കിട്ടി ഒരു സീറ്റ്. 40 സീറ്റിലും ഒറ്റയ്ക്ക് മല്‍സരിച്ച ജെഡിയുവിന് ജയിക്കാനായത് രണ്ടിടത്ത് മാത്രം.
ജെഡിയു കൂടി മുന്നണിയിലേക്ക് വന്നതോടെ സീറ്റുകളുടെ കാര്യത്തില്‍ ബിജെപിക്ക് ഏറെ വിട്ടുവീഴ്‌ച ചെയ്യേണ്ടി വന്നു. 2019 ല്‍ 17 സീറ്റ് ജെഡിയുവിന് വിട്ടു കൊടുത്ത് 17 ഇടത്ത് മാത്രമാണ് ബിജെപി മത്സരിച്ചത്. ഇത്തവണയും ബിജെപി 17 സീറ്റില്‍ മത്സരിക്കുന്നു. അടുത്തിടെ എന്‍ഡിഎയിലെത്തിയ ജെഡിയു 16 സീറ്റുകളിലാണ് മത്സരിക്കുന്നത്. ചിരാഗ് പസ്വാന്‍റെ ലോക് ജനശക്തി പാര്‍ട്ടി അഞ്ചിലും ജിതന്‍ റാം മാഞ്ചിയുടെ എച്ച്എഎം ഉപേന്ദ്ര കുശ്‌വാഹയുടെ ആര്‍എല്‍എം എന്നിവ ഓരോ സീറ്റിലും മത്സരിച്ചു.
ഇന്ത്യാസഖ്യത്തില്‍ ആര്‍ജെഡി 23 സീറ്റിലും കോണ്‍ഗ്രസ് ഒന്‍പതിലും സിപിഐ എം എല്‍ ലിബറേഷന്‍, വിഐപി പാര്‍ട്ടി എന്നിവ മൂന്ന് സീറ്റുകളില്‍ വീതവും സിപിഐഎം, സിപിഐ എന്നിവ ഓരോ സീറ്റിലും മത്സരിച്ചു. ഇതിലൊന്നും പെടാതെ ഒവൈസിയുടെ എ ഐഎം ഐഎം 11 സീറ്റില്‍ മത്സരിച്ചു. അഞ്ചോ ആറോ മണ്ഡലങ്ങളിലൊഴികെ മറ്റെല്ലായിടത്തും അര ശതമാനം മുതല്‍ അഞ്ച് ശതമാനം വരെ പോളിങ്ങ് കുറയുന്നതാണ് ബിഹാറില്‍ കണ്ടത്.
കടുത്ത മത്സരം നടക്കുന്ന ബിഹാറിലെ ഏതാനും മണ്ഡലങ്ങള്‍ പരിചയപ്പെടാം.
ഗയ : മുന്‍ മുഖ്യമന്ത്രിയും ബിഹാറിലെ ദളിത് മുഖവും ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച സ്ഥാപകനുമായ ജീതന്‍ റാം മാഞ്ചി എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതാണ് ഗയയിലെ പോരാട്ടത്തിന് വീര്യം പകരുന്നത്. സംവരണ മണ്ഡലമായ ഗയയില്‍ മാഞ്ചിക്ക് ഇത് കന്നിപ്പോരാട്ടമല്ല. 2014 ല്‍ ജെഡിയു ടിക്കറ്റിലും 2019 ല്‍ മഹാസഖ്യത്തിലും ഗയയില്‍ മത്സരിച്ചെങ്കിലും അദ്ദേഹത്തിന് വിജയിക്കാനായിരുന്നില്ല.
