ന്യൂഡല്‍ഹി : ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന് ജാമ്യം. സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത് ജൂണ്‍ ഒന്ന് വരെ. ജൂൺ രണ്ടിന് കെജ്‌രിവാള്‍ ജയിലിലേക്ക് തിരികെ മടങ്ങണമെന്നും കോടതിയുടെ നിര്‍ദേശം.
സുപ്രീം കോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് വരെ കെജ്‌രിവാളിന് ജാമ്യം അനുവദിക്കണമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വോട്ടെടുപ്പ് വരെ മാത്രം ജാമ്യം മതിയെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡിയുടെ അറസ്റ്റും പിന്നാലെ ഉണ്ടായ റിമാന്‍ഡും ചോദ്യം ചെയ്‌ത് അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. നേരത്തെ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയതോടെയാണ് കെജ്‌രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ഹര്‍ജിയില്‍ വാദം നടക്കവെ, പുറത്തിറങ്ങുന്ന കെജ്‌രിവാളിനോട് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്‌ക്കരുത് എന്ന് നിര്‍ദേശിക്കണമെന്ന് ഇഡിയ്‌ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌വി രാജുവും സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേ കേസില്‍ നേരത്തെ ജാമ്യം ലഭിച്ച എഎപി നേതാവ് സഞ്ജയ് സിങ്ങിനോടും കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന് കോടതി വിലക്കുകയുണ്ടായി.
തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ എഎപി നേതാവിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രി ആണെന്നും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. 'ഇതൊരു അസാധാരണ സാഹചര്യമാണ്. ഒരു സ്ഥിരം കുറ്റവാളിയെ പോലെയല്ല അദ്ദേഹം. അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്നതാണ് തെരഞ്ഞെടുപ്പ്. നാലോ ആറോ മാസം കൂടുമ്പോള്‍ നടക്കുന്ന വിളവെടുപ്പ് പോലെയല്ല അത്.' -കോടതി പറഞ്ഞു.
അതേസമയം മദ്യനയ കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കാനുള്ള സുപ്രീം കോടതി നിര്‍ദേശത്തെ എതിര്‍ത്ത് ഇഡി ഇന്നലെ (മെയ് 9) സത്യവാങ്‌മൂലം സമര്‍പ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള അവകാശം മൗലിക അവകാശമല്ലെന്നും രാഷ്‌ട്രീയക്കാര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടെന്നും ചിലര്‍ വിജയിച്ചിട്ടുണ്ടെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കേണ്ടതുണ്ടെന്ന കാരണം കാണിച്ച് ഇടക്കാല ജാമ്യം അനുവദിക്കരുതെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടു.
കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുമെന്ന് ഇക്കഴിഞ്ഞ ബുധനാഴ്‌ച സുപ്രീം കോടതി സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇടക്കാല ജാമ്യം അനുവദിച്ചാല്‍ മുഖ്യമന്ത്രി എന്ന നിലയിലുള്ള ചുമതലകള്‍ നിര്‍വഹിക്കാന്‍ കെജ്‌രിവാളിന് അനുവാദമില്ലെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. അതേസമയം കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യം എതിര്‍ത്ത ഇഡി നിലപാടിനെ ചോദ്യം ചെയ്‌ത് ആം ആദ്‌മി പാര്‍ട്ടി രംഗത്തെത്തി. ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം നടത്തി രണ്ട് വര്‍ഷം പിന്നിട്ടിട്ടും തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് ആം ആദ്‌മി പാര്‍ട്ടി കുറ്റപ്പെടുത്തി.