ന്യൂഡല്‍ഹി: പുതിയ സര്‍ക്കാര്‍ രാജ്യത്തിന്‍റെ സുരക്ഷയ്‌ക്കായി പ്രതിജ്ഞാബദ്ധരായി വര്‍ത്തിക്കുന്നത് തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തീവ്രവാദം, കലാപം, മാവോയിസ്റ്റ് ആക്രമണങ്ങള്‍ എന്നിവയ്‌ക്കെതിരെയുള്ള പോരാട്ടം കടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായി രണ്ടാം തവണയും കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമിത് ഷാ.
ഉച്ചയ്‌ക്ക് 12 മണിയോടെയാണ് ഇന്ത്യയുടെ 32ാമത് ആഭ്യന്തര മന്ത്രിയായി അമിത് ഷാ ചുമതലയേറ്റത്. സ്ഥാനമേറ്റ മന്ത്രി ജമ്മു കശ്‌മീരിലെ ആക്രമണങ്ങള്‍ സംബന്ധിച്ച് നടത്തുന്ന നിര്‍ണായക യോഗത്തില്‍ പങ്കെടുക്കും. ആഭ്യന്തര മന്ത്രാലയത്തിലെയും ജമ്മു കശ്‌മീരിലെയും മുതിർന്ന ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുക്കുക. കശ്‌മീരിലെ നിലവിലെ സാഹചര്യം യോഗത്തിൽ ചർച്ച ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ഭരണകാലത്ത് ഭീകരവാദവും മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളും ഗണ്യമായി കുറഞ്ഞിരുന്നു. ഇത്തരം മാറ്റങ്ങളെല്ലാം കണക്കിലെടുത്താണ് അമിത് ഷായെ വീണ്ടും ആഭ്യന്തര മന്ത്രി സ്ഥാനത്തേക്ക് നിയമിച്ചത്.
Also Read: 'ജമ്മു കശ്‌മീരിലെ സായുധ സേനയെ പിന്‍വലിക്കും, ക്രമസമാധാനം പൊലീസിന് വിട്ടുനല്‍കും': അമിത് ഷാ