മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാനോട് പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ചയാള്‍ മാപ്പ് പറഞ്ഞു. ഭീഷണി സന്ദേശം അയച്ച അതേ മൊബൈൽ ഫോൺ നമ്പറിൽ നിന്ന് മുംബൈ ട്രാഫിക് പൊലീസിന് ക്ഷമാപണം ലഭിച്ചതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്‌ചയാണ് മുംബൈ ട്രാഫിക് കൺട്രോൾ റൂമിന്‍റെ വാട്‌സ്ആപ്പ് ഹെൽപ്പ് ലൈനിൽ വധ ഭീഷണി എത്തുന്നത്. സല്‍മാന്‍ ഖാന്‍ 5 കോടി രൂപ നല്‍കണമെന്നും അല്ലാത്തപക്ഷം കൊന്നുകളയുമെന്നുമായിരുന്നു ഭീഷണി. ഭീഷണിയെ നിസാരമായി കാണരുത് എന്നും സന്ദേശത്തിലുണ്ടായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"ഇത് നിസ്സാരമായി കാണരുത്. സൽമാൻ ഖാൻ ജീവിച്ചിരിക്കാനും ലോറൻസ് ബിഷ്‌ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ, സല്‍മാന്‍ ഖാന്‍ അഞ്ച് കോടി രൂപ നൽകണം. പണം നൽകിയില്ലെങ്കിൽ, സൽമാൻ ഖാന് ബാബ സിദ്ദിഖിയുടേതിനേക്കാള്‍ മോശമായ വിധി നേരിടേണ്ടിവരും." ഇപ്രകാരമാണ് ഭീഷണി സന്ദേശം. സന്ദേശത്തിന് പിന്നാലെ താരത്തിന്‍റെ സുരക്ഷയും വര്‍ദ്ധിപ്പിച്ചിരുന്നു.
കൃഷ്‌ണ മൃഗത്തെ വേട്ടയാടിയതുമായി ബന്ധപ്പെട്ട് സല്‍മാന്‍ ഖാന് അധോലോക ഗുണ്ട ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്ന് വധഭീഷണി നിലനില്‍ക്കുന്നുണ്ട്.
സല്‍മാന്‍ ഖാന്‍റെ സുഹൃത്തും രാഷ്‌ട്രീയ നേതാവുമായ ബാബ സിദ്ദിഖി വെടിയേറ്റ് മരിച്ചതിന് പിന്നാലെയാണ് സല്‍മാന്‍ ഖാനും ഭീഷണി എത്തിയത്. കഴിഞ്ഞ ഏപ്രിലിൽ സല്‍മാന്‍ ഖാന്‍റെ ബാന്ദ്രയുടെ വീടിന് പുറത്ത് ബിഷ്‌ണോയി സംഘാംഗങ്ങൾ വെടിയുതിർത്തതും വലിയ വാര്‍ത്തയായിരുന്നു.