2019 ലെ ഫലം
വിജയ് മാഞ്ചി - ജെഡിയു 467007
ജിതന്‍ റാം മാഞ്ചി - മഹാസഖ്യം - 314581
ഭൂരിപക്ഷം - 152426
2024 ലെ സ്ഥാനാര്‍ഥികള്‍
ജിതന്‍ റാം മാഞ്ചി - എന്‍ഡിഎ
കുമാര്‍ സര്‍വജീത്
ആര്‍ജെഡി ബിഹാറിലെ മഹാസഖ്യ സര്‍ക്കാരിലെ മുന്‍ മന്ത്രികൂടിയായിരുന്ന ആര്‍ജെഡി നേതാവ് കുമാര്‍ സര്‍വജീത് മുന്‍ മുഖ്യമന്ത്രിക്ക് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ബോധ് ഗയയില്‍ നിന്നുള്ള എംഎല്‍എയാണെന്നതും സര്‍വജീത്തിന് അനുകൂല ഘടകമാണ്.
കത്തിഹാര്‍ : കോണ്‍ഗ്രസ് നേതാവ് താരീഖ് അന്‍വറും ജെഡിയുവില്‍ നിന്നുള്ള സിറ്റിങ്ങ് എം പി ദുലാല്‍ ചന്ദ്ര ഗോസ്വാമിയും തമ്മിലാണ് കത്തിഹാറില്‍ നേരിട്ടുള്ള പോരാട്ടം.2019 ലും ഇതേ സ്ഥാനാര്‍ഥികള്‍ തമ്മില്‍ത്തന്നെയായിരുന്നു മത്സരം. 57203 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ താരീഖ് അന്‍വറിനെ പരാജയപ്പെടുത്തി ദുലാല്‍ ചന്ദ്ര ഗോസ്വാമി ലോക് സഭയിലെത്തുകയായിരുന്നു.
2019ലെ ലോക്‌സഭ ഫലം
ദുലാല്‍ ചന്ദ്ര ഗോസ്വാമി - ജെ ഡിയു - 559,423
താരീഖ് അന്‍വര്‍ - കോണ്‍ഗ്രസ് - 502,220
ഭൂരിപക്ഷം - 57203
പുരണിയ : ഇവിടുത്തെ പോരാട്ടം ഇത്തവണ ജെഡിയുവിന് അഗ്നി പരീക്ഷയാവും ദീര്‍ഘ കാലം പാര്‍ട്ടി എം എല്‍ എയും മന്ത്രിയുമൊക്കെയായിരുന്ന ബീമ ഭാരതി തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് മറുകണ്ടം ചാടിയെന്ന് മാത്രമല്ല പുരണിയയില്‍ ആര്‍ ജെഡി സ്ഥാനാര്‍ഥിയുമായി. രുപൗളി മണ്ഡലത്തില്‍ നിന്ന് അഞ്ചുതവണ വിജയിച്ച ബീമ ഭാരതിയുടെ ട്രാക്ക് റെക്കോര്‍ഡ് ജെഡിയുവിന് ഭീഷണിയാണ്. രാജേഷ് രഞ്ജന്‍ എന്ന സാക്ഷാല്‍ പപ്പുയാദവ് സ്വതന്ത്രനായി മത്സരിക്കുന്ന മണ്ഡലത്തില്‍ സന്തോഷ് കുശ്‌വാഹയാണ് ജെഡിയു സ്ഥാനാര്‍ഥി. നിതീഷ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ബീമ സിങ്ങിന് മണ്ഡലത്തിലെ ജെഡിയു പ്രവര്‍ത്തകര്‍ക്കിടയില്‍ നല്ല സ്വാധീനമുണ്ട്.
