ന്യൂഡൽഹി: തന്നെയും തന്‍റെ പാര്‍ട്ടിയിലെ നേതാക്കളെയും ബിജെപിയിൽ ചേരാൻ നിർബന്ധിക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. എന്നാൽ തങ്ങൾ തെറ്റൊന്നും ചെയ്യാത്തതുകൊണ്ട് ബിജെപിയുടെ നിർബന്ധത്തിന് വഴങ്ങില്ലെന്നും കെജ്‌രിവാൾ വ്യക്തമാക്കി. ഡല്‍ഹിയില്‍ ഒരു സ്‌കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം (Arvind Kejriwal accused BJP for forcing him to join their party).
ആം ആദ്‌മി എംഎൽഎമാരെ പണം നൽകി വിലയ്‌ക്കെടുക്കാൻ ബിജെപി ശ്രമിച്ചെന്ന ആരോണത്തില്‍ തെളിവ് നല്‍കാന്‍ ഡൽഹി പോലീസിന്‍റെ നോട്ടീസ് ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് കെജ്‌രിവാളിന്‍റെ പരാമര്‍ശം.
"അവർക്ക് ഞങ്ങൾക്കെതിരെ എന്ത് ഗൂഢാലോചനയും നടത്താം, പക്ഷേ ഒന്നും സംഭവിക്കില്ല. ഞാൻ അവർക്കെതിരെ ഉറച്ചുനിൽക്കുകയാണ്, ഞാൻ കുമ്പിടാൻ പോകുന്നില്ല. 'വരൂ, ബിജെപിയിൽ ചേരൂ, ഞങ്ങൾ നിങ്ങളെ വെറുതെ വിടാം' എന്ന് അവർ പറയുന്നു. പക്ഷേ ഞാനൊരിക്കലും ചെയ്യില്ല. ഞങ്ങൾ എന്തിന് ബിജെപിയിൽ ചേരണം, നിങ്ങൾ ബിജെപിയിൽ ചേർന്നാൽ എല്ലാ പാപങ്ങളും പൊറുക്കപ്പെടും," കെജ്രിവാൾ പറഞ്ഞു (Kejriwal against BJP).
ആം ആദ്‌മി നേതാക്കൾക്കെതിരായ എല്ലാ കേസുകളും കളവാണെന്നും കെജ്‌രിവാൾ പിന്നീട് എക്‌സിൽ കുറിച്ചു.
"എന്തെങ്കിലും തെറ്റ് ചെയ്‌തിരുന്നെങ്കിൽ, കേസുകൾ അവസാനിപ്പിച്ചുകിട്ടിയ മറ്റുള്ളവരെപ്പോലെ ഞങ്ങളും ബിജെപിയിൽ ചേരുമായിരുന്നു, തെറ്റൊന്നും ചെയ്യാത്തപ്പോൾ ഞങ്ങൾ എന്തിന് ബിജെപിയിൽ ചേരണം? ഞങ്ങൾക്കെതിരെ ചുമത്തിയ എല്ലാ കേസുകളും കള്ളമാണ്, ഇന്നല്ലെങ്കിൽ നാളെ എല്ലാ കേസുകളും അവസാനിക്കും,"
അദ്ദേഹം എക്‌സിലെ പോസ്‌റ്റിൽ പറഞ്ഞു. ഡൽഹിയിലെ വികസന പ്രവർത്തനങ്ങൾ നിര്‍ത്തില്ലെന്നും ജീവിച്ചിരിക്കുന്നിടത്തോളം രാജ്യത്തിനും സമൂഹത്തിനും വേണ്ടിയുള്ള സേവനം തുടരുമെന്നും അദ്ദേഹം പറഞ്ഞു (AAP vs BJP).
അതേസമയം ഡൽഹിയിലെ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനും അവരെ കബളിപ്പിക്കാനുമുള്ള ശ്രമമാണെന്നിതെന്ന് ബിജെപി തിരിച്ചടിച്ചു. അന്വേഷണ ഏജൻസികളുടെ അന്വേഷണത്തെ കെജ്‌രിവാൾ ഭയപ്പെടുന്നു, അതിനാലാണ് കള്ളം പറയുന്നത്, ഡൽഹിയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും കബളിപ്പിക്കാനുമാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും അതിനാലാണ് നടക്കാത്ത കാര്യങ്ങളെക്കുറിച്ച് അദ്ദേഹം സ്വപ്‌നം കാണുന്നതെന്നും കെജ്‌രിവാളിൻ്റെ പരാമർശങ്ങളെ തള്ളിക്കൊണ്ട് ഡൽഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു.
ഡല്‍ഹി മന്ത്രിയുടെ വീട്ടില്‍ ക്രൈം ബ്രാഞ്ച്: ഏഴ് എംഎല്‍എമാരെ സ്വാധീനിക്കാന്‍ ബിജെപി ശ്രമിച്ചെന്ന ആം ആദ്‌മിയുടെ ആരോപണത്തിന് പിന്നാലെ ഡല്‍ഹി ക്രൈംബ്രാഞ്ച് സംഘം ഇന്ന് മന്ത്രിയും എഎപി നേതാവുമായ അതിഷിയുടെ വസതിയിലെത്തി നോട്ടീസ് നൽകിയിരുന്നു. ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ മന്ത്രി വീട്ടിലുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. അതിഷിയുടെ അഭാവത്തില്‍ ഓഫിസിലെ ഉദ്യോഗസ്ഥരാണ് ക്രൈംബ്രാഞ്ച് നോട്ടിസ് കൈപ്പറ്റിയത്.
ഇത് രണ്ടാമത്തെ പ്രാവശ്യമാണ് അന്വേഷണസംഘം നോട്ടിസ് നല്‍കാനായി അതിഷിയുടെ വസതിയിലേക്ക് എത്തുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു സംഘം മന്ത്രിയുടെ വസതിയില്‍ ആദ്യം എത്തിയത്.
ഡല്‍ഹിയില്‍ ബിജെപി ഓപ്പറേഷന്‍ ലോട്ടസ് 2.0 ആരംഭിച്ചെന്ന് ഒരു ആഴ്‌ച മുന്‍പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അതിഷി സിങ് ആരോപിച്ചിരുന്നു. പണം നല്‍കി എഎപി എംഎല്‍എമാരെ തങ്ങളുടെ വരുതിയിലാക്കാന്‍ കഴിഞ്ഞ വര്‍ഷവും ബിജെപി ശ്രമിച്ചിരുന്നു. എന്നാല്‍, അന്ന് പരാജയപ്പെടുകയാണ് ഉണ്ടായതെന്നായിരുന്നു അതിഷി സിങ് പറഞ്ഞത്.