ഗുവാഹത്തി: വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന അസം ജനതയ്‌ക്ക് നേരിയ ആശ്വാസം. സംസ്ഥാനത്തെ പ്രളയബാധിത ജില്ലകളുടെ എണ്ണം 27 ആയും ദുരിതബാധിതരുടെ എണ്ണം 18.80 ലക്ഷമായും കുറഞ്ഞു. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വെള്ളപ്പൊക്കത്തിൽ ഒരു കുട്ടിയടക്കം ആറ് പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്‌തത് ആശങ്കയുയര്‍ത്തുന്നുണ്ട്.
72 പേരാണ് അസമിൽ ഇതുവരെ വെള്ളപ്പൊക്കത്തിൽ മരിച്ചത്. അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് ധുബ്രിയിൽ രണ്ടുപേരും ഗോൾപാറ, ഗോലാഘട്ട്, ശിവസാഗർ, സോണിത്പൂർ എന്നിവിടങ്ങളിൽ ഓരോരുത്തരുടെയും മരണമാണ് അവസാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ബ്രഹ്മപുത്രയും അതിൻ്റെ പല പോഷകനദികളും, ബരാക്, കുഷിയറ നദികളും വിവിധ സ്ഥലങ്ങളിൽ ഇപ്പോഴും അപകടനിലയ്‌ക്ക് മുകളിലാണ് ഒഴുകുന്നതെന്നാണ് വിവരം.
സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിൽ നിന്ന് നേരിയ പുരോഗതിയുണ്ടായെങ്കിലും പ്രളയക്കെടുതി വിട്ടുമാറിയിട്ടില്ല. അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം 27 ജില്ലകളിലെ 3,154 ഗ്രാമങ്ങൾ സമീപകാലത്തുണ്ടായ വെള്ളപ്പൊക്കത്തിൽ മുങ്ങിയത് കാരണം 18 ലക്ഷത്തോളം പേരാണ് പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത്.
4901.05 ഹെക്‌ടർ കൃഷിഭൂമി വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോകുകയും 3.39 ലക്ഷം ആളുകളാണ് സംസ്ഥാനത്തെ 543 ദുരിതാശ്വാസ ക്യാമ്പുകളിലായി അഭയം പ്രാപിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിൽ ലഭിച്ച വിവരം അനുസരിച്ച് കാസിരംഗ നാഷണൽ പാർക്കിൽ ആറ് കാണ്ടാമൃഗങ്ങൾ ഉൾപ്പെടെ 137 വന്യമൃഗങ്ങളും പ്രളയത്തിൽ ചത്തു. രണ്ട് കാണ്ടാമൃഗങ്ങളടക്കം 99 മൃഗങ്ങളെ ഇതുവരെ രക്ഷപ്പെടുത്തിയതായും ദേശീയ പാർക്ക് അധികൃതർ അറിയിച്ചു.