2014 ലും 2019ലും മണ്ഡലത്തില്‍ വിജയിച്ച ആത്മവിശ്വാസവുമായാണ് സിറ്റിങ് എം പി സന്തോഷ് കുശ്‌വാഹ ജെഡിയുവിന് വേണ്ടി വീണ്ടും മത്സരിച്ചത്. 1991ലും 1996ലും 1999ലും ഇവിടെ വിജയിച്ച ചരിത്രമുണ്ട് പപ്പുയാദവിന്. മുതിര്‍ന്ന ജനതാദള്‍ നേതാവ് ശരത് യാദവിനെ മാധേപുരയില്‍ അട്ടിമറിച്ച ചരിത്രവുമുണ്ട്. സമാജ് വാദി പാര്‍ട്ടിയിലും എല്‍ജെപിയിലും ആര്‍ജെഡിയിലുമൊക്കെ പ്രവര്‍ത്തിച്ച പപ്പു യാദവ് 2015 ല്‍ ജന്‍ അധികാര്‍ പാര്‍ട്ടി എന്ന സ്വന്തം കക്ഷിയുണ്ടാക്കിയെങ്കിലും ഇത്തവണ പൊതു തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിപ്പിച്ചു. കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും ഇന്ത്യാമുന്നണിയില്‍ പുരണിയ സീറ്റ് ആര്‍ജെഡിക്ക് പോയി. തുടര്‍ന്നാണ് സ്വതന്ത്രനായി പപ്പുയാദവ് മത്സരിക്കുന്നത്. കരുത്തരായ മൂന്ന് സ്ഥാനാര്‍ഥികള്‍ പടക്കളത്തിലുള്ളപ്പോള്‍ പുരണിയ ഫലം രാജ്യത്തിന്‍റെ ശ്രദ്ധയാകര്‍ഷിക്കുകയാണ്.
സ്ഥാനാര്‍ഥികള്‍
പപ്പു യാദവ് - സ്വതന്ത്രന്‍
സന്തോഷ് കുശ്‌വാഹ - ജെഡിയു
ബീമ ഭാരതി - ആര്‍ജെഡി
തെരഞ്ഞെടുപ്പ് ഫലം - 2019
സന്തോഷ് കുശ്‌വാഹ - ജെഡിയു - 632924
ഉദയ് സിങ് - കോണ്‍ഗ്രസ്- 369463
ഭൂരിപക്ഷം - 263461
ഉജിയാര്‍പൂര്‍ : ബിഹാറിലെ മുതിര്‍ന്ന ബിജെപി നേതാവ് നിത്യാനന്ദ റായിയുടെ സിറ്റിങ് സീറ്റാണ് ഉജിയാര്‍പൂര്‍. ഹാട്രിക്ക് വിജയം തേടിയാണ് ഇത്തവണ നിത്യാനന്ദറായി ഇവിടെ മത്സരിച്ചത്. യാദവ സമുദായത്തിന് മേല്‍ക്കൈയുള്ള മണ്ഡലത്തില്‍ ബിജെപി ഇന്ത്യാസഖ്യങ്ങള്‍ തമ്മില്‍ നേരിട്ടുള്ള മത്സരമായിരുന്നു പ്രതീക്ഷിച്ചതെങ്കിലും അപ്രതീക്ഷിതമായി ആര്‍ജെഡി വിമതനും രംഗപ്രവേശം ചെയ്‌തു. ആര്‍ജെഡി ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയും ഉജിയാര്‍പൂര്‍ മുന്‍ എംഎല്‍എയുമൊക്കെയായ അലോക് കുമാര്‍ മെഹ്തയായിരുന്നു ആര്‍ജെഡി സ്ഥാനാര്‍ഥി. അവസാന നിമിഷമാണ് അമരേഷ് റായ് ആര്‍ജെഡി വിമതനായി മത്സരരംഗത്തെത്തിയത്.
തെരഞ്ഞെടുപ്പ് ഫലം - 2019
നിത്യാനന്ദ റായി - ബിജെപി - 543906
ഉപേന്ദ്ര കുശ്‌വാഹ - ആര്‍ എല്‍ എസ് പി - 266628
ഭൂരിപക്ഷം - 277278
ബെഗുസരായ് : കേന്ദ്ര ഗ്രാമവികസന പഞ്ചായത്ത് രാജ് മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഗിരിരാജ് സിങ്ങ് രണ്ടുതവണ തുടര്‍ച്ചയായി വിജയിച്ച ബെഗുസരായ് മണ്ഡലത്തില്‍ അദ്ദേഹം ഹാട്രിക് വിജയം തേടിയാണ് ഇത്തവണ ഇറങ്ങിയത്. സി പി ഐ സ്ഥാനാര്‍ഥിയായി വിദ്യാര്‍ഥി നേതാവ് കനയ്യ കുമാര്‍ എത്തിയപ്പോള്‍ രാജ്യത്തെ തന്നെ കൂറ്റന്‍ ഭൂരിപക്ഷങ്ങളിലൊന്ന് കഴിഞ്ഞ തവണ ഗിരിരാജ് സിങ്ങ് സ്വന്തമാക്കിയിരുന്നു. ഇത്തവണ ഇന്ത്യാസഖ്യത്തില്‍ സിപിഐക്കാണ് ടിക്കറ്റ്. മുന്‍ എം എല്‍ എ അവധേഷ് കുമാര്‍ റായിയാണ് സ്ഥാനാര്‍ഥി.
