ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം. ഡല്‍ഹിയില്‍ റൂസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യ തുകയായി ഒരു ലക്ഷം രൂപ കെട്ടിവയ്‌ക്കണം. അറസ്റ്റിലായി നാളെ (ജൂണ്‍ 21) മൂന്ന് മാസം തികയാനിരിക്കേയാണ് മുഖ്യമന്ത്രി പുറത്തിറങ്ങുന്നത്. ജാമ്യം നല്‍കിയ ഉത്തരവ് റദ്ദാക്കണമെന്ന് ഇഡി ആവശ്യം കോടതി തള്ളി.
അതേസമയം ചില ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. അന്വേഷണത്തെ തടസപ്പെടുത്തുകയോ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത്. കോടതി ആവശ്യപ്പെടുമ്പോഴെല്ലാം തന്നെ ഹാജരകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മാര്‍ച്ച് 21നാണ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്‌തത്. ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലായിരുന്നു അറസ്റ്റ്.
പ്രതികരണവുമായി മന്ത്രി അതിഷി: സത്യം എല്ലായ്‌പ്പോഴും ജയിക്കുമെന്ന് ജാമ്യത്തിന് പിന്നാലെ ഡല്‍ഹി മന്ത്രി അതിഷി പ്രതികരിച്ചു. സത്യത്തെ അപമാനിക്കാനാകും പക്ഷേ ഒരിക്കലും പരാജയപ്പെടുത്താനാകില്ല. ഇതാണ് ആം ആദ്‌മി പാര്‍ട്ടി എപ്പോഴും പറയാറുള്ളതെന്നും അതിഷി എക്‌സില്‍ കുറിച്ചു. ബിജെപിയുടെ ഇഡി നിരത്തിയ വാദങ്ങളെല്ലാം കോടതി തള്ളിയിരിക്കുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ബഹുമാനപ്പെട്ട കോടതി ജാമ്യം അനുവദിച്ചിരിക്കുന്നുവെന്നും മന്ത്രി എക്‌സില്‍ കുറിച്ചു.
Also Read: മദ്യനയ അഴിമതി കേസ്: കെജ്‌രിവാളിന് തിരിച്ചടി, ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി