എറണാകുളം : ശക്തമായ ചതുഷ്‌കോണ മത്സരത്തിലും ബെന്നി ബെഹനാനെ ചാലക്കുടി മണ്ഡലം കൈവിടാതെ പിടിച്ച കാഴ്‌ചയാണ് ചാലക്കുടിയില്‍ കണ്ടത്. 63754 വോട്ടിൻ്റെ ഭൂരിപക്ഷത്തിലായിരുന്നു ബെന്നി ബെഹനാന്‍റെ തുടർച്ചയായ രണ്ടാം വിജയം. ഇടത് മുന്നണി സ്ഥാനാർത്ഥി സിഎൻ രവീന്ദ്രനാഥിനെയാണ് ബെന്നി ബെഹനാൻ പരാജയപ്പെടുത്തിയത്. 3,94,171 വോട്ടുകളാണ് ബെന്നി ബെഹനാന് ആകെ ലഭിച്ചത്.
സിപിഎം സ്ഥാനാർഥി പ്രൊഫ.സി രവീന്ദ്രനാഥ് 330417 വോട്ടുകൾ നേടി. ചതുഷ്‌കോണ മത്സരത്തിൻ്റെ പ്രതീതി ഉയർത്തിയ സംസ്ഥാനത്തെ ഏക മണ്ഡലമായ ചാലക്കുടിയിൽ ബിഡിജെഎസ് സ്ഥാനാർത്ഥി കെഎ ഉണ്ണികൃഷ്‌ണന്‍ 1,06,400 വോട്ടുകൾ നേടി. ട്വന്‍റി ട്വന്‍റി സ്ഥാനാർത്ഥി അഡ്വ. ചാര്‍ലി പോള്‍ 1,05,642 വോട്ടുകളുമാണ് നേടിയത്. നോട്ടയ്ക്ക് 8063 വോട്ടുകളും ലഭിച്ചു.
യുഡിഎഫ് തരംഗത്തിനൊപ്പം നിന്ന മണ്ഡലത്തിൽ അടിയൊഴുക്കുകളൊന്നും ഇടത് മുന്നണിക്ക് അനുകൂലമായില്ല. പോസ്റ്റൽ വോട്ടുകളിലും വോട്ടിങ് മെഷീനിലെ വോട്ട് എണ്ണിയ ആദ്യ ഘട്ടത്തിലും സിഎൻ രവീന്ദ്രനാഥ് ആയിരുന്നു മുന്നില്‍. എന്നാൽ ആദ്യ റൗണ്ടിലെ കാൽ ഭാഗം വോട്ടെണ്ണിയ വേളയിൽ തന്നെ ബെന്നി ബെഹനാൻ ലീഡ് ഉയർത്തി. പിന്നീട് ഒരു ഘട്ടത്തിലും യുഡിഎഫ് സ്ഥാനാർഥിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
വലത് സ്വഭാവമുള്ള മണ്ഡലത്തിൽ, മുൻ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിലൂടെ അട്ടിമറി വിജയമം നേടാമെന്ന ഇടത് മുന്നണിയുടെ പ്രതീക്ഷയാണ് തകർന്നത്. അതേസമയം സിറ്റിങ് എംപിയും പ്രമുഖ കോൺഗ്രസ് നേതാവുമായ ബെന്നി ബെഹനാൻ മണ്ഡലം നിലനിർത്തുമെന്ന കോൺഗ്രസിൻ്റെ ആത്മവിശ്വാസം വെറുതെയായില്ല.
ആദ്യം മുകുന്ദപുരവും പിന്നീട് മണ്ഡല പുനർനിർണ്ണയത്തോടെ ചാലക്കുടിയുമായ മണ്ഡലത്തിൽ നടന്ന നാല് തെരഞ്ഞെടുപ്പിൽ മൂന്ന് തവണയും വിജയം യുഡിഎഫ് പക്ഷത്തിനൊപ്പമായിരുന്നു. ഒരു തവണ ഇടത് മുന്നണിയും ജയിച്ചുകയറി.
2014-ല്‍ നടൻ ഇന്നസെൻ്റിലൂടെ ഇടത് മുന്നണി വിജയിച്ച ചാലക്കുടി, 2019-ൽ ബെന്നി ബെഹനാൻ തിരിച്ച് പിടിക്കുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇല്ലാത്ത നിരവധി ഘടകങ്ങൾ ഇത്തവണ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ ഇടയുണ്ടെന്നായിരുന്നു പ്രചാരണ കാലത്ത് വിലയിരുത്തപ്പെട്ടത്.
മലങ്കര യാക്കോബായ സുറിയാനി സഭയുടെ ഇടത് അനുകൂല നിലപാട് വോട്ടായി മാറിയില്ലന്ന് തെളിയിക്കുന്നതാണ് ജനവിധി. മണ്ഡലത്തിൽ ശക്തമായ പ്രചാരണവുമായി മത്സര രംഗത്തുള്ള ട്വൻ്റി ട്വൻ്റി സ്ഥാനാർഥി ചാർളി പോൾ നേടിയ ഒരു ലക്ഷത്തിലേറെ വോട്ടുകളും കോൺഗ്രസ് വിജയത്തെ ബാധിച്ചില്ല. തൃശൂർ ജില്ലയിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളും എറണകുളം ജില്ലയിലെ നാല് നിയമസഭ മണ്ഡലങ്ങളും ഉൾക്കൊള്ളുന്ന ചാലക്കുടിയിൽ ഇടത് വലത് മുന്നണികൾ തമ്മിലായിരുന്നു പ്രധാന പോരാട്ടമെങ്കിലും മണ്ഡലത്തിൽ എൻഡിഎ, ട്വൻ്റി ട്വൻ്റി പാർട്ടികളുടെ സജീവമായ പ്രചാരണം ചതുഷ്‌കോണ മത്സരത്തിൻ്റെ അന്തരീക്ഷം സൃഷ്‌ടിച്ചിരുന്നു.
Also Read : ഇടതു കോട്ടകളിൽ വിള്ളൽ; നേട്ടം കൊയ്‌ത് രാജ്‌മോഹൻ ഉണ്ണിത്താൻ, ഞെട്ടൽ മാറാതെ സിപിഎം - M V BALAKRISHNAN ON ELECTION RESULTS