തെലങ്കാന: ഹൈദരാബാദില്‍ മോഷ്‌ടിച്ച ആംബുലന്‍സുമായി കള്ളന്‍ സാഹസിക യാത്ര നടത്തിയത് 150 കിലോമീറ്ററിലധികം. രണ്ട് ചെക്ക് പോസ്‌റ്റുകളും അതി സാഹസികമായി വെട്ടിച്ചാണ് മേഷ്‌ടാവ് ആംബുലന്‍സില്‍ കടന്നത്. തടയാന്‍ ശ്രമിച്ച പൊലീസുകാരനെയും ഇയാള്‍ ഇടിച്ചിട്ടു.
ഹൈദരബാദ് - വിജയവാഡ ദേശീയ പാതയില്‍ ഇന്ന് (07-12-2024) രാവിലെയാണ് സംഭവം. ഹയാത്‌നഗറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നാണ് 108 ആംബുലൻസുമായി മോഷ്‌ടാവ് കടന്നുക്കളഞ്ഞത്. രോഗിയെ ആശുപത്രിയിലാക്കിയ ശേഷം ആശുപത്രിയുടെ പ്രധാന ഗേറ്റിന് സമീപം വാഹനം പാർക്ക് ചെയ്‌തപ്പോഴാണ് ഇയാള്‍ ആംബുലന്‍സുമായി കടന്നത്. തുടര്‍ന്ന് സൈറണുമിട്ട് അതിവേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പൊലീസ് ഇതിനോടകം രാച്ചകൊണ്ട കമ്മിഷണറേറ്റിലേക്കും സൂര്യപേട്ട് ജില്ലാ സ്റ്റേഷനുകളിലേക്കും വയർലെസ് സന്ദേശം കൈമാറിയിരുന്നു. വിജയവാഡയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് ചിത്യാലയിൽ വച്ച് അസിസ്റ്റന്‍റ് സബ് ഇൻസ്പെക്‌ടർ (എഎസ്ഐ) ജോൺ റെഡ്ഡി തടയാന്‍ ശ്രമിച്ചു. എന്നാല്‍ ഇദ്ദേഹത്തെ ഇടിച്ചിട്ട ശേഷം ആംബുലന്‍സ് ചീറിപ്പായുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോണ്‍ റെഡ്ഡിയെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായി തുടരുകയാണ്.
ഈ സമയവും പൊലീസ് ആംബുലൻസിനെ പിന്തുടർന്നിരുന്നു. കോർലപഹാഡ് ടോൾ ഗേറ്റിൽ ഹൈവേക്ക് കുറുകെ ലോറികൾ നിർത്തിയിട്ട് വാഹനം തടയാന്‍ ശ്രമിച്ചു. എന്നാല്‍ കള്ളന്‍ ഇതും വെട്ടിച്ച് കടന്നുകളഞ്ഞു. ഒടുവിൽ സൂര്യപേട്ടില്‍ വച്ചാണ് കള്ളന്‍ പിടിയിലാകുന്നത്.
സൂര്യാപേട്ടിലെ തേക്കുമത്‌ലയ്ക്ക് സമീപം ആംബുലൻസ് റോഡ് മീഡിയനിൽ ഇടിച്ച് ഹൈവേയിൽ നിന്ന് കുറ്റിക്കാട്ടിലേക്ക് കയറുകയായിരുന്നു. രണ്ട് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് ഇയാല്‍ പൊലീസിന്‍റെ പിടിയിലാകുന്നത്. മോഷ്‌ടാവിന്‍റെ ക്രിമിനൽ പശ്ചാത്തലവും മറ്റ് കാര്യങ്ങളും പൊലീസ് അന്വേഷിച്ച് വരികയാണ്.