ഡൽഹി : ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി 270 സീറ്റ് നേടിയാൽ തന്നെ അത് വലിയ കാര്യമാകുമെന്ന് ആം ആദ്‌മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ (Delhi Chief Minister Arvind Kejriwal). 370 സീറ്റുകൾ നേടുമെന്ന ബിജെപി നേതാക്കളുടെ അവകാശവാദത്തിനെതിരെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി പ്രവർത്തകർ പറയുന്നത് അസംബന്ധമാണ്. വിലക്കയറ്റവും, തൊഴിലില്ലായ്‌മയും, പെട്രോൾ വില വർധനവും രൂക്ഷമാകുന്ന സാഹചര്യത്തിൽ അവർക്ക് 270 സീറ്റുകൾ കിട്ടിയാൽ അത് തന്നെ വലിയകാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്‍റെ കാലതാമസം നേരിട്ട പ്രവർത്തനങ്ങളെയും അദ്ദേഹം വിമർശിച്ചു. കോൺഗ്രസ് കൃത്യസമയത്ത് മുൻകൈ എടുത്തിരുന്നെങ്കിൽ ഫലങ്ങൾ മികച്ചതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസും ആം ആദ്‌മി പാർട്ടിയും ഡൽഹിയിൽ സഖ്യം സ്ഥാപിച്ചിരുന്നു. മാത്രമല്ല ഹരിയാനയിലും, ഗുജറാത്തിലും ഇരു പാർട്ടികളും സഖ്യത്തിലാണ്.
പക്ഷേ ഇപ്പോൾ ഇരു പാർട്ടികൾക്കിടയിലും ചില ചലനങ്ങൾ നടന്നിട്ടുണ്ട്. പല പ്രവർത്തനങ്ങളും നേരത്തെെ നടക്കേണ്ടിരുന്നവയാണ് അതൊന്നും സമയത്തിന് നടന്നിട്ടില്ല. വേഗത്തിൽ പ്രവർത്തിച്ചിരുന്നെങ്കിൽ, മികച്ച ഫലം നേടാമായിരുന്നുവെന്ന് കെജ്‌രിവാൾ പറഞ്ഞു. ഇന്ത്യ സഖ്യത്തെ നയിക്കുന്ന കോൺഗ്രസാണ് എല്ലാത്തിനും ഉത്തരവാദി എന്ന് അദ്ദേഹം ആരോപിച്ചു.
കെജ്‌രിവാൾ "മൃദു ഹിന്ദുത്വം" പിന്തുടരുന്നു എന്ന ആരോപണത്തിനും അദ്ദേഹം മറുപടി നൽകി, അയോധ്യയിലെ ശ്രീരാമ ക്ഷേത്രം താൻ കുടുംബസമേതം സന്ദർശിച്ചെന്നും, അത് വിശ്വാസത്തിൻ്റെ വിഷയമാണെന്നും, ഭക്തി പ്രദർശിപ്പിക്കുന്നത് ഉചിതമല്ല എന്നും അദ്ദേഹം മറുപടി നൽികി. രാമ ക്ഷേത്രത്തിൽ എല്ലാവർക്കും വിശ്വാസമുണ്ട്, പക്ഷേ ശ്രീരാമൻ്റെ പേരിൽ ഒരിക്കലും വോട്ട് തേടരുത് എന്ന് കെജ്‌രിവാൾ പറഞ്ഞു.
എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിൻ്റെ (ഇഡി) സമൻസ് ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നും കെജ്‌രിവാൾ വിശദീകരിച്ചു. ഏജൻസിയുടെ നോട്ടിസുകൾ നിയമവിരുദ്ധമാണെന്ന് പറയാൻ കോടതിയിൽ പോകും എന്നും അദ്ദേഹം വ്യക്തമാക്കി.
"നിയമപരമായി ശരിയായത് ഞാൻ ചെയ്യും. ഇ ഡി (Enforcement Directorate) എനിക്കെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്‌തു. ഇനി കോടതി ഉത്തരവിനായി കാത്തിരിക്കണം. അവരുടെ സമൻസ് അയയ്ക്കുന്നത് ഇപ്പോൾ നാടകമായി മാറിയിരിക്കുന്നു."
പ്രതിപക്ഷ പാർട്ടികളെ ശിഥിലമാക്കാനും അവരെ ഭയപ്പെടുത്താനും സർക്കാരിനെ താഴെയിറക്കാനും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഇഡിയെ ഉപയോഗിക്കുകയാണെന്നും കെജ്‌രിവാൾ ആരോപിച്ചു. താൻ രാഷ്ട്രീയക്കാരനല്ല രാഷ്ട്രീയം ചെയ്യാനറിയില്ല എന്ന് അവകാശപ്പെട്ട കെജ്‌രിവാൾ, ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി വിതരണം തുടങ്ങിയ മേഖലകളിൽ ഡൽഹിയിലെ ആം ആദ്‌മി സർക്കാരിൻ്റെ നേട്ടങ്ങൾ എടുത്തു പറഞ്ഞു. രാജ്യത്തെ 140 കോടി ജനങ്ങൾക്ക് 11.5 ലക്ഷം കോടി രൂപ ചെലവഴിച്ച് വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങൾ സൗജന്യമായി നൽകാമെന്നും പ്രതിമാസം 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകാമെന്നും കെജ്‌രിവാൾ അവകാശപ്പെട്ടു.
Also read : ലോക്‌സഭ തെരഞ്ഞെടുപ്പ്; 8 സംസ്ഥാനങ്ങളുടെ കോർ ഗ്രൂപ്പ് യോഗം ബിജെപി ഇന്ന് ചേരും