ചെന്നൈ: മാര്‍ച്ച് ഒന്നിനായിരുന്നു കര്‍ണാടകയുടെ തലസ്ഥാന നഗരമായ ബെംഗളൂരുവില്‍ രാമേശ്വരം കഫേ റസ്‌റ്റൊറന്‍റിലെ സ്‌ഫോടനം. റസ്‌റ്റൊറന്‍റെിലെ രണ്ട് തൊഴിലാളികള്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രാജ്യം പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലേക്ക് നടന്നടുക്കുന്ന സാഹചര്യത്തിലായതിനാല്‍ രാമേശ്വരം കഫേ സംഭവം വലിയ കോളിളക്കം തന്നെ സൃഷ്‌ടിച്ചു.
ദേശീയ അന്വേഷണ ഏജന്‍സി (NIA) സ്‌ഫോടനത്തില്‍ സജീവമായി അന്വേഷണം നടത്തിവരികയാണ്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് എന്‍ഐഎയുടെ അന്വേഷണം പുരോഗമിക്കുന്നത്. നിലവില്‍ സിസിടിവിയില്‍ പതിഞ്ഞ ചില മുഖങ്ങള്‍ തെരയുകയാണ് ബെംഗളൂരു പൊലീസിനൊപ്പം എന്‍ഐഎ.
സംഭവത്തില്‍ തീവ്രവാദ ബന്ധമുണ്ടെന്ന നിഗമനത്തിലാണ് നേരത്തെ തന്നെ എന്‍ഐഎ. ഈ നിഗമനം മുന്‍ നിര്‍ത്തിയാണ് ദേശീയ ഏജന്‍സി അന്വേഷണം നടത്തുന്നതും. സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്ന വ്യക്തിയുടെ സിസിടിവി ദൃശ്യവും സ്‌ഫോടനം നടന്നതിന് ശേഷം തൊപ്പി ധരിച്ച് സംഭവ സ്ഥലത്തേക്ക് ഓടിയെത്തിയ, ദുരൂഹത ജനിപ്പിക്കുന്ന ആളുടെ ദൃശ്യവുംസ, ഇയാള്‍ അല്‍പം നടന്ന ശേഷം തൊപ്പി അഴിച്ച് മാറ്റുന്ന ദൃശ്യവും പുറത്തുവിട്ടിരിക്കുകയാണ് എന്‍ഐഎ. ഈ തൊപ്പി പിന്നീട് സമീപത്തുള്ള ശുചിമുറിയില്‍ നിന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. തൊപ്പിയില്‍ നിന്ന് ലഭിച്ച മുടി ഡിഎന്‍എ പരിശോധനയ്‌ക്കും എൻഐഎ വിധേയമാക്കിയിരുന്നു.
പരിശോധനയില്‍ കര്‍ണാടക സ്വദേശിയായ മുസവീര്‍ ഹുസൈന്‍ ഷാക്കിബിന്‍റെ മുടിയാണ് തൊപ്പിയില്‍ നിന്ന് ലഭിച്ചത് എന്ന് സ്ഥിരീകരിച്ചു. സ്‌ഫോടനത്തിന് ശേഷം കര്‍ണാടകയില്‍ നിന്ന് കേരളം, തമിഴ്‌നാട്, കറങ്ങിയ ശേഷം ആന്ധ്രാപ്രദേശിലെ നെല്ലൂരിലേക്ക് പോയ ഷാക്കിബിനെ അന്വേഷിക്കുകയാണ് എന്‍ഐഎ. അതേസമയം, മുസവീര്‍ ഹുസൈന്‍ ഷാക്കിബ്, അബ്‌ദുല്‍ മാദ്രിന്‍ താഹ എന്നിവരെ ഐഎസ് ഭീകര സംഘടനയുമായി ബന്ധപ്പെട്ട 2020ലെ കേസില്‍ നാല് വര്‍ഷമായി എന്‍ഐഎ തെരയുകയാണ്. ഇവര്‍ക്കും രാമേശ്വരം കഫേ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.
ഇരുവരും ജനുവരി രണ്ടാം വാരം മുതല്‍ ഫെബ്രുവരി ആദ്യവാരം വരെ ചെന്നൈയിലെ ട്രിപ്ലിക്കെയ്‌ന്‍ പ്രദേശത്ത് താമസിച്ചിരുന്നതായും, ആ സമയത്ത് ചെന്നൈ മൈലാപ്പൂരിലെ ഒരു ഷോപ്പിങ് മാളില്‍ നിന്നാണ് ഷാക്കിബ് തൊപ്പി വാങ്ങിയത് എന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ചെന്നൈയില്‍ തങ്ങിയപ്പോള്‍ ഇവര്‍ ആരുമായി ബന്ധപ്പെട്ടു, താമസ സൗകര്യം ഒരുക്കിയത് ആര് എന്നൊക്കെയുള്ള വിഷയങ്ങളില്‍ തമിഴ്‌നാട് പൊലീസും അന്വേഷണം നടത്തുന്നുണ്ട്.
കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലെ പൊലീസ് സേനയെ ഏകോപിപ്പിച്ചാണ് എന്‍ഐഎയുടെ അന്വേഷണം നടക്കുന്നത്. കേസില്‍ ഉള്‍പ്പെട്ട രണ്ടുപേരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് എന്‍ഐഎ പ്രഖ്യാപിച്ചിട്ടുണ്ട്.