ബദ്‌ലാപൂര്‍( മഹാരാഷ്‌ട്ര): ബദ്‌ലാപൂരില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് എതിരെ കേസെടുത്ത് പ്രത്യേക അന്വേഷണ സംഘം. പോക്‌സോ നിയമത്തിലെ പത്തൊന്‍പതാം വകുപ്പിലെ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍ പീഡിപ്പിക്കപ്പെട്ടെന്ന വിവരമറിഞ്ഞാലുടന്‍ പൊലീസില്‍ പരാതിപ്പെടണമെന്ന നിര്‍ദേശമാണ് വിദ്യാലയ അധികൃതര്‍ തെറ്റിച്ചത്.
അതേസമയം കുട്ടികളുടെ മൊഴിയും പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തി. മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ ആയിരുന്നു കുട്ടികളുടെ മൊഴിയെടുത്തത്. സംഭവത്തില്‍ മഹാരാഷ്‌ട്രയില്‍ കനത്ത പ്രതിഷേധം ഉയര്‍ന്നതോടെ ബോംബെ ഹൈക്കോടതി സ്വമേധയ കേസെടുത്തിരുന്നു.
കഴിഞ്ഞ ദിവസം ജസ്റ്റിസുമാരായ രേവതി മൊഹിതിയും പൃഥ്വിരാജ് ചവാനുമുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സംഭവത്തില്‍ വാദം കേട്ടു.
നാലാം ക്ലാസില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ഥിനികളാണ് ലൈംഗിക പീഡനത്തിരയായത്. സംഭവത്തില്‍ ഈ മാസം പതിനേഴിന് പൊലീസ് സ്‌കൂളിലെ അറ്റന്‍ഡറെ അറസ്റ്റ് ചെയ്‌തു. ഇതിനിടെ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ എല്ലാ പൊലീസ് സ്റ്റേഷനുകളിലും വനിത-ശിശു പൊലീസ് സ്റ്റേഷനും വേണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്‌തു. ഇക്കാര്യത്തില്‍ കമ്മീഷന്‍ അധ്യക്ഷ സൂസിബെന്‍ഷാ വിശദമായ പദ്ധതിയും പങ്ക് വച്ചിട്ടുണ്ട്.
നിലവില്‍ പൊലീസ് സ്റ്റേഷനുകളില്‍ വനിത ഹെല്‍പ്പ് ഡെസ്‌കുകളും പ്രത്യേക ജുവനൈല്‍ പൊലീസ് യൂണിറ്റുകളും ശിശു ക്ഷേമ പൊലീസ് ഉദ്യോഗസ്ഥരും ഉണ്ട്. എന്നാല്‍ ഇവയില്‍ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇത്തരം വിഭാഗങ്ങളില്‍ പെടുന്ന ഉദ്യോഗസ്ഥരെ മറ്റ് ജോലികള്‍ക്കും നിയോഗിക്കാറുമുണ്ട്. ഇത് മൂലം ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസം ഉണ്ടാകുന്നു. ഇത് ഒഴിവാക്കേണ്ടതുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സംഭവത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സ്‌കൂൾ പ്രിൻസിപ്പലിനെയും രണ്ട് ജീവനക്കാരെയും നേരത്തെ സസ്‌പെൻഡ് ചെയ്‌തിരുന്നു. പ്രിൻസിപ്പൽ, ക്ലാസ് ടീച്ചർ, വനിത അറ്റൻഡർ എന്നിവരെയാണ് മാനേജ്‌മെന്‍റ് സസ്‌പെൻഡ് ചെയ്‌തത്. സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്‍റും ക്ഷമാപണം നടത്തിയിട്ടുണ്ട്.
Also Read: "ആൻ്റി റേപ്പ് ലോ കർശനമാക്കണം"; പ്രധാനമന്ത്രിക്ക് കത്തയച്ച് മമത ബാനർജി
മുതിർന്ന ഐപിഎസ് ഓഫിസർ ആരതി സിങ്ങിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആഭ്യന്തര മന്ത്രിയും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസാണ് പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടത്.