തെരഞ്ഞെടുപ്പ് ഫലം - 2019
ഗിരിരാജ് സിങ് ബിജെപി - 692193
കനയ്യകുമാര്‍ - സിപിഐ - 269976
ഭൂരിപക്ഷം - 422217
മുംഗെര്‍ : ജെഡിയു ദേശീയ അധ്യക്ഷന്‍ ലാലന്‍സിങ് മത്സരിക്കുന്ന മുംഗര്‍ മണ്ഡലത്തില്‍ ആര്‍ജെഡി ഒരു വനിതാസ്ഥാനാര്‍ഥിയെയാണ് രംഗത്തിറക്കിയത്. അനിതാദേവി മഹാതോ ആണ് ആര്‍ജെഡി സ്ഥാനാര്‍ഥിയായി മത്സരരംഗത്തെങ്കിലും ജയിലില്‍ക്കഴിയുന്ന ഗുണ്ടാനേതാവ് അശോക് മഹാതോയാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നിയന്ത്രിക്കുന്നതെന്നത് പരസ്യമാണ്. 17 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ക്കഴിയുന്നതിനിടെ അടുത്തിടെ പരോളിലിറങ്ങിയ 62 കാരനായ അശോക് മഹാതോ 46 കാരിയായ അനിതാദേവിയെയാണ് വിവാഹം ചെയ്‌തത്. ആര്‍ജെഡി അനിതാദേവിക്ക് സീറ്റ് നല്‍കുകയും ചെയ്‌തു. മുന്‍ എംഎല്‍എയും ഗുണ്ടാനേതാവുമായ അനന്ത് സിങ് മുംഗര്‍ ലോക്‌സഭ മണ്ഡലത്തില്‍ ലാലന്‍ സിങ്ങിന് പിന്തുണ പ്രഖ്യാപിച്ചതോടെ മത്സരം ഗുണ്ടാനേതാക്കള്‍ തമ്മിലായെന്നാണ് അണിയറ സംസാരം. അനന്ത് സിങ്ങിന്‍റെ പിന്തുണയോടെ ഉയര്‍ന്ന സമുദായക്കാരായ ഭൂമിഹാര്‍മാരുടെ പിന്തുണ ജെഡിയു ഉറപ്പിച്ചുവെന്നാണ് കരുതുന്നത്.
