ഹരിദ്വാര്‍(ഉത്തരാഖണ്ഡ്): സനാതന ധര്‍മ്മത്തിനെതിരെ നടത്തുന്ന പ്രസ്‌താവനകളില്‍ നിന്ന് ഇന്ത്യ മുന്നണി ഒഴിഞ്ഞ് നില്‍ക്കണമെന്ന് യോഗ ഗുരു ബാബ രാംദേവ്. ഹിന്ദു മതത്തിനെതിരെ നിലപാട് കൈക്കൊണ്ടാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടുമെന്നും രാംദേവ് പറഞ്ഞു.
സനാതന ധര്‍മ്മത്തെക്കുറിച്ച് സംസാരിക്കുന്നത് ഗൗരവത്തോടെ വേണം. ഹിന്ദുത്വത്തെ അപമാനിക്കുന്നത് നാശത്തിലേക്കും ദുരിതത്തിലേക്കും വഴി വയ്ക്കുമെന്നും രാം ദേവ് കൂട്ടിച്ചേര്‍ത്തു. താന്‍ കഠിന പരിശ്രമത്തിലൂടെ രാജ്യത്തെ മുന്നോട്ട് കൊണ്ടു പോകാന്‍ ശ്രമിക്കുകയാണ്. വിദ്യാഭ്യാസ, വൈദ്യശാസ്‌ത്ര അടിമത്തത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനാണ് തന്‍റെ ശ്രമം. യോഗയും സേവ ധാമിലൂടെയും കോളനിവത്ക്കരണ കാലത്തെ ദുര്‍ഭൂതങ്ങളെ ഇല്ലായ്‌മ ചെയ്യാനാണ് തന്‍റെ ശ്രമമെന്നും രാംദേവ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി സനാതന ധര്‍മ്മ മൂല്യങ്ങളുടെ സംരക്ഷകനാണ്. ഹിന്ദുമതത്തിന്‍റെ പോരാളിയായതിനാല്‍ തന്നെ അദ്ദേഹത്തിന് എല്ലാ ശത്രുക്കളെയും പരാജയപ്പെടുത്താനാകും. അദ്ദേഹത്തിന് നയങ്ങളും നിശ്ചയദാര്‍ഢ്യവും നേതൃത്വ ഗുണവും ഉണ്ട്. രാഷ്‌ട്രത്തിന്‍റെ ദീര്‍ഘകാല താത്‌പര്യങ്ങള്‍ക്ക് ഇത് അത്യാവശ്യമാണെന്നും രാം ദേവ് പറഞ്ഞു.