ചണ്ഡീഗഢ് : ഷോപ്പിങ് മാളില്‍ ടോയ് ട്രെയിന്‍ മറിഞ്ഞ് 11 വയസുകാരന്‍ മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ടോയ് ട്രെയിനിന്‍റെ ഉടമകളായ സുനിൽ ചണ്ഡീഗഢ്, പുനീത് ഗുരുഗ്രാം എന്നിവരാണ് അറസ്റ്റിലായത്. 304 എ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ട്രെയിൻ ഓപ്പറേറ്റർ സൗരഭ് നേരത്തെ അറസ്റ്റിലായിരുന്നു.
ശനിയാഴ്‌ച (ജൂണ്‍ 22) ഉച്ചയോടെയാണ് ചണ്ഡീഗഢിലെ എലാൻ്റെ മാളില്‍ ടോയ് ട്രെയിന്‍ അപകടത്തില്‍ ഷഹബാസിന് പരിക്കേറ്റത്. ട്രെയിൻ മറിഞ്ഞ് കുട്ടിയുടെ തല തറയിൽ ഇടിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയായിരുന്നു മരണം.
അശ്രദ്ധമൂലമാണ് അപകടമുണ്ടായതെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. മാളിനുള്ളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. രണ്ട് കുട്ടികൾ മാത്രമാണ് ടോയ് ട്രെയിനിൽ ഉണ്ടായിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.