തെരഞ്ഞെടുപ്പ് ഫലം 2019
ലാലന്‍ സിങ് ജെഡിയു - 528762
നീലം ദേവി - കോണ്‍ഗ്രസ്- 360825
ഭൂരിപക്ഷം - 167937
ശരണ്‍: ലാലു പ്രസാദ് യാദവിന്‍റെ ഛപ്ര ലോക്‌സഭ മണ്ഡലം, ശരണ്‍ മണ്ഡലമായ ശേഷം മൂന്ന് പൊതുതെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞു. 2009 ല്‍ ലാലു ജയിച്ച ശേഷം മണ്ഡലം തിരികെ പിടിക്കാന്‍ ആര്‍ജെഡിക്ക് സാധിച്ചതേയില്ല. കഴിഞ്ഞ രണ്ടുതെരഞ്ഞെടുപ്പുകളിലും ഇവിടെ വിജയം വരിച്ച ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് പ്രതാപ് റൂഡി ഹാട്രിക് ലക്ഷ്യമിട്ട് ഇത്തവണയും ബിജെപി ടിക്കറ്റില്‍ മത്സരിച്ചു. 2014 ല്‍ ലാലുവിന്‍റെ പത്നി റാബ്റി ദേവിയെ തോല്‍പ്പിച്ചുകൊണ്ടാണ് റൂഡി മണ്ഡലം പിടിച്ചെടുത്തത്. അന്ന് 40948 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു. 2009ല്‍ ലാലുവിനോട് ഏറ്റ പരാജയത്തിന് രാജീവ് പ്രതാപ് റൂഡി മധുരപ്രതികാരം വീട്ടുകയായിരുന്നു. 2019 ല്‍ ഭൂരിപക്ഷം അദ്ദേഹം 138429 ആയി ഉയര്‍ത്തി. ഇത്തവണ ആര്‍ജെഡിയിലെ രോഹിണി ആചാര്യയാണ് രാജീവ് പ്രതാപ് റൂഡിയുടെ എതിരാളി. തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് നടന്ന അക്രമങ്ങളില്‍ മണ്ഡലത്തില്‍ ഒരാള്‍ മരിച്ചിരുന്നു.
തെരഞ്ഞെടുപ്പ് ഫലം 2019
രാജീവ് പ്രതാപ് റൂഡി - ബിജെപി - 499342
ചന്ദ്രിക റോയ് - ആര്‍ജെഡി - 360913
ഭൂരിപക്ഷം - 138429
2024 സ്ഥാനാര്‍ഥികള്‍
രാജീവ് പ്രതാപ് റൂഡി - ബിജെപി
രോഹിണി ആചാര്യ - ആര്‍ജെഡി
ഹാജിപ്പൂര്‍ : രാം വിലാസ് പസ്വാന്‍റെ കുത്തക മണ്ഡലമായ ഹാജിപ്പൂരില്‍ ഇത്തവണ മത്സരം മകന്‍ ചിരാഗ് പസ്വാനും ആര്‍ജെഡിയുടെ ശിവ് ചന്ദ്ര റാമും തമ്മിലാണ്. രാജാ പകാര്‍ നിയമസഭ മണ്ഡലത്തില്‍ നിന്ന് മുമ്പ് രണ്ടുതവണ എംഎല്‍എയായ ലാലുവിന്‍റെ അടുത്ത അനുയായി അറിയപ്പെടുന്ന നേതാവാണ് ശിവ് ചന്ദ്ര റാം. കഴിഞ്ഞ തവണ എല്‍ജെപി സ്ഥാനാര്‍ഥിയായി ഹാജിപ്പൂരില്‍ മത്സരിച്ചത് രാംവിലാസ് പസ്വാന്‍റെ സഹോദരന്‍ പശുപതി പരസായിരുന്നു. ആര്‍ജെഡിയുടെ ശിവ് ചന്ദ്ര റാം തന്നെയായിരുന്നു കഴിഞ്ഞ തവണയും എതിരാളി. ഇത്തവണ സാഹചര്യങ്ങളില്‍ അല്‍പ്പം മാറ്റമുണ്ട്. ചിരാഗുമായി ഇടഞ്ഞ് സ്വന്തം നിലയ്ക്ക് മുന്നോട്ടുപോവുകയായിരുന്ന പശുപതി പരസ് എന്‍ഡിഎ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് മുന്നണി വിട്ട ശേഷം വരുന്ന പൊതു തെരഞ്ഞെടുപ്പാണെങ്കിലും ചിരാഗ് പസ്വാന്‍റേയും എല്‍ജെപിയുടേയും സാധ്യതകളെ അത് ബാധിക്കില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
