ന്യൂഡല്‍ഹി : രാജ്യത്തിന്‍റെ പരമോന്നത സിവിലിയന്‍ ബഹുമതിക്ക് മൂന്ന് പേര്‍ കൂടി അര്‍ഹര്‍. മുന്‍ പ്രധാനമന്ത്രിമാരായിരുന്ന പിവി നരസിംഹ റാവു (PV Narasimha Rao) ചൗധരി ചരണ്‍ സിങ് (Chaudhary Charan Singh), കൃഷി ശാസ്ത്രജ്ഞന്‍ എംഎസ് സ്വാമിനാഥന്‍ (M. S. Swaminathan) എന്നിവരെയാണ് ഭാരത രത്ന പുരസ്‌കാരം നല്‍കി ആദരിക്കുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഭാരത രത്ന പുരസ്‌കാരത്തിന് അര്‍ഹനാകുന്ന ആദ്യ മലയാളിയാണ് എംഎസ് സ്വാമിനാഥന്‍.
മരണാന്തര പദവിയായാണ് മൂവര്‍ക്കും പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇതോടെ, ഈ വര്‍ഷം ആകെ ഭാരത രത്ന കിട്ടിയവരുടെ എണ്ണം അഞ്ചായി. നേരത്തെ, മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍ കെ അദ്വാനി, ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂര്‍ എന്നിവരെയും ഭാരത രത്ന നല്‍കി ആദരിച്ചിരുന്നു.
രാജ്യം സാമ്പത്തികമായി മുന്നേറുന്നതില്‍ ഏറെ പങ്കുവഹിച്ച വ്യക്തിയാണ് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന പിവി നരസിംഹ റാവു എന്ന് നരേന്ദ്ര മോദി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചു. 'നമ്മുടെ മുന്‍ പ്രധാനമന്ത്രി നനരസിംഹ റാവുവിനെ ഭാരത രത്ന നല്‍കി ആദരിക്കുന്ന വിവരം നിങ്ങളെ സന്തോഷത്തോടെയാണ് അറിയിക്കുന്നത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായും, പാര്‍ലമെന്‍റ് അംഗമായും കേന്ദ്ര മന്ത്രിയായും രാജ്യത്തെ വിവിധ തലങ്ങളിലാണ് അദ്ദേഹം സേവനമനുഷ്‌ഠിച്ചത്.
രാജ്യത്തിന്‍റെ സാമ്പത്തികമായ അഭിവൃദ്ധിക്കും വളര്‍ച്ചയ്‌ക്കും ശക്തമായ അടിത്തറ പാകിയത് അദ്ദേഹത്തിന്‍റെ ദീര്‍ഘവീക്ഷണങ്ങള്‍ ആയിരുന്നു. വിദേശ നയം, ഭാഷ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും അദ്ദേഹം രാജ്യത്തിനാവശ്യമായ സംഭാവനകള്‍ നല്‍കി. ഇന്ത്യയെ ആഗോള വിപണിയിലേക്ക് തുറന്ന് സാമ്പത്തിക വികസനത്തിന്‍റെ പുതിയ യുഗം തുടങ്ങിയതും അദ്ദേഹമായിരുന്നെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
മുന്‍ പ്രധാനമന്ത്രിയായിരുന്ന ചൗധരി ചരൺ സിങ്ങിന് ഭാരത രത്ന നല്‍കി ആദരിക്കുന്നത് ഈ സര്‍ക്കാരിന്‍റെ ഭാഗ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. കര്‍ഷകരോടുള്ള അദ്ദേഹത്തിന്‍റെ സമര്‍പ്പണവും അടിയന്തരാവസ്ഥ കാലത്ത് ജനാധിപത്യത്തോട് അദ്ദേഹം കാണിച്ച പ്രതിബദ്ധതയും മുഴുവന്‍ രാജ്യത്തിനും പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്‍റെ കൃഷിയിലും കർഷക ക്ഷേമത്തിനും സമ്മാനിച്ച മഹത്തായ സംഭാവനകളെ മാനിച്ചാണ് മലയാളി ശാസ്‌ത്രജ്ഞന്‍ എം എസ് സ്വാമിനാഥന് ഭാരത രത്ന പുരസ്‌കാരം നല്‍കി ആദരിക്കുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഏറെ വെല്ലുവിളികള്‍ നേരിട്ടിരുന്ന ഘട്ടങ്ങളില്‍ പോലും കാര്‍ഷിക മേഖലയെ സ്വയം പര്യാപ്‌തത വഹിക്കാന്‍ സഹായിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. ഇന്ത്യയിലെ കൃഷിയെ നവീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി.
രാജ്യത്തിന്‍റെ കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങളെ മാറ്റി മറിക്കാന്‍ അദ്ദേഹത്തിനായി. രാജ്യത്തിന്‍റെ ഭക്ഷ്യസുരക്ഷയും സമൃദ്ധിയും അദ്ദേഹം ഉറപ്പാക്കുകയും ചെയ്‌തതായും പ്രധാനമന്ത്രി കുറിച്ചു.