സ്ഥാനാര്‍ഥികള്‍ - 2024
ചിരാഗ് പസ്വാന്‍ - എല്‍ജെപി
ശിവ് ചന്ദ്ര റാം - ആര്‍ജെഡി
2019ലെ തെരഞ്ഞെടുപ്പ് ഫലം
പശുപതി പരസ് - എല്‍ജെപി - 641310
ശിവ് ചന്ദ്ര റാം - ആര്‍ജെഡി - 435861
ഭൂരിപക്ഷം - 205449
സിവാന്‍ : ബിഹാറിലെ സിവാന്‍ ലോക്‌സഭ മണ്ഡലം സാധാരണ നിലയില്‍ അത്രയൊന്നും ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന സീറ്റാണ്. ജെഡിയു ആര്‍ജെഡി സ്ഥാനാര്‍ഥികള്‍ തമ്മില്‍ നേരിട്ടുള്ള പോരാട്ടം നടക്കുന്ന മണ്ഡലം. പക്ഷേ 1996 മുതല്‍ നാല് തവണ സിവാനില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്ന നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന മൊഹമ്മദ് ഷഹാബുദ്ദീന്‍റെ വിധവ ഹീന ഷഹാബ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മണ്ഡലത്തില്‍ നിറഞ്ഞതോടെ സിവാനില്‍ കളിമാറി. 2014 ലും 2019 ലും സിവാനില്‍ ആര്‍ജെഡിടിക്കറ്റില്‍ മത്സരിച്ച് പരാജയപ്പെട്ട ശേഷമാണ് ഹീന ഷഹബ് ഇത്തവണ സ്വതന്ത്ര സ്ഥാനാര്‍ഥിയായി എത്തുന്നത്.
മുന്‍ ജെഡിയു എംഎല്‍എ രമേഷ് കുശ്‌വാഹയുടെ പത്നി വിജയലക്ഷ്‌മി കുശ്‌വാഹയെയാണ് ജെഡിയു സ്ഥാനാര്‍ഥിയാക്കിയത്. അജയ് സിങ്ങെന്ന ജെഡിയുവിനൊപ്പമുള്ള മുന്‍ ഗുണ്ടാനേതാവിന്‍റെ ഭാര്യ കവിത സിങ്ങായിരുന്നു 2019 ല്‍ സിവാനില്‍ ജെഡിയു സ്ഥാനാര്‍ഥി. കവിതാസിങ്ങും ഹിനാ ഷഹബും തമ്മില്‍ നടന്ന 2019 ലെ പോരാട്ടം യഥാര്‍ഥത്തില്‍ രണ്ട് ഗുണ്ടാവിഭാഗങ്ങള്‍ തമ്മിലുള്ള പോരാട്ടം തന്നെയായിരുന്നു. ഇത്തവണ കവിതാസിങ്ങിനെ മാറ്റി വിജയലക്ഷ്‌മിക്ക് ജെഡിയു ടിക്കറ്റ് നല്‍കുമ്പോള്‍ കവിതാസിങ്ങിന്‍റെ അനുയായികള്‍ ഹിനാ ഷഹബിന് പിന്തുണയുമായി രംഗത്തുണ്ടെന്ന ആരോപണം വരെ സിവാനില്‍ നിന്ന് ഉയരുന്നു. മുന്‍ സ്‌പീക്കര്‍ അവധ് ബിഹാറി ചൗധരിയെയാണ് ഇവിടെ ആര്‍ജെഡി സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. അതോടെ ശക്തമായ ത്രികോണ മത്സരത്തിലേക്ക് സിവാനും എത്തി.
സ്ഥാനാര്‍ഥികള്‍ - 2024
വിജയലക്ഷ്മി ദേവി - ജെഡിയു
അവധ് ബിഹാറി ചൗധരി - ആര്‍ജെഡി
2019 ലെ തെരഞ്ഞെടുപ്പ് ഫലം
കവിതാസിങ്ങ് - ജെഡിയു - 448473
ഹിനാ ഷഹബ് - ആര്‍ജെഡി - 331515
ഭൂരിപക്ഷം - 116958
പറ്റ്ന സാഹിബ് : മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ രവിശങ്കര്‍ പ്രസാദ് മത്സരിക്കുന്ന പറ്റ്ന സാഹിബ് ആണ് ശ്രദ്ധേയമായ മറ്റൊരു മണ്ഡലം. കോണ്‍ഗ്രസിലെ അന്‍ഷുല്‍ അവജിത്താണ് എതിരാളി.
പാടലീപുത്ര : ലാലു പ്രസാദ് യാദവിന്‍റെ മകള്‍ മിസ ഭാരതി മല്‍സരിക്കുന്ന പാടലീപുത്ര സീറ്റ് കനത്ത മത്സരം നടക്കുന്ന ബിഹാറിലെ മണ്ഡലങ്ങളിലൊന്നാണ്. ബിജെപി നേതാവ് രാം കൃപാല്‍ യാദവാണ് ബിജെപി സ്ഥാനാര്‍ഥി. പറ്റ്ന മണ്ഡലത്തില്‍ നിന്ന് 1993 ല്‍ ഉപതെരഞ്ഞെടുപ്പിലൂടെ ലോക്‌സഭയിലെത്തിയ രാം കൃപാല്‍ യാദവ് രണ്ടു തവണ പറ്റ്നയിലും രണ്ടുതവണ പാടലീപുത്രയിലും നിന്ന് ലോക്‌സഭയിലെത്തി. ഇടക്കാലത്ത് രാജ്യസഭയിലും പ്രവര്‍ത്തിച്ച തഴക്കവും പഴക്കവുമായാണ് രാം കൃപാല്‍ യാദവ് പാടലീപുത്രയില്‍ ഹാട്രിക്ക് തികയ്ക്കാന്‍ ഇറങ്ങിയത്. ഒരു കാലത്ത് ലാലു പ്രസാദ് യാദവിന്‍റെ ഏറ്റവും അടുപ്പക്കാരനായിരുന്ന രാംകൃപാല്‍ യാദവിനെ തളയ്ക്കാന്‍ മകളെത്തന്നെയാണ് ലാലു രംഗത്തിറക്കിയത്. 2014 മുതല്‍ ഇരുവരും തമ്മിലാണ് പാടലീപുത്രയിലെ മല്‍സരം.
2019ലെ തെരഞ്ഞെടുപ്പ് ഫലം
രാം കൃപാല്‍ യാദവ് - ബിജെപി - 509557
മിസ ഭാരതി - ആര്‍ജെഡി - 470236
ഭൂരിപക്ഷം - 39321
കാരാക്കാട് : എന്‍ഡിഎ സഖ്യ കക്ഷിയായ രാഷ്ട്രീയ ലോക് മോര്‍ച്ച നേതാവ് ഉപേന്ദ്ര കുശ്‌വാഹ മത്സരിക്കുന്ന കാരാക്കാട് മണ്ഡലത്തില്‍ ഇത്തവണത്തെ പോരാട്ടം ശ്രദ്ധേയമായത് ഭോജ്പുരി നടനും ഗായകനുമായ ബിജെപിയിലെ പവന്‍ സിങ്ങ് വിമതനായി എത്തിയതോടെയാണ്. നാമനിര്‍ദ്ദേശ പത്രിക നല്‍കിയ പവന്‍ സിങ്ങിനെ ബിജെപി പുറത്താക്കിയെങ്കിലും അദ്ദേഹം മത്സര രംഗത്ത് സജീവമായിരുന്നു. സിപിഐ എം എല്‍ ലിബറേഷന്‍ നേതാവ് രാജാറാം സിങ്ങാണ് ഇന്ത്യാമുന്നണി സ്ഥാനാര്‍ഥി.
2019ലെ തെരഞ്ഞെടുപ്പ് ഫലം
മഹാബലി സിങ്ങ് - ജെഡിയു - 398408
ഉപേന്ദ്ര കുശ്‌വാഹ - ആര്‍ എല്‍ എസ് പി - 313866
ഭൂരിപക്ഷം - 84542
Also Read: എക്‌സിറ്റ് പോളുകൾ ഫലിക്കുമോ? മുൻകാല പ്രവചനങ്ങളിലേക്ക് ഒരെത്തിനോട്ടം